വി.ഐ.പി മണ്ഡലത്തിൽ അത്ഭുതം പ്രതീക്ഷിക്കണോ?
text_fieldsപറവൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി വി.ഡി. സതീശൻ
പറവൂർ: രാജ്യത്ത് ആദ്യമായി വോട്ടിങ് യന്ത്രം പരീക്ഷിച്ച, പരമ്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമായ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അടിവേരുള്ള, പാലിയം സമര സ്മരണകൾ ഇരമ്പുന്ന പറവൂർ വീണ്ടുമൊരു തെരഞ്ഞെടുപ്പ് അങ്കത്തിന് തയാറെടുത്തു. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളെ മാറി മാറി സ്വീകരിച്ചിരുന്ന, പഴയ തിരുവിതാംകുറിന്റെ വടക്കേ അറ്റത്തെ പട്ടണമായ പറവൂർ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി യു.ഡി.എഫിനോടൊപ്പമാണ്.
എൽ.ഡി.എഫ് സ്ഥാനാർഥി ഇ.ടി. ടൈസൺ മാസ്റ്റർ,
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (യു.ഡി.എഫ്), ഇ.ടി. ടൈസൺ (എൽ.ഡി.എഫ്), വത്സല പ്രസന്നകുമാർ (എൻ.ഡി.എ) എന്നിവരാണ് ഇക്കുറി പടക്കളത്തിൽ. വി.ഡി. സതീശൻ തുടർച്ചയായി ആറാം തവണയും വിജയം ഉറപ്പിച്ചതായാണ് യു.ഡി.എഫ് അവകാശവാദം. രണ്ട് തവണയായി തൃശൂരിലെ കയ്പമംഗലം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടൈസണ് മൂന്നാം അങ്കമാണിത്. വത്സല പ്രസന്നകുമാർ നിയമസഭ തെരഞ്ഞെടുപ്പിൽ കന്നിക്കാരിയാണ്.
പറവൂർ നഗരസഭയും വരാപ്പുഴ, കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, പുത്തൻവേലിക്കര പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പറവൂർ മണ്ഡലം. നഗരസഭയും ആറ് പഞ്ചായത്തുകളും യു.ഡി.എഫ് ഭരണത്തിലാണ്. വടക്കേക്കര മാത്രമാണ് എൽ.ഡി.എഫ് നിയന്ത്രണത്തിലുള്ളത്. നാല് പഞ്ചായത്തുകൾ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിടിച്ചെടുത്തു. മൂന്ന് പതിറ്റാണ്ടിന് ശേഷം പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണവും കൈപ്പിടിയിലാക്കി. ഇതൊക്കെ തന്നെയാണ് യു.ഡി.എഫ് ഇത്തവണ കൂടുതൽ ആത്മവിശ്വാസം പുലർത്താൻ കാരണവും. ഇക്കുറി എൽ.ഡി.എഫിന് ജീവന്മരണ പോരാട്ടമാണ്. വി.ഡി. സതീശനെതിരെ മുമ്പ് പി. രാജു, കെ.എം. ദിനകരൻ, പന്ന്യൻ രവീന്ദ്രൻ, ശാരദ മോഹൻ, എം.ടി. നിക്സൺ എന്നിവരെ എൽ.ഡി.എഫ് മത്സര രംഗത്ത് ഇറക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
എൻ.ഡി.എ സ്ഥാനാർഥി വത്സല പ്രസന്നകുമാർ പ്രചാരണത്തിൽ
സതീശന്റെ ഭൂരിപക്ഷം ഓരോ തവണയും കൂടി 21,000ത്തിൽ എത്തി നിൽക്കുന്നു. തുടർച്ചയായി തോൽക്കുന്ന പറവൂർ സീറ്റ് ഏറ്റെടുക്കാൻ സി.പി.എം പല തവണ ശ്രമിച്ചെങ്കിലും സി.പി.ഐ വഴങ്ങിയില്ല. ഇത്തവണയും സി.പി.എം വലിയ സമ്മർദം ചെലുത്തിയിരുന്നു. സി.പി.ഐയിൽ വർഷങ്ങളായി നിലനിൽക്കുന്ന പടല പിണക്കങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്നതായാണ് സി.പി.എം വിലയിരുത്തൽ. സീറ്റ് ഏറ്റെടുത്ത് സർവ സമ്മതനായ സ്ഥാനാർഥിയെ മത്സരിപ്പിച്ചാൽ വിജയിക്കാനാകുമെന്നാണ് സി.പി.എം വിശ്വാസം. എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസാണ് പറവൂരിൽ മത്സരിച്ചുവന്നിരുന്നത്. ഇത്തവണ ബി.ജെ.പി സീറ്റ് ഏറ്റെടുത്ത് കോൺഗ്രസിൽ നിന്നെത്തിയ വത്സല പ്രസന്നകുമാറിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. ദേശീയപാത വികസനം, ചാത്തനാട് പാലം, ഗവ. കോളജ്, താലൂക്ക് ആശുപത്രി വികസനം, പറവൂരിൽ സ്റ്റേഡിയം തുടങ്ങിയ വിഷയങ്ങളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉയർന്നുവന്നത്. ഇവയിൽ പലതും അന്തിമ ഘട്ടത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും നല്ല റോഡുകൾ പറവൂരിലാണെന്നാണ് യു.ഡി.എഫ് അവകാശവാദം. എന്നാൽ, എം.എൽ.എയുടെ പരാജയവും സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണ നേട്ടങ്ങളും എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
വി.ഡി. സതീശൻ (യു.ഡി.എഫ്)
2001 മുതൽ തുടർച്ചയായി അഞ്ച് തവണ പറവൂരിൽനിന്ന് വിജയിച്ചു. കെ.എസ്.യു പ്രവർത്തകനായി രാഷ്ട്രീയ പ്രവർതത്തനമാരംഭിച്ച സതീശൻ എം.ജി യൂനിവേഴ്സിറ്റി ചെയർമാൻ, എൻ.എസ്.യു ദേശീയ സെക്രട്ടറി, ഡി.സി.സി സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡന്റ്, എ.ഐ.സി.സി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2011 മുതൽ 2016 വരെ നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാനും 2016 മുതൽ 2021 വരെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനുമായിരുന്നു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകുന്നതിന് മുമ്പ് ഹൈകോടതിയിൽ അഭിഭാഷകനായിരുന്നു. നെട്ടൂർ വടശേരിൽ പരേതരായ കെ. ദാമോദര മേനോന്റെയും വിലാസിനി അമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മിപ്രിയ. മകൾ: ഉണ്ണിമായ.
ഇ.ടി. ടൈസൺ (എൽ.ഡി.എഫ്)
കൈപ്പമംഗലം സ്വദേശി തോമസിന്റെയും ഗോതുരുത്ത് സ്വദേശിനി അനസ്തസ്യയുടേയും മകൻ. സാമൂഹിക പ്രവർത്തനങ്ങളിലും പൊതുപ്രവർത്തനങ്ങളിലും ചെറുപ്പം മുതൽ സജീവം. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അധ്യാപകനായി. കൊടുങ്ങല്ലൂരിലെ സാക്ഷരത പ്രസ്ഥാനത്തിന്റെ അമരക്കാരൻ. ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂർ മേഖല പ്രസിഡന്റ്, എടവിലങ്ങ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, എറിയാട് ബ്ലോക്ക് പഞ്ചായത്തംഗം, തൃശൂർ ജില്ലാ പഞ്ചായത്തംഗം, സി.പി.ഐ എടവിലങ്ങ് ലോക്കൽ സെക്രട്ടറി, കൊടുങ്ങല്ലൂർ മണ്ഡലം ജോയന്റ് സെക്രട്ടറി, കൈപ്പമംഗലം മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സുനിത ജോസ്. മക്കൾ അജിൻ തോമസ്, ആഷിൻ ടൈസൺ.
വത്സല പ്രസന്നകുമാർ (എൻ.ഡി.എ)
കോൺഗ്രസിലൂടെ പൊതുരംഗത്ത്. രണ്ട് തവണ പറവൂർ നഗരസഭ ചെയർപേഴ്സൺ. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 13 വർഷം നഗരസഭ കൗൺസിലർ. അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ്: ഡോ. എൻ. പ്രസന്ന കുമാർ. മക്കൾ: ഡോ. ശ്രീജ പി. കുമാർ, ജിതിൻ പി. കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

