കണ്ണെഴുതിയൊരുങ്ങി കണ്ണൂർ; തെരഞ്ഞെടുപ്പ് ചൂടിനിടെ കൗമാരകലക്ക് ഇന്ന് തിരിതെളിയും
text_fieldsകണ്ണൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നടന്ന വിളംബര ഘോഷയാത്ര
കണ്ണൂർ: തെരഞ്ഞെടുപ്പാവേശച്ചൂടിൽ ജില്ല തിളച്ചു മറിയാനൊരുങ്ങുന്നതിനിടെ അഞ്ചു നാൾ ഇനി കൗമാര കലയുടെ സൗന്ദര്യവും. എല്ലാം മറന്ന് നിറങ്ങളിൽ നീരാടി രാഗ-താള-ലയ വിസ്‌മയത്തിൽ കൗമാരം കണ്ണൂരിന് ഉത്സവ രാവൊരുക്കും. കണ്ണൂർ റവന്യൂ ജില്ല കലോത്സവത്തിന് ചൊവ്വാഴ്ച വിവിധ മത്സരങ്ങളോടെ തുടക്കം കുറിക്കും. പ്രചാരണാർഥം തിങ്കളാഴ്ച വൈകീട്ട് റെയിൽവേ മുത്തപ്പൻക്ഷേത്ര സമീപത്ത് നിന്ന് മുനിസിപ്പൽ ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് വിളംബര ഘോഷയാത്ര നടത്തി.
22 വരെ നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലും മൈതാനത്തുമായി 15 വേദികളിലായാണ് മത്സരങ്ങൾ. 319 ഇനങ്ങളിലായി 15 ഉപജില്ലകളിൽ നിന്ന് 9000ലധികം വിദ്യാർഥികൾ കലോത്സവത്തിൽ മാറ്റുരക്കും. ബുധനാഴ്ച വൈകീട്ട് നാലിന് ജില്ല കലക്ടർ അരുൺ.കെ വിജയൻ ഉദ്ഘാടനം ചെയ്യും. സിനിമ സീരിയൽ താരം ഉണ്ണിരാജ് മുഖ്യാതിഥിയാകും.
സമാപന സമ്മേളനം 22ന് വൈകീട്ട് നാലിന് സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജ് ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ, സിനിമ താരം നിഹാരിക എസ്. മോഹൻ എന്നിവർ മുഖ്യാതിഥികളാകും. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് കലോത്സവം. ദിവസവും 5000 പേർക്ക് പായസമുൾപ്പെടെയുള്ള ഭക്ഷണവും നൽകും. മത്സരങ്ങൾ രാവിലെ 9.30നാണ് ആരംഭിക്കുക.
വേദിയിൽ ഇന്ന്
- വേദി ഒന്ന് - മുനിസിപ്പൽ എച്ച്.എസ്.എസ് - ഭരതനാട്യം (എച്ച്.എസ്.എസ്, എച്ച്.എസ്)
- വേദി രണ്ട് - കലക്ടറേറ്റ് മൈതാനം - പൂരക്കളി (എച്ച്.എസ്, എച്ച്.എസ്.എസ്)
- വേദി മൂന്ന് - ടൗൺ സ്ക്വയർ - ഓട്ടൻതുള്ളൽ (എച്ച്.എസ്, എച്ച്.എസ്.എസ്)
- വേദി നാല് -ടൗൺ ബാങ്ക് ഓഡിറ്റോറിയം - ഓടക്കുഴൽ, ഗിറ്റാർ, വീണ, വിചിത്ര വീണ (എച്ച്.എസ്.എസ്, എച്ച്.എസ് )
- വേദി അഞ്ച്- തളാപ്പ് മിക്സഡ് സ്കൂൾ - മലയാളം പ്രസംഗം, പദ്യം ചൊല്ലൽ (എച്ച്.എസ്, എച്ച്.എസ്.എസ്)
- വേദി ആറ് - ടൗൺ എച്ച്.എസ്.എസ് - അറബിക് നാടകം
- വേദി എട്ട് - സെന്റ് തെരേസാസ് ഓഡിറ്റോറിയം - കേരള നടനം (എച്ച്.എസ്, എച്ച്.എസ്.എസ് )
- വേദി 10-ട്രെയിനിങ് സ്കൂൾ ഗ്രൗണ്ട് - അറബനമുട്ട്
- വേദി 11 - ശിക്ഷക് സദൻ - കന്നട പ്രസംഗം, പദ്യം ചൊല്ലൽ
- വേദി 14- ടി.ടി.ഐ ഹാൾ - തമിഴ് പദ്യം ചൊല്ലൽ
- വേദി 16 സെന്റ് മൈക്കിൾസ് സ്കൂൾ - ബാൻഡ് മേളം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

