തെരഞ്ഞെടുപ്പ് പരാജയം: കടുങ്ങല്ലൂരിലെ കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം
text_fieldsആലുവ: കടുങ്ങല്ലൂരിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഗ്രൂപ് യുദ്ധം വീണ്ടും സജീവം. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ താൽക്കാലിക വെടിനിർത്തലുണ്ടായെങ്കിലും തെരഞ്ഞടുപ്പുഫലം അനുകൂലമാകാതെ വന്നതോടെയാണ് ആരോപണ പ്രത്യാരോപണങ്ങളുമായി എ, ഐ വിഭാഗങ്ങൾ പോരാട്ടം തുടങ്ങിയത്.
തെരഞ്ഞെടുപ്പിൽ വൻ വിജയംനേടി പഞ്ചായത്തിൽ ഭരണം നേടാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ, ഉറപ്പുള്ള വാർഡുകളിൽ വരെ പ്രമുഖരടക്കം പരാജയപ്പെട്ടു. ഇടതിനും വലതിനും തുല്യസീറ്റുകൾ ലഭിച്ചപ്പോൾ ടോസിെൻറ ഭാഗ്യത്തിൽ മാത്രം പ്രസിഡൻറ് സ്ഥാനം നേടാൻ പാർട്ടിക്കായി. എന്നാൽ, വൈസ് പ്രസിഡൻറ് സ്ഥാനം എൽ.ഡി.എഫിനാണ് ലഭിച്ചത്.
കാലുവാരലാണ് പല സ്ഥാനാർഥികളുടെയും പരാജയത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. 2015ലെ തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനങ്ങൾ നടത്തിയതിനെത്തുടർന്ന് ചിലരെ പുറത്താക്കിയിരുന്നു. അക്കൂട്ടരെ ഈ തെരഞ്ഞെടുപ്പിനുമുമ്പ് തിരിച്ചെടുത്തു. ഇത്തരത്തിൽ പാർട്ടിയിൽ തിരിച്ചെത്തിയവരാണ് പാരവെച്ചതെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിനുമുമ്പ് മണ്ഡലം കമ്മിറ്റി യോഗം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചിലരെ പുറത്താക്കിയിരുന്നു. ഇവരും നേതാക്കളെ തോൽപിക്കുന്നതിൽ പങ്കാളികളായതായും ആരോപണമുണ്ട്. ഇതാണ് കടുങ്ങല്ലൂരിലെ പുതിയ വിവാദം.
തെരഞ്ഞെടുപ്പ് വിലയിരുത്താനും പുതിയ പഞ്ചായത്ത് ഭാരവാഹികൾക്ക് സ്വീകരണം ആലോചിക്കുന്നതിനും കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് സംയുക്ത മണ്ഡലം കമ്മിറ്റിയിൽ ഇത് ചൂടേറിയ ചർച്ചകൾക്ക് ഇടയാക്കി. മുപ്പത്തടം പ്രദേശത്തെ നാല് പഞ്ചായത്ത് വാർഡുകളിലും ഒരുബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും തിരിച്ചെത്തിയ നേതാവും കൂട്ടരും കോൺഗ്രസ് സ്ഥാനാർഥികളെ തോൽപിച്ചതായാണ് ആരോപണം.
ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച രണ്ട് മുതിർന്ന നേതാക്കൾ അവരവരുടെ വാർഡിലെ സ്ഥാനാർഥികളെ തോൽപിച്ചതായും ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇത്തരക്കാരെ പാർട്ടിയിൽ നിലനിർത്തികൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ല. നടപടിയില്ലെങ്കിൽ മറ്റ് മാർഗങ്ങൾ ആലോചിക്കുമെന്നും യോഗത്തിൽ ചിലർ ഭീഷണി മുഴക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ചിലർ സ്വയം പ്രസിഡൻറായി പ്രഖ്യാപിച്ചതും തോൽവിയുടെ ആക്കംകൂട്ടിയെന്ന് യോഗം വിലയിരുത്തി.
വർഗീയ പ്രസ്ഥാനങ്ങളുടെ കടന്നുകയറ്റം ചെറുക്കാൻ ശ്രമിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ഉന്നത നേതാവ് ഭാരവാഹികളോട് അഭ്യർഥിച്ചു. ഐ ഗ്രൂപ്പിലെ ഒരുവിഭാഗം യോഗത്തിൽനിന്ന് വിട്ടുനിന്നപ്പോൾ ഒരു വിഭാഗം പങ്കെടുത്തതും ചർച്ചയായിട്ടുണ്ട്. കുറെ മാസമായി കടുങ്ങല്ലൂർ പഞ്ചായത്തിൽ കോൺഗ്രസിൽ ഗ്രൂപ് പോര് രൂക്ഷമാണ്.
നേതൃത്വം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതായി മുതിർന്ന ഭാരവാഹി അറിയിച്ചു. യോഗത്തിൽ ഈസ്റ്റ് മണ്ഡലം പ്രസിഡൻറ് വി.ജി. ജയകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് വി.കെ. ഷാനവാസ്, വെസ്റ്റ് മണ്ഡലം പ്രസിഡൻറ് നാസർ എടയാർ, പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ, കെ.എസ്. താരാനാഥ്, ചമയം അബ്ദു, മുഹമ്മദ് അൻവർ, കെ.ജെ. ജോണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

