തീനാളം കവർന്നത് 16 ഭിന്നശേഷിക്കാർ നെയ്തെടുത്ത സ്വപ്നങ്ങൾ
text_fieldsതളിപ്പറമ്പ്: കടമുറി കത്തിയെരിയുമ്പോൾ ഉള്ളുരുകി തേങ്ങിയ കുറച്ചു പേർ ഇവിടെയുണ്ട്. 16 ഭിന്നശേഷിക്കാർ. തളിപ്പറമ്പിലെ ഭയാനകമായ തീപിടിത്തത്തില്‍ ഷാലിമാര്‍ സ്റ്റോര്‍ പൂര്‍ണമായും കത്തിയമര്‍ന്നപ്പോള്‍ അനാഥരാക്കപ്പെട്ടത് ഇവിടത്തെ തൊഴിലാളികളായ ഭിന്നശേഷിക്കാരായിരുന്നു. ജീവിതത്തിന്റെ പുറമ്പോക്കുകളിൽ ഒതുങ്ങുമായിരുന്ന ഒരു കൂട്ടം മനുഷ്യര്‍ക്ക് സ്വപ്നം കാണാനുള്ള ചിറക് നല്‍കിയത് ഈ സ്ഥാപനമായിരുന്നു. ചരിത്രത്തിലെ ഏറ്റവും ആദരണീയവും ശ്രദ്ധേയവുമായ ചുവടുവെപ്പിന് തുടക്കം കുറിച്ചത് ഷാലിമാര്‍ ഉടമയായ എം.പി. സലാമായിരുന്നു.
ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ജോലി നല്കുകയെന്നതായിരുന്നു അത്. അവരുടെ ശേഷി പരിഗണിക്കാതെ സ്വന്തമായി വരുമാനമുണ്ടാക്കാന്‍ കഴിയുന്ന തൊഴിലില്‍ പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം. സലാമിന്റെ അകാല മരണത്തെത്തുടര്‍ന്ന് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത സഹോദരങ്ങളായ മൊയ്തീനും മുഹമ്മദ് ബഷീറും സലാമിന്റെ മകന് സി.പി. ഷമലും അതേപാത പിന്തുടര്‍ന്നതോടെ ഒരുപറ്റം ഭിന്നശേഷിക്കാരായ യുവാക്കള്‍ക്ക് ജീവിത വിജയത്തിനാണ് വഴിയൊരുങ്ങിയത്.
ഭിന്നശേഷിക്കാരായ ഈ ജീവനക്കാരുടെ വരുമാനം നിരവധി കുടുംബങ്ങളുടെ അന്നമായിരുന്നു. ഒപ്പം അവരുടെ നിറമുള്ള സ്വപ്ന ലോകത്തിന്റെ വഴിയും. അതിനാല്‍ ഷാലിമാറിനെ തീ നാളങ്ങള്‍ വിഴുങ്ങിയതോടെ ഉടമകളോടൊപ്പം ഭിന്നശേഷിക്കാരായ തൊഴിലാളി കുടുംബങ്ങളും ആശങ്കയിലാണ്. പല രക്ഷിതാക്കളും മൊയ്തീനെയും മുഹമ്മദ് ബഷീറിനെയും വിളിച്ച് സങ്കടമറിയിക്കുകയായിരുന്നു. ആയുസ്സിലെ സ്വപ്നം കത്തിയമര്‍ന്നതിന്റെ വേദന ഉള്ളിലൊതുക്കി വരുമാനം നഷ്ടപ്പെടില്ലെന്ന് അവർക്ക് ഉറപ്പ് നല്‍കുകയാണ് ഇരുവരും. കീഴാറ്റൂര്‍ റോഡിലെ പുതിയ സ്ഥാപനത്തിലുള്‍പ്പെടെ പകരം ജോലി നല്‍കാനാണ് ഷാലിമാര്‍ അധികൃതര്‍ ശ്രമിക്കുന്നത്.
ഞാറ്റുവയലിലെ പി. ബദറുദ്ദീന്‍ 40 വര്‍ഷത്തോളമായി ഷാലിമാറിന്റെ സന്തത സഹചാരിയാണ്. സ്ഥാപനത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വിസ് വിഭാഗത്തിന്റെ മേല്‍നോട്ടം ബദറുദ്ദീനായിരുന്നു. 1986 മുതലുള്ള വരുമാന മാര്‍ഗമാണ് ബദറുദ്ദീന്‍ ഷാലിമാര്‍.
24 മുറികളിലായാണ് മൂന്ന് നില കെട്ടിടത്തില്‍ ഷാലിമാര്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ പുക വ്യാപിക്കാന്‍ തുടങ്ങിയതോടെ തന്നെ ജീവനക്കാരെയും ഉപഭോക്താക്കളെയും സ്ഥാപനത്തില്‍ നിന്ന് മാറ്റിയിരുന്നു. ബാഗും ഫോണും ഉള്‍പ്പെടെ ഉപേക്ഷിച്ചാണ് ഇവര്‍ ജീവനും കൊണ്ട് ഇറങ്ങിയോടിയത്. പത്ത് മിനിറ്റ് മുമ്പ് എത്തിച്ച പുതിയ സ്റ്റോക്കുള്‍പ്പെടെ സ്ഥാപനം പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. രണ്ട് കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. ദിന്നശേഷിക്കാർക്ക് തൊഴിൽ നൽകിയതിന്ന് സംസ്ഥാന സർക്കാറിന്റെ പുരസ്കാരം നേരത്തെ ഷാലിമാറിനെ തേടിയെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

