സംസ്ഥാന കായകൽപ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കണ്ണൂർ ജില്ലക്ക് അഭിമാന നേട്ടം
text_fieldsമാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി
കണ്ണൂർ: സംസ്ഥാന കായകൽപ് അവാർഡുകളിൽ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് അഭിമാനനേട്ടം. ജില്ല, ജനറൽ ആശുപത്രി വിഭാഗത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി മാങ്ങാട്ടുപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി (81 ശതമാനം) കായകൽപ് കമൻഡേഷൻ അവാർഡ് കരസ്ഥമാക്കി. മൂന്ന് ലക്ഷം രൂപയാണ് അവാർഡ് തുക.
താലൂക്ക് ആശുപത്രി വിഭാഗത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി പഴയങ്ങാടി താലൂക്ക് ആശുപത്രി (73) ഒരു ലക്ഷം രൂപയുടെ കായകൽപ്പ് കമൻഡേഷൻ അവാർഡിന് അർഹമായി.
പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ 95.8 ശതമാനം മാർക്ക് നേടി ചൊക്ലി കുടുംബാരോഗ്യ കേന്ദ്രം രണ്ട് ലക്ഷം രൂപയുടെയും 92.5 ശതമാനം മാർക്ക് നേടി കല്യാശ്ശേരി കുടുംബാരോഗ്യ കേന്ദ്രം 50,000 രൂപയുടെയും 90.8 ശതമാനം മാർക്ക് നേടി മൊറാഴ, ഉദയഗിരി കുടുംബാരോഗ്യ കേന്ദ്രങ്ങൾ 25,000 രൂപയുടെയും അവാർഡുകൾ സ്വന്തമാക്കി.
ജനകീയാരോഗ്യകേന്ദ്ര വിഭാഗത്തിൽ 97.5 ശതമാനം മാർക്ക് നേടി കതിരൂർ മെയിൻ സെന്റർ ഒരു ലക്ഷം രൂപയുടെയും 96.2 ശതമാനം മാർക്ക് നേടി കുണ്ടുചിറ 50,000 രൂപയുടെയും 93.8 ശതമാനം മാർക്ക് നേടി മൊറാഴ 35,000 രൂപയുടെയും അവാർഡുകൾ കരസ്ഥമാക്കി.
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്ക്കരിച്ച അവാർഡാണ് കായകൽപ്പ്. കേരളത്തിലെ ജില്ല/ജനറൽ/സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് സംസ്ഥാനതല കായകൽപ്പ് അവാർഡ് നൽകുന്നത്.
ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി, സംസ്ഥാനതല കായകൽപ്പ് അവാർഡ് കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

