നിയമസഭ തെരഞ്ഞെടുപ്പ്; കണ്ണൂരിൽ നാലിടങ്ങളിൽ തീപാറും
text_fieldsഎൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ വോട്ടർമാർക്കൊപ്പം
കണ്ണൂർ: പൊള്ളുന്ന ചൂടൊന്നും വകവെക്കാതെയുള്ള തീ പാറുന്ന പ്രചാരണമാണ് ഇക്കുറി. ചില മുന്നണികൾ രണ്ടാംഘട്ടത്തിലേക്ക് കടന്നു. വിവിധ ദേവാലയങ്ങളിലും ഉത്സവാഘോഷ സ്ഥലങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം സ്ഥാനാർഥികൾ സന്ദർശിച്ച് പരമാവധി വോട്ടു പിടിക്കുന്നുണ്ട്. ജില്ലയിൽ 11 മണ്ഡലങ്ങളിലായി മൂന്ന് മുന്നണികളുടെ മാത്രം 33 സ്ഥാനാർഥികളുണ്ട്. ഇതിന് പുറമെ വിമതരും സ്വതന്ത്രരുമുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും മുൻ മന്ത്രി കെ.കെ. ശൈലജയും മത്സരിക്കുന്ന പേരാവൂരിലും സി.പി.എം ജില്ല കമ്മിറ്റിയംഗം പി.കെ. ശ്യാമളയും മുൻ ജില്ല സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദനും മത്സരിക്കുന്ന തളിപ്പറമ്പിലും തീ പാറും പോരാട്ടമാണുള്ളത്.
കെ.വി. സുമേഷും അബ്ദുൽ കരീം ചേലേരിയും നേരിട്ട് ഏറ്റുമുട്ടുന്ന അഴീക്കോട്ടും ടി.ഐ. മധുസൂദനനും വി. കുഞ്ഞികൃഷ്ണനും മത്സരിക്കുന്ന പയ്യന്നൂരിലും എന്തും സംഭവിക്കാവുന്ന തരത്തിലാണ് പോരാട്ടം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പിൽ അഭിമാന പ്രശ്നമാണ് പാർട്ടിക്ക്. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് പടിയിറങ്ങിയ ഗോവിന്ദൻ നേരെ യു.ഡി.എഫ് പാളയത്തിലേക്ക് കയറി സ്ഥാനാർഥിയായത് സി.പി.എമ്മിനെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്. എങ്ങനെയും തളിപ്പറമ്പ് നിലനിർത്തിയേ മതിയാവൂ സി.പി.എമ്മിന്.
വേറിട്ട ഹൈടെക്ക് പ്രചാരണം തന്നെയാണ് തളിപ്പറമ്പിൽ പയറ്റുന്നതെങ്കിലും രഹസ്യമായി വോട്ടുറപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ചെങ്കോട്ടയായ പയ്യന്നൂരിലും സി.പി.എമ്മിന് ഏറെ വിയർക്കേണ്ടിവരുന്നുണ്ട്. സിറ്റിങ് എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ മുൻ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനാണ് മത്സരിക്കുന്നത്. അതും യു.ഡി.എഫ് പിന്തുണയോടെ. തളിപ്പറമ്പിലേതുപോലെ തന്നെ പയ്യന്നൂരിലും പാർട്ടി വോട്ടുകൾ മറിയാതിരിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.
പയ്യന്നൂരിൽ പാർട്ടി ഫണ്ട് ക്രമക്കേട് ഉയർത്തിയാണ് കുഞ്ഞികൃഷ്ണൻ പാർട്ടിയിൽനിന്ന് ഇറങ്ങിയത്. താൻ ഉന്നയിച്ച വിവാദ കണക്കിന്റെ രേഖകൾകൂടി തിങ്കളാഴ്ച കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടതോടെ സി.പി.എം കൂടുതൽ പ്രതിരോധത്തിലായി. കുഞ്ഞികൃഷ്ണന് നിരവധി പാർട്ടി വോട്ടുകൾ ലഭിക്കുമെന്ന സൂചന നേതൃത്വത്തിനുള്ളതിനാൽ അതൃപ്തരെ രഹസ്യമായി കണ്ട് അനുനയിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് സി.പി.എം. തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ച വൈശാഖ് വിജയിച്ചതിന്റെ ക്ഷീണവും സി.പി.എം പയ്യന്നൂരിൽ അഭിമുഖീകരിക്കുന്നുണ്ട്. എന്തായാലും നാളിതുവരെയുണ്ടായിട്ടില്ലാത്ത തെരഞ്ഞെടുപ്പാണ് ഇത്തവണ കണ്ണൂരിലെന്ന് വ്യക്തമാണ്.
- പേരാവൂർ ആകെ വോട്ടർമാർ - 182384
- പുരുഷന്മാർ - 89726
- സ്ത്രീകൾ - 92657
- ടി.ജി - 1
2021ലെ വോട്ടുനില
- അഡ്വ. സണ്ണി ജോസഫ് (യു.ഡി.എഫ്) 66,706
- കെ.വി. സക്കീർ ഹുസൈൻ (എൽ.ഡി.എഫ്.) 63,534 സ്മിത ജയമോഹൻ (എൻ.ഡി.എ) 9,155
- എ.സി. ജലാലുദ്ദീൻ (എസ്.ഡി.പി.ഐ) 1,541
- നോട്ട - 404
- ഭൂരിപക്ഷം: 3,172
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

