ഹൈടെക് ഫിഷ് മാർട്ടുമായിമത്സ്യഫെഡ്
text_fieldsഅഴീക്കോട് മണ്ഡലത്തിൽ ഹൈടെക് ഫിഷ് മാർട്ട് ആരംഭിക്കുന്നതുസംബന്ധിച്ച് ചേർന്ന
യോഗത്തിൽ കെ.വി. സുമേഷ് എം.എൽ.എ സംസാരിക്കുന്നു
പാപ്പിനിശ്ശേരി: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ ഹൈടെക് ഫിഷ് മാർട്ട് ആരംഭിക്കും.
അഴീക്കോട് മണ്ഡലത്തിൽ ഹൈടെക് ഫിഷ് മാർട്ട് ആരംഭിക്കുന്നതുസംബന്ധിച്ച് കെ.വി. സുമേഷ് എം.എൽ.എയും തദ്ദേശ സ്ഥാപന പ്രസിഡന്റുമാരും മത്സ്യഫെഡ് അധികൃതരും പങ്കെടുത്ത യോഗം ചർച്ച ചെയ്തു.
ഉപഭോക്താക്കൾക്ക് വിഷരഹിത മത്സ്യങ്ങൾ ഉന്നത ഗുണനിലവാരത്തിലും മിതമായ വിലക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫിഷ് മാർട്ട് ആരംഭിക്കുന്നത്. ഓരോ പഞ്ചായത്തിലും ഫിഷ് മാർട്ട് ആരംഭിക്കുന്നതിന് സ്ഥലമോ കെട്ടിടമോ വിട്ടുനൽകണം. ഒരു യൂനിറ്റിന് ഒന്നര സെൻറ് സ്ഥലമാണ് വേണ്ടത്. സ്ഥലവും കെട്ടിടവും അനുവദിക്കുന്ന പഞ്ചായത്തുകൾക്ക് നിയമാനുസൃതമായ വാടക ലഭിക്കും. സ്ഥലം മാത്രമാണ് അനുവദിക്കുന്നതെങ്കിൽ പാട്ടത്തിന് ഏറ്റെടുക്കും. ഇത്തരം സ്ഥലങ്ങളിൽ മത്സ്യഫെഡ് കെട്ടിടം നിർമിക്കും. ഇതിനായി ഒരു യൂനിറ്റിന് അഞ്ചുമുതൽ ഏഴുലക്ഷം വരെയുള്ള തുക ചെലവഴിക്കും.
വിൽപനക്കാവശ്യമായ മത്സ്യം മത്സ്യഫെഡ് അനുവദിക്കും. മുറിച്ച് വൃത്തിയാക്കിയാണ് വിൽപന നടത്തുക. കമീഷൻ വ്യവസ്ഥയിലാണ് മത്സ്യം അനുവദിക്കുക. നിരവധിപേർക്ക് തൊഴിൽ സാധ്യതയുള്ള പദ്ധതിയാണിത്. ആലപ്പുഴയിലും തിരുവനന്തപുരത്തും മെച്ചപ്പെട്ട നിലവാരത്തിൽ ഇത്തരം ഹൈടെക് മാർട്ട് നടന്നുവരുന്നുണ്ട്.
യോഗത്തിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജിഷ അധ്യക്ഷത വഹിച്ചു. വളപട്ടണം, പാപ്പിനിശ്ശേരി, നാറാത്ത്, കണ്ണൂര്‍, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡൻറുമാര്‍ പങ്കെടുത്തു. മത്സ്യഫെഡ് ജില്ല മാനേജർ വി. രജിത പദ്ധതി വിശദീകരിച്ചു.