ബസ് തടഞ്ഞ് വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേര്‍ പിടിയില്‍
text_fieldsഓയൂര്‍: വാപ്പാലയില്നിന്നും മലയാറ്റൂര്‍ പള്ളിയിലേക്ക് തീർഥാടനത്തിന് പോയി മടങ്ങി വന്ന ബസ് തടഞ്ഞുനിര്‍ത്തി വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേര്‍ പിടിയില്‍.
ഓടാനാവട്ടം വാപ്പാല സുബിന് നിവാസില്‍ സുബിന് (29), സുഹൃത്തുക്കളായ ഉമ്മന്നൂര്‍ തുറവൂര്‍ പുളിക്കത്താഴതില് വിനീത ഭവനില്‍ ബിബിന്‍ (29), ഉമ്മന്നൂര്‍ വിലയന്തൂര്‍ മൈലാടുംപൊയ്ക ശരത്ത് ഭവനില്‍ ശരത്ത് ബാബു (29) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് പിടികൂടിയത്.
മലയാറ്റൂര്‍ പള്ളിയിലേക്ക് തീർഥാടനത്തിനുപോയ ബസില്‍ മദ്യപിച്ച് ബഹളംവെച്ചതിനെതുടര്‍ന്ന് സുബിനെ ബസില്‍ നിന്നിറക്കി വിട്ടിരുന്നു. ഇതിെൻറ വിരോധത്തിലാണ് ഇയാള്‍ സുഹൃത്തുക്കളുമായെത്തി വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

