സ്ഥാനാർഥികളെ തിരഞ്ഞ് മുന്നണികൾ
text_fieldsതൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പ് വിഞ്ജാപനം പടിവാതിൽക്കൽ നിൽക്കേ നാടെങ്ങും സ്ഥാനാർഥി ചർച്ച സജീവം. ഇടത്-വലത് മുന്നണികളും ബി.ജ.പിയും അടക്കം വാർഡുകളിൽ യോഗ്യരായ സ്ഥാനാർഥികൾക്കായുളള അന്വേഷണത്തിലാണ്. കുപ്പായം തുന്നി കാലേക്കൂട്ടി പല വാർഡുകളിലും സ്ഥാനാർഥിമോഹികൾ രംഗത്തുണ്ടെങ്കിലും സംവരണ നറുെക്കടുപ്പിൽ വാർഡുകൾ മാറിമാറിഞ്ഞതും മുന്നണികൾക്കുളളിലെ വീതെവപ്പുമാണ് പ്രതിസന്ധിയായത്. പകുതി വനിത സംവരണമായതോടെ ഈ രംഗത്തും പാർട്ടികൾക്ക് വെല്ലുവിളിയുണ്ട്.
കുടുംബശ്രീയാണ് താരം
അമ്പത് ശതമാനം സംവരണമായതോടെ വനിത സ്ഥാനാർഥികളെ തേടിയാണ് പാർട്ടികളുടെ പ്രധാന അന്വേഷണം. സി.പി.എം, സി.പി.ഐ കക്ഷികളുടെ മഹിള സംഘടനകൾ താരതമ്യേന ശക്തമായതിനാൽ വലത് പക്ഷത്തെ അപേക്ഷിച്ച് ഇക്കാര്യത്തിൽ അവർ ഒരുപടി മുന്നിലാണ്. എങ്കിലും വനിത സംവരണ വാർഡുകളിൽ പരിഗണിക്കുന്നവർ ഭൂരിഭാഗവും കുടുംബശ്രീ പശ്ചാത്തലമുളളവരാണ്.
എ.ഡി.എസ്, സി.ഡി.എസ് തലങ്ങളിൽ പ്രവർത്തനപരിചയമുളളവർക്കും ഭാരവാഹിത്വം വഹിക്കുന്നവർക്കും സ്ഥാനാർഥി പരിഗണനയിൽ പ്രഥമസ്ഥാനം ലഭിക്കുന്നുണ്ട്. ഇതിനുപുറമേ പ്രാദേശിക നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളുമെല്ലാം ഇത്തരം സീറ്റുകളിൽ മത്സരിക്കാനെത്തും. കുടുംബശ്രീ കഴിഞ്ഞാൽ പിന്നെ വനിത സംവരണ വാർഡുകളിൽ പരിഗണിക്കപ്പെടുന്നത് അധ്യാപികമാരാണ്. വിരമിച്ചവർ മുതൽ എയ്ഡഡ്, അൺഎയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകളിലെ അധ്യാപികമാർ വരെ ഈ ഗണത്തിൽ സ്ഥാനാർഥികളാകും.
സ്ഥാനാർഥി മോഹികൾക്ക് തിരിച്ചടിയായി സംവരണ നറുക്കെടുപ്പ്
ജില്ലയിലെ സ്ഥാനാർഥിമോഹികൾക്ക് ഏറ്റവും വലിയ തിരിച്ചടിയായത് സംവരണ വാർഡുകളുടെ നറുക്കെടുപ്പാണ്. സീറ്റ് പ്രതീക്ഷിച്ച് നാളുകൾക്ക് മുന്നേ വാർഡുകളിൽ സജീവമായിരുന്ന പലരും ഇതോടെ ഫീൽഡ്ഔട്ടായി. വനിത സംവരണ വാർഡുകളെക്കുറിച്ച് ഏകദേശധാരണ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും പട്ടികജാതി-പട്ടികവർഗ സംവരണ വാർഡുകളേതെന്നറിയാൻ അവസാനനിമിഷം വരെ കാത്തിരിക്കേണ്ടി വന്നു. നറുക്കെടുപ്പ് പൂർത്തിയായതോടെ എല്ലാ പാർട്ടികളിലുംപെട്ട സ്ഥാനാർഥിമോഹികളാണ് പ്രതിസന്ധിയിലായത്. കണ്ടുവച്ച സീറ്റുകളിൽ തങ്ങൾക്ക് വേണ്ടപ്പെട്ടവരെയെങ്കിലും മത്സരിപ്പിക്കണമെന്ന ശിപാർശയുമായി പലരും പാർട്ടി നേതൃത്വങ്ങളുടെ പിന്നാലെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

