എസ്.ഐ പരീക്ഷയിലും കോപ്പിയടിച്ചു: നെറ്റ് ചതിച്ചു
text_fieldsകണ്ണൂർ: പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ പിടിയിലായ മുഹമ്മദ് സഹദ് ആഗസ്റ്റ് 30ന് നടന്ന എസ്.ഐ പരീക്ഷയിലും ഹൈടെക് കോപ്പിയടി നടത്തി. എന്നാൽ, പാതിക്കുവെച്ച് ഇന്റർനെറ്റ് ചതിച്ചതായി ഇയാൾ പൊലീസിനോട് പറഞ്ഞു. നെറ്റ് കട്ടായതോടെ ബാക്കി ഉത്തരങ്ങൾ ലഭിച്ചില്ല. കേസിൽ അറസ്റ്റിലായ സഹായി സബീൽ ഗൂഗ്ൾ നോക്കി ഉത്തരം കണ്ടെത്തി പറഞ്ഞുകൊടുക്കുന്നതിനിടെയാണ് നെറ്റ് ചതിച്ചത്. അതിനു മുമ്പേ നടന്ന പ്രിലിമിനറി പരീക്ഷയിലും കോപ്പിയടി നടത്തി. അന്നും ഇന്റർനെറ്റ് വില്ലനായി. കുറേ ഉത്തരങ്ങൾ കറുപ്പിച്ചതോടെയാണ് നെറ്റ് പോയത്. പിന്നീട് ഒന്നും എഴുതിയില്ല. എങ്കിലും ഫലം വന്നപ്പോൾ 65 മാർക്ക് ലഭിക്കുകയും ചെയ്തു.
എങ്ങനെയും സർക്കാർ ജോലി നേടുകയായിരുന്നു ലക്ഷ്യമെന്നും അതിനാണ് ഹൈടെക് കോപ്പിയടി നടത്തിയതെന്നും മുഹമ്മദ് സഹദ് പൊലീസിനോട് പറഞ്ഞു. സുഹൃത്തായ സബീൽ പരീക്ഷ ഹാളിന്റെ പുറത്തു വച്ചാണ് സഹായം ചെയ്തത്. സഹദ് ഷര്‍ട്ടിന്റെ കോളറില്‍ ഘടിപ്പിച്ച മൈക്രോ കാമറ വഴി ചോദ്യ പേപ്പറിലെ ചോദ്യങ്ങൾ സബീലിന് അയച്ചു കൊടുക്കുകയായിരുന്നു. സബീൽ ഗൂഗ്ൾ നോക്കി ഓരോന്നിന്റെയും ഉത്തരം കണ്ടെത്തി എ.ബി.സി.ഡി ക്രമത്തിലാണ് പറഞ്ഞുകൊടുത്തിരുന്നത്. ചെവിയിൽ തിരുകിവെച്ച ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ട് മുഹമ്മദ് സഹദ് എഴുതുന്നതാണ് രീതി.
പ്രത്യേകം ആപ്പുവഴി വീട്ടിലിരുന്നാണ് ഫോൺ വഴി ഉത്തരങ്ങൾ പറഞ്ഞുകൊടുത്തതെന്നാണ് സബീൽ മൊഴി നൽകിയത്. ഇതിൽ വ്യക്തത വരുത്താനായി ഇരുവരുടെയും ഫോൺ ലൊക്കേഷൻ പരിശോധിച്ചു വരുകയാണ്. ഇതുവരെ താൻ പി.എസ്.സി പരീക്ഷയെഴുതിയിട്ടില്ലെന്നും സബീൽ പറഞ്ഞിട്ടുണ്ട്. മുഹമ്മദ് സഹദ് എഴുതിയ നാലു പരീക്ഷകളുടെയും ഉത്തക്കടലാസുകൾ പി.എസ്.സി പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഇയാൾക്ക് പി.എസ്.സി പരീക്ഷയെഴുതുന്നതിൽ ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. ഹൈടെക് കോപ്പിയടി നടന്ന ദിവസം പരീക്ഷ ചുമതലയിലുണ്ടായിരുന്ന അധ്യാപകർക്കെതിരെ നടപടിയും ശിപാർശ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

