തലശ്ശേരി നഗരസഭ: ബി.ജെ.പി അംഗം പ്രശാന്ത് അയോഗ്യനായേക്കും
text_fieldsകെ. പ്രശാന്ത്
തലശ്ശേരി: തലശ്ശേരി നഗരസഭ തെരഞ്ഞെടുപ്പിൽ കോടിയേരി കൊമ്മൽ വയൽ വാർഡിൽനിന്ന് വിജയിച്ച ബി.ജെ.പി അംഗം കൊമ്മൽ വയൽ മൈലാട്ട് വീട്ടിൽ പ്രശാന്ത് എന്ന ഉപ്പേട്ട പ്രശാന്ത് (49) അയോഗ്യനായേക്കും. പ്രശാന്ത് വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായതിനാൽ ഡിസംബർ 21ന് സത്യപ്രതിജ്ഞക്ക് എത്താനായില്ല.
ഡിസംബർ 17നാണ് കോടതി വിധി വന്നത്. പ്രശാന്ത് ഉൾപ്പെടെ 10 ബി.ജെ.പി പ്രവർത്തകരെയാണ് 36 വർഷവും ആറുമാസം കഠിന തടവിനും 1,08,000 രൂപ വീതം പിഴയടക്കാനും തലശ്ശേരി അഡീഷനൽ അസി. സെഷൻസ് കോടതി ശിക്ഷിച്ചത്.
നഗരസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഒരുമാസം തികഞ്ഞതിനാൽ സത്യപ്രതിജ്ഞ ചെയ്യാത്ത പ്രശാന്ത് മാനദണ്ഡങ്ങളനുസരിച്ച് അയോഗ്യനായേക്കും. പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്യാത്ത കാര്യം തലശ്ശേരി നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിട്ടുണ്ട്.
കമീഷനാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത്. പ്രശാന്തിനെ അയോഗ്യനായി പ്രഖ്യാപിച്ചാൽ കൊമ്മൽവയൽ വാർഡിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. ബി.ജെ.പിക്ക് സ്വാധീനമുള്ള വാർഡാണിത്. കഴിഞ്ഞ തവണ ബി.ജെ.പി അംഗം കെ. ലിജേഷാണ് വാർഡിനെ പ്രതിനിധാനം ചെയ്തത്.
നഗരസഭ മുൻ കൗൺസിലറും സി.പി.എം ചെള്ളത്ത് ഗുംട്ടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കൊമ്മൽവയലിലെ ചമ്പാടൻ വീട്ടിൽ പി. രാജേഷിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലാണ് പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

