തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിൽ പോളിങ് 70.36 ശതമാനം
text_fieldsകുരീപ്പുഴ ഗവ.യു.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വിധിയെഴുത്ത് നടത്തിയ വോട്ടർമാരുടെ എണ്ണത്തിൽ ഇടിവ്. ഇത്തവണ 70.36 ശതമാനം വോട്ടർമാരാണ് ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയത്. ആകെ 22,71,343 വോട്ടർമാരിൽ 15,98,143 പേർ വോട്ട് രേഖപ്പെടുത്തിയതായാണ് ചൊവ്വാഴ്ച രാത്രി 8.30 വരെയുള്ള പ്രാഥമിക കണക്ക്. 2020ൽ 73.8 ശതമാനം പോളിങ് ആണ് ജില്ലയിൽ ആകെ രേഖപ്പെടുത്തിയത്. 2015ൽ 76.24 ശതമാനം വോട്ടിങ് ഉണ്ടായിരുന്നിടത്ത് നിന്നാണ് 10 വർഷങ്ങൾക്കിടയിൽ വലിയ ഇടിവ് ഉണ്ടായത്.
വനിതകൾ ആണ് വോട്ട് ചെയ്തവരിൽ കൂടുതൽ. 71.48 ശതമാനം ആണ് വനിത വോട്ടർമാരുടെ പോളിങ്. 8,71,942 വനിതകളാണ് വോട്ടുചെയ്തത്. 69.06 ശതമാനം പുരുഷന്മാരാണ് വോട്ട് ഇട്ടത്. ആകെ 7,26,195 പുരുഷന്മാർ വോട്ടിട്ടു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 26.09 ശതമാനം പോളിങ് രേഖപ്പെടുത്തി. ആറ് പേരാണ് വോട്ട് ചെയ്തത്. കൊല്ലം കോർപറേഷനിൽ 63.26 ശതമാനം ആണ് പോളിങ്. 2020ൽ 66.21 ശതമാനം പോളിങ് നടന്ന സ്ഥാനത്താണിത്. നഗരസഭകളിൽ പരവൂർ- 69.18, പുനലൂർ- 68.85, കരുനാഗപ്പള്ളി- 74.02, കൊട്ടാരക്കര- 66.19 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
അന്തിമ കണക്കെടുപ്പിൽ പോളിങ് ശതമാനത്തിൽ നേരിയ വ്യത്യാസം ഉണ്ടാകും. വോട്ടുയന്ത്രത്തിന്‍റെ തകരാർ, തിരക്ക് ഉൾപ്പെടെ കാരണങ്ങളാൽ ചൊവ്വാഴ്ച രാത്രി വരെയും ചിലയിടങ്ങളിൽ വോട്ടിങ് നീണ്ടു. രാത്രിയോടെയാണ് സ്വീകരണകേന്ദ്രങ്ങളിൽ വോട്ടുയന്ത്രങ്ങളും അനുബന്ധ സാമഗ്രികളും ഏൽപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്. കൊല്ലം കോർപറേഷനിലെ യന്ത്രങ്ങൾ തേവള്ളി ബോയ്സ് മോഡൽ എച്ച്.എസ്.എസിൽ ഒരുക്കിയ കേന്ദ്രത്തിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഇനി കൂട്ടലിന്‍റെയും കിഴിക്കലിന്‍റെയും പോളിങ് കുറഞ്ഞത് ആരെ ബാധിക്കും എന്നത് സംബന്ധിച്ച ആശങ്കയുടെയും മണിക്കൂറുകൾ.
കൂടുതൽ കരുനാഗപ്പള്ളി നഗരസഭയിൽ
കഴിഞ്ഞ തവണത്തെപോലെ പോളിങ് ശതമാനത്തിൽ മുന്നിൽ കരുനാഗപ്പള്ളി നഗരസഭയാണ്. ഇത്തവണ 74.02 ശതമാനമാണ് ഇവിടെ പോളിങ്. കഴിഞ്ഞ തവണ 79.71 ശതമാനത്തിൽ നിന്ന് വലിയ കുറവ് കരുനാഗപ്പള്ളിയിലും ഉണ്ടായിട്ടുണ്ട്. നഗരസഭകളിൽ കൊട്ടാരക്കരയിൽ ആണ് ഏറ്റവും കുറവ്. 66.19 ശതമാനം ആണ് അവിടെ പോളിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

