സ്കൂളുകളില്‍ ആരോഗ്യ- സുരക്ഷ പരിശോധന തുടങ്ങി
text_fieldsകുളത്തൂപ്പുഴയിലെ സ്കൂളുകളിലൊന്നിൽ ശൗചാലയങ്ങള്‍ കാടുമൂടിയനിലയില്‍
കുളത്തൂപ്പുഴ: അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ കുളത്തൂപ്പുഴയിലെ സ്കൂളുകളിൽ ആരോഗ്യ-സുരക്ഷ പരിശോധനക്ക് തുടക്കമായി.
കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന. നിലവിൽ സ്കൂളുകളിലെ ശുചിത്വ സംവിധാനം, മാലിന്യസംസ്കരണം, കുടിവെള്ള സ്രോതസ്സുകളുടെ നിലവാരം, കുട്ടികള്‍ക്ക് നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകള്‍ സംബന്ധിച്ച അധ്യാപകര്‍ക്കുള്ള പരിശീലനം, പാചകത്തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, വ്യക്തിശുചിത്വം, മാനസികമായി ജോലിചെയ്യാന്‍ പ്രാപ്തരാണോ എന്ന് ഡോക്ടര്‍ പരിശോധിച്ച് വിലയിരുത്തല്‍, സ്കൂളിന്‍റെ ചുറ്റുപാടുകളിൽ ഇഴജന്തുക്കളുടെ സാന്നിധ്യണില്ലെന്ന് ഉറപ്പുവരുത്തല്‍, സ്കൂള്‍ പരിസരം മാലിന്യമുക്തമാണോയെന്ന് ഉറപ്പുവരുത്തൽ തുടങ്ങിയവയാണ് ആരോഗ്യ വകുപ്പ് പരിശോധിക്കുന്നത്.
പ്രദേശത്തെ പല സ്കൂളുകളുടെയും പരിസരം കാടുമൂടിയ നിലയിലായതിനാൽ ഇഴജന്തുക്കള്‍ ക്ലാസ് മുറികളിലെത്താന്‍ സാധ്യയുള്ളതായും ക്ലാസ് മുറികളിലെ വെളിച്ചക്കുറവ് വിദ്യാർഥികളെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും കണ്ടെത്തി. ഇതുസംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ക്കും ഗ്രാമപഞ്ചായത്തിനും വിവരം നൽകി.
ഇത്തരം പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിച്ചാലേ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടി സ്കൂള്‍ തുറക്കാന്‍ കഴിയൂ. കിണറുകളിലെ കുടിവെള്ളം ശേഖരിച്ച് അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ അധികൃതര്‍ കരുതണമെന്നും നിര്‍ദേശം നല്‍കി. കുളത്തൂപ്പുഴ ആരോഗ്യകേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സന്തോഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ആർ. അരുൺ കുമാർ, ബോബി ചെറിയാൻ, വിഷ്ണു സാഗർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

