ആവേശത്തോടെ കൊടിയിറക്കം
text_fieldsതെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്നതിന് നിമിഷങ്ങള്‍ മുമ്പ് കുളത്തൂപ്പുഴ ടൗണിലെ കൊട്ടികലാശം
കുളത്തൂപ്പുഴ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ആവേശവും പ്രചരണത്തിലേക്ക് ആവാഹിച്ചെത്തിച്ച് മണിക്കൂറുകള്‍ നീണ്ട ശക്തിപ്രകടനത്തിനു പിന്നാലെ കൊട്ടിക്കലാശം.നാലു മണിയോടെ ഗ്രാമപ്രദേശങ്ങളിലെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് കുളത്തൂപ്പുഴ ടൗണിലേക്കെത്തിയ സ്ഥാനാര്‍ഥികളും വാഹനങ്ങളും നൂറുകണക്കിനു പ്രവര്‍ത്തകരും വാഹനങ്ങളും ചേര്‍ന്നതോടെ കുളത്തൂപ്പുഴ ടൗണ്‍ ജനസാഗരമായി മാറി. മുന്നണികളുടെ നേതൃത്വത്തില്‍ സംഘടിതമായി പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും വെവ്വേറെ അണി നിരന്ന് ശക്തി പ്രകടിപ്പിച്ചപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും തങ്ങളുടെ കരുത്ത് തെളിയിച്ചു കൊണ്ട് പ്രചരണ വാഹനങ്ങളുമായി രംഗത്തെത്തി.
അഞ്ചരയാകുമ്പോഴേക്കും മലയോര ഹൈവേയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടും വിധം പ്രവര്‍ത്തകര്‍ കുളത്തൂപ്പുഴ സെന്‍ട്രല്‍ ജംങ്ഷനില്‍ കേന്ദ്രീകരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് വാഹനങ്ങള്‍ കടത്തി വിട്ടത്. നിന്നു തിരിയാനാവാത്ത വിധം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളുമേന്തി പ്രവര്‍ത്തകര്‍ നിരന്നത് ഏറെ നേരം ഗതാഗത കുരുക്കിനിടയാക്കി. ആറു മണിയോടെ എസ്. എച്ച്. ഒ. ബി. അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ നിയന്ത്രിക്കുകയും കൊട്ടികലാശം അവസാനിപ്പിച്ച് പ്രകടനമായി പ്രവര്‍ത്തകര്‍ മടങ്ങുകയും ചെയ്തു. ഇനിയുള്ള മണിക്കൂറുകള്‍ നിർണായകമാണെന്നും അടിയൊഴുക്കുകളും അട്ടിമറികളും കണ്ടെത്തി തടയുന്നതിനും നിശബ്ദ പ്രചരണത്തിനു പുതിയ തന്ത്രങ്ങള്‍ മെനയുന്നതിനുമായി മുന്നണി നേതൃത്വത്തില്‍ വൈകുന്നേരം സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
പത്തനാപുരം: ഇനി നിശബ്ദ പ്രചാരണത്തിന്റെ ഒരു രാവും പകലും. പത്തനാപുരം, പിറവന്തൂർ, പട്ടാഴി, തലവൂർ,പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിൽ കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. പഞ്ചായത്തുകൾ അടിസ്ഥാനത്തിലാണ് പലയിടത്തും കൊട്ടിക്കലാശം നടന്നതെങ്കിലും പത്തനാപുരത്ത് മാർക്കറ്റ്, ടൗൺ സെൻട്രൽ, ടൗൺ നോർത്ത്, സൗത്ത്, കല്ലുംകടവ് എന്നിവിടങ്ങളിൽനിന്ന് സ്ഥാനാർഥികളും പ്രവർത്തകരും കൊട്ടിക്കലാശത്തിന് ഒത്തുകൂടി. നാലുമണി മുതൽ പ്രവർത്തകർ ടൗണിൽ തടിച്ചുകൂടി. കാഴ്ചക്കാരായി നാട്ടുകാരും ടൗണിന്റെ നാലുഭാഗവും നിറഞ്ഞു. എൽ.ഡി.എഫ് പ്രവർത്തകർ കൊട്ടാരക്കര റോഡ് തുടങ്ങുന്നിടത്തും യു.ഡി.എഫ് പ്രവർത്തകർ പുനലൂർ മൂവാറ്റുപുഴ റോഡിന്റെ ഭാഗത്തും മുഖാമുഖമായിനിന്ന് ആഹ്ലാദ നൃത്തം ചവിട്ടി കൊട്ടിക്കലാശം ആവേശമാക്കി.
റോഡിൽ ഗതാഗത തടസ്സമുണ്ടാകാതെ വാഹനങ്ങൾ കടത്തിവിടാൻ പൊലീസ് ഏറെ പണിപ്പെട്ടു. ഇടക്കിടെ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ വാക്ക് തർക്കമുണ്ടായെങ്കിലും ഇരുകൂട്ടരെയും പൊലീസ് ഇടപെട്ട് നിയന്ത്രിച്ചു.
പുനലൂർ: ഓരോ വോട്ടും അനുകൂലമാക്കാൻ, ശബ്ദമുഖരിതവും ആവേശവും ഉയർത്തിയ കൊട്ടിക്കലാശത്തോടെ പരസ്യപ്രചരണത്തിന് സമാപനമായി. ശേഷിക്കുന്ന മണിക്കൂറുകൾ ഓരോ വോട്ടും ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. തിങ്കളാഴ്ച പോളിങ് ബൂത്ത് ഒരുക്കലും വോട്ടർ സ്ലിപ് വിതരണവും മറ്റു പ്രവർത്തനങ്ങളിലും പ്രവർത്തകർ വ്യാപൃതരാകും. പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ, രണ്ടുമൂന്നു ദിവസമായി തുടരുന്ന വാഹനങ്ങളിലെ അനൗൺസ്മെന്റുകൾ തുടങ്ങിയ പരസ്യപ്രചരണങ്ങൾ ഞായറാഴ്ച വൈകീട്ട് അവസാനിപ്പിച്ചത് പരമാവധി ആവേശത്തോടെയായിരുന്നു.
വാർഡുകളുടെ മുക്ക്മൂലകളിൽ പലതവണ ചുറ്റിക്കിറങ്ങിയ സ്ഥാനാർഥികളും പ്രവർത്തകരും അവസാന സമയത്തോട് പ്രധാന കേന്ദ്രങ്ങളിൽ കേന്ദ്രീകരിച്ചു. നിരവധിയായ വാഹനങ്ങളുടേയും പ്രവർത്തകരുടേയും അകമ്പടിയോടെ റോഡ് ഷോ യോടെയായുരുന്നു സമാപനം. പുനലൂർ മുൻസിപ്പാലിറ്റിയിൽ 36 വാർഡുകളിലേയും പരസ്യപ്രചരണം ആവേശകരമായി. പട്ടണത്തോടനുബന്ധിച്ചുള്ള വാർഡുകളുടെ സ്ഥാനാർഥികളുടെ പ്രചാരണം ടൗണുകൾ കേന്ദ്രീകരിച്ച് ഒത്തുകൂടിയത് ശബ്ദകോലാമായി. ഒറ്റപ്പെട്ട ചെറിയ പ്രശ്നങ്ങൾ ഒഴിച്ചാൽ സമാധാനപരമായിരുന്നു. സമാധാനം ഉറപ്പാക്കാൻ എല്ലായിടത്തും പൊലീസ് ജാഗ്രത പാലിച്ചിരുന്നു. പ്രശ്നങ്ങൾ ഇല്ലാതെ പരസ്യപ്രചരണം അവസാനിച്ചത് എല്ലാവർക്കും ആശ്വാസമായി.
പുനലൂർ നഗരസഭയിലെ 36 വാർഡുകളിലെയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത് പുനലൂർ ഗവ.എച്ച്.എസ്.എസിലെ സ്ട്രോങ്ങ് റൂമിലാണ്. നാല് പൊലീസും ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെയും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണ കാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഒരു പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫിസറും ഫസ്റ്റ് പോളിങ് ഓഫിസറും റിസർവ് ഉദ്യോഗസ്ഥരും അടക്കം ആകെ 144 പോളിങ് ഉദ്യോഗസ്ഥരാണ് ഉണ്ടാവുക.
കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ബൂത്തിൽ ഡ്യൂട്ടിയിൽ ഉണ്ടാകും. പോളിങ് സാമഗ്രികൾ തിങ്കളാഴ്ച രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ കേന്ദ്രമായ പുനലൂർ ഗവ.എച്ച്.എസ്.എസിലെ ആറ് കൗണ്ടറുകളിലായി വിതരണം ചെയ്യും. വോട്ടെടുപ്പിന് ശേഷം ചൊവ്വാഴ്ച വൈകിട്ട് ആറ് മുതൽ പോളിങ് സാമഗ്രികൾ തിരികെ കൈപ്പറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

