ഓടിക്കൊണ്ടിരുന്ന കാർ കത്തി
text_fieldsഅഞ്ചൽ: ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കാർ ഓടിച്ചിരുന്ന അഞ്ചൽ താന്നി വിളവീട്ടിൽ സിജു (26) രക്ഷപ്പെട്ടു. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. തടിക്കാടിന് സമീപം പാങ്ങലിൽ തിങ്കളാഴ്ച പകൽ രണ്ടരയോടെയാണ് സംഭവം. കരാറടിസ്ഥാനത്തിൽ ഹിറ്റാച്ചി, ജെ.സി.ബി, ടിപ്പർ മുതലായവയുടെ പ്രവൃത്തി ചെയ്തുവരുന്ന സിജു വർക് സൈറ്റിലേക്ക് പോയപ്പോഴാണ് കാറിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഒപ്പം ശ്വാസതടസ്സമുണ്ടാകുകയും ചെയ്തു.
നിയന്ത്രണംവിട്ട കാർ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കയറ്റി നിർത്തുകയായിരുന്നു. ഈസമയം കാറിൽനിന്ന് പുറത്തുചാടിയാണ് സിജു രക്ഷപ്പെട്ടത്. തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയ പരിസരവാസികൾ അവശനായ സിജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പുനലൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. അഞ്ചൽ പൊലീസ് മേൽനടപടിയെടുത്തു.

