ഉയരപ്പാത; പ്രതിഷേധം കനക്കുന്നു; കലക്ടർ സന്ദർശിച്ചു
text_fieldsജില്ല കലക്ടർ പറക്കുളത്ത് സന്ദർശനം നടത്തുന്നു
കൊട്ടിയം: ഉയരപ്പാത നിർമാണ രീതിക്കെതിരായ സമരം കൂടുതൽ സ്ഥലങ്ങളിൽ ആരംഭിച്ചതോടെ വിഷയത്തിൽ എന്ത് തീരുമാനം എടുക്കണം എന്ന് അറിയാതെ ജില്ല ഭരണകൂടവും ഹൈവേ അതോറിറ്റിയും.
മൈലക്കാട്ട് ഉയരപ്പാതയിൽ ഗർത്തം രൂപപ്പെടുകയും സർവിസ് റോഡ് തകരുകയും ചെയ്തതിന് പിന്നാലെ ഉയരപ്പാതയുടെ നിർമാണത്തിന് ഉപയോഗിച്ച ആർ.ഇ വാളിന്റെ കോൺക്രീറ്റ് സ്ലാബുകൾ പല സ്ഥലത്തും സർവിസ് റോഡിലേക്ക് നിലംപൊത്താൻ തുടങ്ങിയതാണ് ഇവർക്ക് തലവേദനയായത്.
മൈലക്കാട്ട് റോഡ് തകർന്നതോടെയാണ് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തമായത്. ചതുപ്പ് നിലങ്ങൾക്ക് സമീപം നിർമാണം നടത്തിയ ഇടങ്ങളിലാണ് വലിയ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. പറക്കുളത്ത് ആർ .ഇ വാളിൽ വിള്ളലും തള്ളലും രൂപപ്പെടുകയും അയത്തിൽ ജങ്ഷനിൽ കോൺക്രീറ്റ് സ്ലാബ് ഇളകിവീഴുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മണ്ണ് നിറച്ചുള്ള മേൽപ്പാല രീതിക്കെതിരെ പ്രക്ഷോഭവുമായി ജനം രംഗത്തെത്തിയത്.
വലിയ പ്രതിഷേധങ്ങൾ ഉണ്ടായ അയത്തിലും പറക്കുളത്തും വെള്ളിയാഴ്ച ഉച്ചയ്ക്ക് ജില്ല കലക്ടർ ദേവീദാസ് സന്ദർശനം നടത്തി. കരാർ കമ്പനിയുടെ ഉന്നതരും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു. പ്രശ്നപരിഹാരത്തിനായി ദേശീയപാത അതോറിറ്റിയുടെയും ജനപ്രതിനിധികളുടെയും സമരം നടത്തുന്ന സംഘടനകളുടെയും ഭാരവാഹികളെ ഉൾപ്പെടുത്തി സംയുക്ത യോഗം വിളിക്കുമെന്ന് കലക്ടർ പറഞ്ഞു.
പറക്കുളം ഭാഗത്ത് രാത്രികാലത്ത് നിർമാണം നടത്തുന്നത് തടയണമെന്ന് നാട്ടുകാർ കലക്ടറോട് ആവശ്യപ്പെട്ടു. ഉയര നിർമാണവുമായി ബന്ധപ്പെട്ട് വിദഗ്ധസമിതി ഉടൻ സ്ഥലം സന്ദർശിക്കുമെന്നാണ് പ്രതിഷേധക്കാർക്ക് അധികൃതർ ഉറപ്പ് കൊടുത്തിട്ടുള്ളത്.
അയത്തിൽ, ഉമയനല്ലൂർ, പറക്കുളം, കൊട്ടിയം എന്നിവിടങ്ങളിലാണ് ഇപ്പോൾ സമരം ശക്തമായി നടക്കുന്നത്. കൊട്ടിയത്ത് കഴിഞ്ഞ രണ്ടുമാസം മുമ്പ് സ്കൂട്ടർ യാത്രക്കാരുടെ പുറത്തേക്ക് ആർ.ഇ വാളിന്റെ സ്ലാബ് തകർന്നുവീഴുകയും സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഈ സംഭവം നടന്നപ്പോഴും ഇവിടെ പ്രതിഷേധം ശക്തമാവുകയും ആവശ്യമായത് ചെയ്യാമെന്ന് ഹൈവേ അതോറിറ്റി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ചാത്തന്നൂരിലും ഇതുപോലെ തന്നെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണിരുന്നു. മേവറത്ത് ചതുപ്പ് പ്രദേശത്ത് തോടിനു മുകളിലാണ് മണ്ണിട്ട് ഉയർത്തി ഉയരപ്പാത നിർമാണം നടന്നത്.
പറക്കുളത്ത് പറക്കുളം വയലിൽ നിന്ന് ഏറത്ത് ചിറയിലേക്ക് വെള്ളം ഒഴുകി പ്പോകുന്ന തോടിന് മുകളിലായാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. മണ്ണിട്ട് നിറച്ചുള്ള ഉയരപ്പാതയിൽ ആദ്യം വിള്ളൽ രൂപപ്പെട്ടത് പറക്കുളത്തായിരുന്നു. അന്നും കലക്ടർ സ്ഥലം സന്ദർശിച്ചെങ്കിലും ഏതോ മിശ്രിതം ഉപയോഗിച്ച് ഇവിടുത്തെ വിള്ളൽ അടക്കുകയായിരുന്നു. ഏകദേശം 200 മീറ്ററോളം നീളത്തിൽ ഇവിടെ റോഡ് വിണ്ടുകീറിയിരുന്നു.
മേവറം മുതൽ മൈലക്കാട് വരെ തൂണുകളിൽ ഉയരപ്പാത നിർമിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയർന്നു വന്നിട്ടുള്ളത്. മയ്യനാട്, ആദിച്ചനല്ലൂർ പഞ്ചായത്തുകളും തൂണുകളിൽ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. റോഡിനെതിരായ സമരത്തിൽ നിന്ന് അകന്നുനിന്ന എം.എൽ.എമാർ സമരവുമായി സഹകരിച്ച് തുടങ്ങിയത് വിവിധ ഇടങ്ങളിൽ സമരം നടത്തുന്നവർക്ക് ആശ്വാസമായിട്ടുണ്ട്.
തൂണുകളിൽ ഉയരപ്പാത നിർമിക്കണമെന്ന് ആവശ്യവുമായി ഉമയനല്ലൂർ, പറക്കുളം എന്നിവിടങ്ങളിൽ അനിശ്ചിതകാല റിലേ നിരാഹാര സമരവും കൊട്ടിയത്ത് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണയും നടത്തിവരികയാണ്. യാതൊരു പഠനവും നടത്താതെ കായലിൽ നിന്നെടുക്കുന്ന ഉപ്പുരസമുള്ള മണ്ണ് ഉപയോഗിച്ച് ദേശീയപാത നിർമിക്കുന്നതാണ് ഉയരപ്പാത തകരാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.
കുന്നുകളും മലകളും ഇടിച്ച് എടുക്കുന്ന മണ്ണ് ഉപയോഗിച്ച് ഉയരപ്പാത നിർമിച്ചിട്ടുള്ള സ്ഥലങ്ങളിൽ ബലക്ഷയം ഉണ്ടായിട്ടില്ല എന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞമാസം നാട്ടുകാരുടെ പരാതിയെ തുടർന്ന് കലക്ടർ അയത്തിൽ ജങ്ഷനിൽ സന്ദർശനം നടത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. തൂണുകളിൽ ഉയരപ്പാത നിർമിക്കുംവരെ സമരം തുടരാനാണ് അയത്തിൽ, ഉമയനല്ലൂർ, പറക്കുളം, കൊട്ടിയം എന്നിവിടങ്ങളിൽ സമരം നടത്തുന്നവരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

