ബ്ലൂകാർപെറ്റ് വരവേറ്റു, ഇന്റർനാഷനൽ ബൂത്തിലേക്ക്
text_fieldsഇൻഫന്റ് ജീസസ് സ്കൂളിലെ ഇന്റർനാഷനൽ മാതൃക പോളിങ് ബൂത്തിൽ മാതാവ് വോട്ട് ചെയ്യുമ്പോൾ കിഡ്സ് ഏരിയയിൽ
കളിക്കുന്ന കുട്ടി
കൊല്ലം: തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ വോട്ടുചെയ്യാൻ എത്തിയ കൊല്ലം മണ്ഡലത്തിലെ വോട്ടർമാർക്ക് കിട്ടിയത് ‘ബ്ലൂ കാർപെറ്റ്’ സ്വീകരണം. ഇന്റർനാഷനൽ സ്റ്റാൻഡേർഡ് അനുസരിച്ചുള്ള രണ്ട് ബൂത്തുകളുമായി ഇത്തവണ ജില്ലയിലെ ബൂത്തുകളിലെ താരമായി മാറിയത് കൊല്ലം മണ്ഡലത്തിലെ ഈ പോളിങ് സ്റ്റേഷനാണ്.
മികവുറ്റ സൗകര്യങ്ങളൊരുക്കാമോ എന്ന ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ എൻ. ദേവിദാസിന്റെ ചോദ്യത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് സ്കൂൾ അധികൃതർ ‘വേറെ ലെവൽ’ ബൂത്ത് ഒരുക്കിയപ്പോൾ വോട്ടർമാർക്കും ആശ്വാസം. സർക്കാരിൽനിന്ന് പണം വാങ്ങാതെ സ്കൂൾ പ്രിൻസിപ്പൽ ഫാ. സിൽവി ആന്റണിയുടെ നേതൃത്വത്തിൽ ആണ് വിവിധ സൗകര്യങ്ങൾ പോളിങ് സ്റ്റേഷനിൽ ഒരുക്കിയത്. പോളിങ് സ്റ്റേഷനിലേക്ക് കയറാനുള്ള വഴി തന്നെ ബ്ലൂ കാർപെറ്റ് വിരിച്ച് മനോഹരമാക്കി. സ്വീകരിക്കാൻ സ്കൂൾ അധ്യാപകർ വഴിയോരത്ത് കാത്തുനിന്നു.
സ്കൂളിന്റെ പ്ലേസ്കൂൾ കെട്ടിടത്തിലെ സൗകര്യങ്ങൾ മുഴുവൻ വോട്ടിങ്ങിനെത്തിയ കുട്ടികൾക്ക് സമയം ചെലവഴിക്കാനുള്ള കിഡ്സ് ഏരിയയാക്കി മാറ്റിയതായിരുന്നു ഹൈലൈറ്റ്. ഇവിടെ സ്കൂൾ അധ്യാപകരും ആയമാരും കുട്ടികളെ നോക്കാനുള്ള ജോലിയും ഏറ്റെടുത്തു. വോട്ടർമാർക്ക് വെയിൽകൊള്ളാതെ കാത്തിരിക്കാൻ മൂന്ന് വെയിറ്റിങ് റൂമും സംശയം തീർക്കാൻ ഹെൽപ്ഡെസ്കും മുറ്റത്തൊരുക്കി. സൗജന്യമായി ചായയും നാരങ്ങവെള്ളവും സ്നാക്സുമെല്ലാം സ്കൂൾ തന്നെ ഒരുക്കിയിരുന്നു. ബൂത്തിനകത്ത് കൂളറുകള് ഒരുക്കാനും ചൂടുവെള്ളവും തണുത്ത വെള്ളവും നൽകാനും മറന്നില്ല.
ബൂത്ത് സന്ദർശനത്തിന് എത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി എസ്. ജയമോഹനും സ്കൂൾ അധികൃതർ ജനാധിപത്യ പ്രക്രിയക്ക് നൽകിയ പിന്തുണക്ക് പ്രിൻസിപ്പൽ സിൽവി ആന്റണിക്ക് അഭിനന്ദനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

