ചടയമംഗലം തോൽവി; സി.പി.ഐ വിഭാഗീയതയെന്ന് ആരോപണം
text_fieldsചടയമംഗലം: ഇടതിന്റെ കോട്ടയായ ചടയമംഗലത്തെ തോൽവിയിൽ മുന്നണിയിലും പാർട്ടിയിലും പൊട്ടിത്തെറിയുടെ സൂചനകൾ. സി.പി.ഐക്കുള്ളിലെ വിഭാഗീയതയാണ് പരാജയത്തിലേക്ക് നയിച്ചതെന്ന ആരോപണം ഇതിനകം ഉയർന്നുകഴിഞ്ഞു. മണ്ഡലത്തിലെ ഒമ്പതിൽ ഏഴ് പഞ്ചായത്തും യു.ഡി.എഫിനൊപ്പം നിന്നപ്പോൾ ചടയമംഗലവും കടക്കലും എൽ.ഡി.എഫിനൊപ്പം നിന്നത് ഇതിലും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്താതെ രക്ഷിക്കുകയായിരുന്നു. നിലവിലെ എം.എൽയും മന്ത്രിയുമായ ജെ. ചിഞ്ചു റാണിയെ 7486 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർഥിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ എം.എം. നസീർ തോൽപിച്ചത്.
ജില്ലയിലെ കിഴക്കൻ മേഖലയിലെ ചെങ്കോട്ട എന്നറിയപ്പെടുന്ന മണ്ഡലമാണ് സി.പി.ഐക്ക് നഷ്ടമായത്. 2001ൽ മാത്രമാണ് കോൺഗ്രസിലെ പ്രയാർ ഗോപാലകൃഷ്ണൻ വിജയിച്ചത്. ഇക്കുറി യു.ഡി.എഫിന് 68281, എൽ.ഡി.എഫിന് 60795, ബി .ജെ .പി 20971, എസ്.ഡി.പി.ഐ 1674 വോട്ടുകളാണ് മണ്ഡലത്തിൽ ലഭിച്ചത്. വെളിനല്ലൂർ പഞ്ചായത്തിൽ 1272, ഇളമാട് പഞ്ചായത്തിൽ 1380 , നിലമേൽ പഞ്ചായത്തിൽ 1731, കുമ്മിൾ പഞ്ചായത്തിൽ 161, ഇട്ടിവ പഞ്ചായത്തിൽ 610, അലയമൺ പഞ്ചായത്തിൽ 2486, ചിതറ പഞ്ചായത്തിൽ 2035 വോട്ടുകളാണ് യു.ഡി.എഫ് ലീഡ് ചെയ്തത്. ചടയമംഗലം പഞ്ചായത്തിൽ എൽ.ഡി.എഫിന് 435, കടയ്ക്കൽ പഞ്ചായത്തിൽ 1681 വോട്ടുകളാണ് ലീഡ് ലഭിച്ചത്.
2021ൽ മണ്ഡലതലത്തിൽ തെരഞ്ഞെടുപ്പ് പാനലിൽ ഒന്നാം പേരുകാരനായ അന്നത്തെ മണ്ഡലം സെക്രട്ടറി എ. മുസ്തഫയെ തഴഞ്ഞാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരം ദേശീയ കൗൺസിൽ അംഗവുമായ ജെ. ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കിയത് . ഇതിനെതിരെ ചടയമംഗലത്ത് ഒരു വിഭാഗം വലിയ രീതിയിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. വർഷങ്ങളായി ചടയമംഗലത്ത് സി.പി.ഐക്കുള്ളിൽ വിഭാഗീയത കടുത്തുവരികയായിരുന്നു. ഇതേതുടർന്ന് വിവിധ മേഖലകളിൽനിന്നും 800ഓളം പേർ സി.പി.ഐ വിട്ടിരുന്നു. ഇവർ സി.പി.എമ്മിൽ അംഗത്വമെടുക്കുകയും ചെയ്തു.
എന്നാൽ, ജില്ലയിലെ തന്നെ മുതിർന്ന നേതാവായ മുസ്തഫ സി.പി.ഐ വിട്ട് ആർ.എസ്.പിയിൽ ചേർന്നു. മുസ്തഫയുടെ നേതൃത്വത്തിൽ ഇക്കുറി ചടയമംഗലം മണ്ഡലത്തിൽ യു.ഡി.എഫിന് പ്രചരണത്തിന് മേൽനോട്ടം വഹിച്ചിരുന്നു.10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, ഒമ്പത് ബ്ലോക്ക്/പഞ്ചായത്ത് അംഗങ്ങൾ, 11 സഹകരണ ബാങ്ക് ഡയറക്ടർമാർ ഉൾപ്പെടെയാണ് പാർട്ടിവിട്ടത്. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ മിക്ക പഞ്ചായത്തുകളിലും എൽ.ഡി.എഫിന് വലിയ തോൽവിയാണ് സംഭവിച്ചിരുന്നത്. ജില്ല അസിസ്റ്റന്റ് സെക്രട്ടറിയായ സാം കെ. ഡാനിയലിലായിരുന്നു ചടയമംഗലം മണ്ഡലത്തിൽ ഇലക്ഷന്റെ ചുമതല. എന്നാൽ വേണ്ടത്ര ഇടപെടലുകൾ മണ്ഡലത്തിൽ ഇദേഹം നടത്തിയിട്ടില്ലെന്നും അണികൾക്കുള്ളിൽ ആക്ഷേപം ഉയരുന്നു. കടുത്ത വിഭാഗീയത മൂലമാണ് പാർട്ടി വോട്ടുകൾ പോലും ഒത്തൊരുമിപ്പിക്കാൻ കഴിയാത്ത വിധം ചടയമംഗലത്ത് വലിയ തോൽവിക്ക് കാരണമായതെന്ന് ആരോപണം ആണ് ഉയർന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

