ലഹരി വ്യാപാരം: 96 കേസുകളിലായി ജില്ലയിൽ പിടിയിലായത് 151 പേർ
text_fieldsകൊല്ലം: കഴിഞ്ഞ വർഷം ജില്ലയിലെ ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യ്ത 96 കേസുകളിൽ പിടിയിലായത് 151 പേർ. ഗ്രാമിന് ഏകദേശം 5000 രൂപ വരെ വില മതിക്കുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ 409.255 ഗ്രാമും കിലോഗ്രാമിന് 40,000 രൂപ വരെ വില വരുന്ന 81.009 കിലോഗ്രാം കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്. ഇത്തരത്തിൽ ഏകദേശം അമ്പത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് കഴിഞ്ഞവർഷം ജില്ലയിൽനിന്ന് പിടികൂടാനായത്.
ആകെ 96 കേസുകൾ രജിസ്റ്റർ ചെയ്തതിൽ വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് 14 കേസുകളും ഇടത്തരം അളവിൽ മയക്കുമരുന്ന് കൈവശംവെച്ചതിന് 22 കേസുകളും ചെറിയ അളവ് കേസുകൾ 60 എണ്ണവും ഉൾപ്പെടുന്നു.
2024 ആഗസ്റ്റ് 23ന് മയ്യനാട് കണ്ടച്ചിറ സ്വദേശി വിനേഷ് (42) നെ കൊല്ലം ബീച്ചിന് സമീപത്തു നിന്ന് 94.513 ഗ്രാം എം.ഡി.എം.എയുമായി കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയതാണ് ജില്ലയിൽ കഴിഞ്ഞവർഷം പൊലീസ് നടത്തിയ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട.
ഏകദേശം അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് അന്ന് പിടികൂടിയത്. ഓച്ചിറ സ്കൈലാബ് ജങ്ഷന് സമീപം ഓച്ചിറ പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 30 കിലോ കഞ്ചാവ് പിടികൂടിയതാണ് കൊല്ലം സിറ്റി പൊലീസ് നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ട.
ഇതുമായി ബന്ധപ്പെട്ട് നീണ്ടകര സ്വദേശി കുമാർ(28), ചവറ മടപ്പള്ളി സ്വദേശി ഷൈബുരാജ് (35), ചവറ തോട്ടിന് വടക്ക് സ്വദേശികളായ വിഷ്ണു (26), ജീവൻ ഷാ(29), പന്മന സ്വദേശി പ്രമോദ്(32) എന്നിവരെ പിടികൂടിയിരുന്നു.
ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കയറ്റുമതി ചെയ്യാൻ സഹായിക്കുന്ന ഒഡിഷ സ്വദേശി നാബാ കിഷോറിനെയും ഓച്ചിറ പൊലീസ് ഒഡിഷയിലെത്തി പിടികൂടിയിരുന്നു.
ആഗസ്റ്റ് 30ന് കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി രാഹുലിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരു കേന്ദ്രീകരിച്ച് കേരളമടക്കമുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് വ്യാപാരം നടത്തിവന്ന നൈജീരിയ സ്വദേശി ഒക്കുവ്ഡ്ലി മിമ്രിയെ ബംഗളൂരുവിൽനിന്ന് പിടികൂടാനായത് മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ജില്ല പൊലീസ് നടത്തിയ സുപ്രധാന നീക്കമായിരുന്നു.
ഈ കേസിൽ ഇവരെ കൂടാതെ കൂട്ട് പ്രതികളായ ബംഗളൂരു സ്വദേശി ഇഷാ അബ്ദുൽ നാസർ, ആലുംകടവ് സ്വദേശി സുജിത് എന്നിവരെയും പിന്നീട് പിടികൂടിയിരുന്നു. 2024 ആഗസ്റ്റ് 20ന് 4.120 കിലോ ഗ്രാം കഞ്ചാവ് സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ മാരിസെൽവനെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. ഇതുൾപ്പെടെ ഇതര സംസ്ഥാനക്കാരായിട്ടുള്ള അഞ്ച് പ്രതികളെയാണ് ജില്ലയിൽ വിവിധ മയക്കുമരുന്ന് കേസുകളിലായി കഴിഞ്ഞവർഷം പൊലീസ് അറസ്റ്റ് ചെയ്യ്തത്.
നാല് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദിനാട് സ്വദേശിനി അശ്വതി (28), എറണാകുളം സ്വദേശിനി ആര്യ (26), കൊട്ടിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ണൂർ സ്വദേശിനി ആരതി (30), പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 1.40 ഗ്രാം എം.ഡി.എം.എ പിടികൂടിയതുമായി ബന്ധപ്പെട്ട് സീരിയൽ നടി ഷംനത്ത് (34) എന്നിവരാണ് ഈ വർഷം എൻ.ഡി.പി.എസ് കേസുകളിൽ പിടിയിലായ യുവതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

