ഉജ്ജ്വലം ബാല്യം പുരസ്കാര നിറവിൽ നിള
text_fieldsപടന്ന: കല, സാഹിത്യം, കായികം, സാമൂഹികം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് സംസ്ഥാന വനിത-ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ ജില്ലതല 'ഉജ്ജ്വല ബാല്യം'പുരസ്കാരം ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിലെ ഏഴാം തരം വിദ്യാർഥിനി നിളക്ക്. പരിസ്ഥിതി സംരക്ഷണ ആശയങ്ങൾ പ്രചരിപ്പിച്ച് നിള നടത്തിയ യാത്ര ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജില്ല കലക്ടർ അധ്യക്ഷയായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
ഒന്നാം ലോക്ഡൗൺ കാലംതൊട്ട് നിള വീട്ടുപരിസരത്തെയും ഗ്രാമത്തിലെയും പരിസ്ഥിതി പ്രാധാന്യമുള്ള ഇടങ്ങൾ സ്പർശിച്ചുകൊണ്ട് നടത്തിയ 'നിളയുടെ യാത്രകൾ'എന്ന പേരിൽ മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോകൾ പതിനൊന്ന് എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. അച്ഛനാണ് യാത്രകൾ കാമറയിൽ പകർത്തിയത്.
തെൻറ ഗ്രാമമായ ഇടയിലെക്കാട്ടിലെ ജൈവവൈവിധ്യ സമ്പന്നമായ കാവ്, വംശനാശ ഭീഷണി നേരിടുന്ന ഓരിലത്താമര, കവ്വായിക്കായൽ, കണ്ടൽക്കാടുകൾ, കടലും കായലും കൈകോർത്തുനിൽക്കുന്ന വലിയപറമ്പ്, പണ്ടുകാലത്ത് വസൂരി ബാധിച്ച് മരണാസന്നരായ ആളുകളെ ജീവനോടെ തള്ളുന്ന കുരിപ്പാട്, നാട്ടുപൂക്കളം തുടങ്ങിയവയാണ് ഹരിതചിന്ത നിറഞ്ഞതാക്കി മാറ്റിയത്. നവമാധ്യമങ്ങളിലൂടെ പാരിസ്ഥിതിക ചിന്തകൾ നിറഞ്ഞ ഈ യാത്രകൾ കണ്ടറിഞ്ഞ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റിയുടെ 'യുറേക്ക'ഓൺലൈൻ ടെലിവിഷൻ 'നിളയുടെ യാത്രകൾ'സംപ്രേഷണം ചെയ്തിരുന്നു.
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറും ചെറുവത്തൂർ ബി.ആർ.സി ട്രെയിനറുമായ പി. വേണുഗോപാലെൻറയും നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രസീതയുടെയും മകളാണ്. സഹോദരൻ ഫിദൽ.