കണ്ടിക്കൽ തീപിടിത്തം: ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം
text_fieldsകണ്ടിക്കലിൽ തീപിടിത്തത്തിൽ നാശമുണ്ടായ സ്ഥാപനങ്ങളിൽ ഫോറൻസിക് സംഘം
പരിശോധന നടത്തുന്നു
തലശ്ശേരി: എരഞ്ഞോളി കണ്ടിക്കൽ പ്ലാസ്റ്റിക് പുനരുപയോഗ കേന്ദ്രത്തിൽ ശനിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ തീപിടിത്തം ഷോർട്ട് സർക്യൂട്ട് വഴിയാകാമെന്ന് പ്രാഥമിക നിഗമനം. ദുരന്തമുണ്ടായ സ്ഥലത്ത് തിങ്കളാഴ്ച രാവിലെ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് ഈ നിഗമനത്തിലെത്തിയത്.
സിറ്റി പ്ലാസ്റ്റിക്സ് ഓഫിസിലും സമീപത്തെ റാങ്ക് ഓട്ടോമൊബൈൽസ്, ആർ.ആർ സ്റ്റീൽ എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി. വിശദമായ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണമുണ്ടാവുകയുള്ളൂ.
കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് സംഘം തലവൻ ഡോ. എൻ.പി. ഗോകുൽ, അസി. ടി.വി. ശ്രീരാജ് എന്നിവരാണ് പരിശോധന നടത്തിയത്. തലശ്ശേരി പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എസ്.ഐമാരായ എം.ടി.പി. സൈഫുദ്ദീൻ, ഷിനു എന്നിവരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
ശനിയാഴ്ച തുടങ്ങിയ അഗ്നിബാധ തിങ്കളാഴ്ചയോടെയാണ് പൂർണമായും അണച്ചതെങ്കിലും പ്രദേശത്തെ ഭീതി നീങ്ങിയില്ല. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കിടയിൽ കനൽ അവശേഷിക്കുന്നുണ്ടോ എന്നറിയാൻ അഗ്നിരക്ഷാ സേനയുടെ ഒരു യൂനിറ്റ് ഇപ്പോഴും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അഗ്നിരക്ഷാ സേനയുടെ മൂന്ന് ദിവസത്തെ കഠിന പ്രയത്നത്തിനൊടുവിൽ പുകയും തീയും നിയന്ത്രണവിധേയമാക്കിയത്. ഇതോടെ കണ്ടിക്കൽ വഴിയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ലോങ്ങ് റേഞ്ചർ ഫയർ എൻജിനും വിവിധ ജില്ലകളിൽ നിന്നുള്ള 14 യൂനിറ്റുകളും ദൗത്യത്തിൽ പങ്കെടുത്തു. അപകടത്തിൽ സിറ്റി പ്ലാസ്റ്റിക്സ്, ആർ.ആർ സ്റ്റീൽ കമ്പനി, റാങ്ക് ഓട്ടോമൊബൈൽസ് എന്നീ സ്ഥാപനങ്ങൾക്കായി ഏകദേശം മൂന്ന് കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉടമകൾ തലശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അഗ്നിരക്ഷാ സേനക്കൊപ്പം വ്യാപാരി വ്യവസായി സമിതി, ഡി.വൈ.എഫ്.ഐ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് മാസ്ക്, കുടിവെള്ളം, ഭക്ഷണം എന്നിവ എത്തിച്ചു നൽകിയിരുന്നു. ചെള്ളക്കര വാർഡ് കൗൺസിലർ കാരായി ചന്ദ്രശേഖരൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

