ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
text_fieldsമനോജ്
കാഞ്ഞങ്ങാട്: തിരുവോണദിവസം മകളെയും പത്ത് വയസ്സുകാരിയെയും ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കരിക്കെ ആനപ്പാറയിലെ കെ.സി. മനോജാണ് (48) അറസ്റ്റിലായത്. പാറക്കടവിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രാജപുരം പൊലീസ് ഇൻസ്പെക്ടർ രാജീവന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ട് ദിവസമായി പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു. പാണത്തൂർ പാറക്കടവിൽ അഞ്ചിന് രാവിലെ 10.30ഓടെയാണ് സംഭവം. പ്രതിയുടെ മകളായ കർണാടക കരിക്കെ സ്വദേശിനി കെ.എം. നീനുമോൾ (17), അമ്മാവൻ പാറക്കടവിലെ മോഹനന്റെ മകൾ എം. മനിയ (10) എന്നിവർക്ക് നേരെയായിരുന്നു ആസിഡാക്രമണമുണ്ടായത്. അമ്മാവന്റെ പാറക്കടവിലെ വീട്ടിലായിരുന്നു നീനു താമസിച്ചിരുന്നത്.
വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറിയ പ്രതി കൈയിൽ കരുതിയിരുന്ന ആസിഡ് കുട്ടികളുടെ ദേഹത്തൊഴിക്കുകയായിരുന്നു. കൈകാലുകൾക്കും മുഖത്തും ഉൾപ്പെടെ സാരമായി ഇവർക്ക് പൊള്ളലേറ്റിരുന്നു. ഇരുവരും ചികിത്സയിലാണ്. മകളും ഭാര്യയും പിണങ്ങി മാറിത്താമസിക്കുന്ന വിരോധമാണ് സംഭവത്തിന് കാരണം. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

