പൊതുവിദ്യാഭ്യാസ മേഖലയിൽ 5000 കോടിയുടെ വികസനം നടപ്പാക്കി -മുഖ്യമന്ത്രി
text_fieldsമുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനത്തെ ആദ്യത്തെ സമഗ്ര അന്തർദേശീയ വിദ്യാലയമായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
കാഞ്ഞിരോട്: പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി 5000 കോടി രൂപയാണ് സർക്കാർ സംസ്ഥാനത്ത് ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ സംസ്ഥാനത്തെ ആദ്യത്തെ സമഗ്ര അന്തർദേശീയ വിദ്യാലയമായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.
വികസനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാവരും അതിൽ സന്തോഷിക്കും എന്നതാണ്. നമ്മുടെ നാടിന്റെ വിദ്യാഭ്യാസരംഗം നല്ലതോതിൽ അഭിവൃദ്ധിപ്പെടുത്തുന്നത് സർക്കാർ നേരത്തെ തന്നെ തയാറാക്കിയ പദ്ധതിയാണ്. അത് എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കുന്നതാണ് സർക്കാറിന്റെ ചുമതല.
സാധാരണ ഹൈസ്കൂൾ എന്ന നിലയിൽ നിന്നും മാറി രാജ്യത്തിന് മാതൃകയാകുന്ന രീതിയിലുള്ള വികസനം ആർജിക്കാൻ കഴിഞ്ഞു എന്നതാണ് മുണ്ടേരി സ്കൂളിന്റെ പ്രത്യേകത. വികസനം എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. അന്തർദേശീയ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായി. അതോടൊപ്പം പാഠ്യക്രമത്തിലും പഠന സമയത്തിലുമെല്ലാം കാലാനുസൃതമായ മാറ്റങ്ങൾ. കലാ-കായിക പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യമാണ് നൽകുന്നത്. 1980കളിലാണ് സ്കൂൾ സ്ഥാപിതമാകുന്നത്.
വലിയ പൊതുജന പിന്തുണ സ്കൂൾ സ്ഥാപിക്കുന്ന കാര്യത്തിൽ ഉണ്ടായിരുന്നു. ഇവിടെയുള്ള പ്രാദേശിക ഭരണസമിതിയും സാമൂഹ്യപ്രവർത്തകരും പൊതുജനങ്ങളും ഈ സ്കൂൾ സ്ഥാപിക്കുന്നത് വലിയ പങ്കുവഹിക്കുകയുണ്ടായി. മഹല്ല് ജമാഅത്ത് നൽകിയ പിന്തുണ പ്രത്യേകം എടുത്തു പറയേണ്ടതാണ്. അഞ്ച് പതിറ്റാണ്ടിനിടയിൽ വലിയ വളർച്ചയും വികാസവും മുണ്ടേരി സ്കൂളിന് കൈവരിക്കാൻ കഴിഞ്ഞു- മുഖ്യമന്ത്രി പറഞ്ഞു.
മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ മുൻ എം.പി. കെ.കെ. രാഗേഷ് അധ്യക്ഷതവഹിച്ചു. ജില്ല കലക്ടർ അരുൺ കെ. വിജയൻ വിശിഷ്ടാതിഥിയായി. മുദ്ര വിദ്യാഭ്യാസ സമിതി ജനറൽ കൺവീനർ പി.പി. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, വൈസ് പ്രസിഡന്റ് ടി. ഷബ്‌ന, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. റസീന, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി. രവീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം മോഹനൻ മുത്തേടത്ത്, സെക്രട്ടറി കെ.വി. മുകുന്ദൻ, കെ. ബാബുരാജ്, മുണ്ടേരി ഗംഗാധരൻ, ടി. പ്രകാശൻ, പി.സി. അഹമ്മദ് കുട്ടി, കെ.പി. പ്രശാന്ത്, പി.കെ. രാഘവൻ, പി.സി. ഷബീർ, കെ. നസീർ, പി. ചന്ദ്രൻ, സി. മനോജ്, എ. അനീഷ, എ. പങ്കജാക്ഷൻ, പി.സി. ആസിഫ്, ചെയർപേഴ്സൻ സി.എച്ച്. ദേവനന്ദ രാജേഷ്, കെ. വേണു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

