ഓയൂർ: പൂയപ്പള്ളിയിൽ എഞ്ചിൻ ഊരുകൊണ്ടുപോയ ബൈക്ക് കടത്തിണ്ണയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി പഞ്ചായത്ത് ഓഫിസിന് സമീപം പ്രവർത്തിക്കുന്ന ജോർജുകുട്ടിയുടെ ചായക്കടയുടെ വരാന്തയിൽ ശനിയാഴ്ച രാവിലെയാണ് ബൈക്ക് കണ്ടെത്തിയത്.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഹീറോ ഹോണ്ട ബൈക്കിൻ്റെ എഞ്ചിൻ ഇളക്കിക്കൊണ്ടുപോയ ശേഷം കടവരാന്തയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഇവിടെ എഞ്ചിനില്ലാതെ ബൈക്ക് ശ്രദ്ധയിൽപെട്ടത്. രാവിലെ കടയുടമ ജോർജുകുട്ടി കട തുറക്കാനെത്തിയപ്പോഴാണ് വരാന്തക്കുള്ളിൽ എഞ്ചിനില്ലാത്ത ബൈക്ക് കണ്ടെത്തിയത്. വിവരം പൂയപ്പള്ളി പൊലീസിൽ അറിയിച്ചിട്ടുണ്ട്.