നൂൽപാലത്തിൽ തദ്ദേശപ്പോര് കടന്നവർ നിരവധി
text_fieldsതൊടുപുഴ: മലയോര ജില്ലയിലെ തദ്ദേശപ്പോരിൽ നൂൽപാലത്തിൽ വിജയിച്ച് കടന്നവർ നിരവധിയാണ്. അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തി വിജയിച്ച് കയറിയവരാണിവർ. ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്ത് വാർഡുകളിലായി അത്തരത്തിൽ 64 പേരാണ് 10 വോട്ടിൽ താഴെ ഭൂരിപക്ഷത്തിന് വിജയം കൊയ്തത്. ഇതിൽ സമാസമം വോട്ട് നേടിയവരും ഒരുവോട്ട് മുതൽ പത്ത് വോട്ട് വരെ ഭൂരിപക്ഷം നേടിയവരുമുണ്ട്. എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടി തദ്ദേശ പോരിൽ വിജയം കൊയ്തവരും ഇപ്പോൾ വാർഡിലെ താരങ്ങളാണ്.
ത്രില്ലറിൽ കര പറ്റി അഞ്ച് പേർ
ജില്ലയിൽ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ച് അഞ്ച് പേരാണ് ജനപ്രതിനിധികളായത്. തുല്യവോട്ട് നേടിയതോടെയാണ് ഇവിടങ്ങളിൽ നറുക്കെടുപ്പ് വേണ്ടിവന്നത്. നെടുങ്കണ്ടം പഞ്ചായത്തിലെ ചോറ്റുപാറ വാർഡിലെ ബി.ജെ.പി സ്ഥാനാർഥി എസ്. ശരണ്യയാണ് ഒരു ഭാഗ്യവതി.
ഇവിടെ ഇവർക്കും കോൺഗ്രസ് സ്ഥാനാർഥി അൻസൽന ബീവിക്കും 380 വോട്ട് വീതം ലഭിച്ചതോടെയാണ് നറുക്കെടുത്തത്. ശക്തമായ ത്രികോണ മത്സരം നടന്ന വാർഡിൽ സി.പി.എം സ്ഥാനാർഥി സ്മിത ഉണ്ണികൃഷ്ണൻ 376 വോട്ടും നേടി. ഇടമലക്കുടി പഞ്ചായത്തിലെ തെക്കെ ഇടലിപ്പാറക്കുടി വാർഡിലെ വിജയലക്ഷ്മിയാണ് ഭാഗ്യം തുണച്ച മറ്റൊരാൾ. ഇവർക്കും എതിർ സ്ഥാനാർഥി സി.പി.എമ്മിലെ പരിമളദേവിക്കും 35 വോട്ട് വീതം ലഭിച്ചതോടെയാണ് നറുക്കെടുപ്പിലേക്ക് നീണ്ടത്.
ഏലപ്പാറ പഞ്ചായത്തിൽ ഏലപ്പാറ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ഒ.എസ്. ഉമർഫാറൂഖിനും ഭാഗ്യത്തിന്റെ അകമ്പടിയാണ് രക്ഷയായത്. ഇവിടെ സി.പി.എം സ്ഥാനാർഥി എം.ഇ സലീമിനും ഇദ്ദേഹത്തിനും 346 വോട്ട് വീതമാണ് ലഭിച്ചത്. വെള്ളത്തൂവൽ പഞ്ചായത്തിലെ സൗത്ത് കത്തിപ്പാറ വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി പി.എസ്. നിഷക്കും തുണയായത് നറുക്കെടുപ്പാണ്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി ഷിജി ബിജുവിനൊപ്പം 422 വോട്ടാണ് ഇവർ നേടിയത്. വെള്ളിയാമറ്റം പഞ്ചായത്തിലെ കൂവക്കണ്ടം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി എൻ.കെ സതിമോളും വിജയിച്ചത് നറുക്കെടുപ്പിലാണ്. ഇവിടെ കോൺഗ്രസിലെ അജിത കുമാരിക്കൊപ്പം 222 വോട്ട് നേടിയതോടെയാണ് നറുക്കിട്ട് വിജയിയെ തീരുമാനിച്ചത്.
കുറഞ്ഞ വോട്ടിൽ കടമ്പ കടന്നവരേറെ
ഒരു വോട്ടിന്റെ വിലയെത്രയെന്ന് ചോദിച്ചാൽ കൃത്യമായി പറയുക തദ്ദേശ പോരിൽ ഒറ്റ വോട്ടിന് ഭാഗ്യം തുണച്ച സ്ഥാനാർഥികളാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് ഭാഗ്യം തുണച്ച സ്ഥാനാർഥികളും ജില്ലയിലുണ്ട്. ബൈസൺവാലി പഞ്ചായത്തിലെ തേക്കിൻ കാനം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി ശാലുമോൾ സാബുവാണ് ഇക്കൂട്ടത്തിൽ ഒരു ഭാഗ്യവതി. ഇവർ 328 വോട്ട് നേടിയപ്പോൾ എതിർസ്ഥാനാർഥി കോൺഗ്രസിലെ ഷാന്റി ബേബിക്ക് ലഭിച്ചത് 327 വോട്ടാണ്. വണ്ടന്മേട് പഞ്ചായത്തിലെ മൈലാടും പാറ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ഷൈലാമ്മ ജയിച്ചതും ഒറ്റ വോട്ടിനാണ്. ഇവർ 409 വോട്ട് നേടിയപ്പോൾ തൊട്ടടുത്ത എതിരാളിയായ സ്വതന്ത്രൻ സണ്ണി 408 വോട്ട് നേടി. പീരുമേട് പഞ്ചായത്തിലെ കരടിക്കുഴി വാർഡിൽ കോൺഗ്രസിലെ ധനലക്ഷ്മയുടെ വിജയം രണ്ട് വോട്ടിനാണ്. ഇവർ 324ഉം എതിർസ്ഥാനാർഥി സി.പി.ഐയിലെ വിജി മണികണ്ഠൻ 322 വോട്ടും നേടി. വാത്തിക്കുടി പഞ്ചായത്ത് പതിനാറാം കണ്ടം വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി റംല അസീസിനെ ഭാഗ്യം തുണച്ചത് രണ്ട് വോട്ടാണ്. റംല 312ഉം എതിർസ്ഥാനാർഥി സി.പി.എമ്മിലെ ഷക്കീല ബഷീർ 310 വോട്ടും നേടി. ഏലപ്പാറ പഞ്ചായത്തിൽ ഉളുപ്പുണി വാർഡിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷവും രണ്ട് വോട്ടാണ്.
വിധിനിർണയിച്ചത് അഞ്ചിൽ താഴെ വോട്ടുകൾ
ഇടമലക്കുടി പഞ്ചായത്തിലെ അമ്പലപ്പടിക്കുടി വാർഡിലെ എൻ.ഡി.എ സ്ഥാനാർഥി വിജിയുടെ വിജയം മൂന്ന് വോട്ടിനാണ്. ഇവർ 24 വോട്ടും എൽ.ഡി.എഫിലെ പൂമാരി 21 വോട്ടും നേടി. മറയൂർ പഞ്ചായത്തിലെ ജവഹർ വാർഡിലെ സി.പി.എം സ്ഥാനാർഥി റീന രമേഷ് ജയിച്ചതും മൂന്ന് വോട്ടിനാണ്. ഇവർ 247 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ശരണ്യ 244 വോട്ടാണ് നേടിയത്. രാജകുമാരി പഞ്ചായത്തിലെ കുളപ്പുരച്ചാൽ വാർഡിൽ കോൺഗ്രസിലെ വി.വി. ജോഷിയുടെ ജയവും മൂന്ന് വോട്ടിനാണ്.
ജോഷി 475 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി പീറ്റർ 472 വോട്ടും നേടി. നെടുങ്കണ്ടം പഞ്ചായത്തിലെ പൂഷ്പകണ്ടം വാർഡിലെ കോൺഗ്രസ് വിജയവും ഇതേ ഭൂരിപക്ഷത്തിനാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി പി.ജെ. ജോമോൻ 415 വോട്ടും സി.പി.എം സ്ഥാനാർഥി പി.കെ. തങ്കപ്പൻ 412 വോട്ടും നേടി. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മൂങ്കലാർ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ശാന്തി 585 വോട്ട് നേടിയപ്പോൾ എതിരാളി സി.പി.എമ്മിലെ മഞ്ജു 582 വോട്ടും നേടി. നെടുങ്കണ്ടം ചെമ്പകക്കുഴി വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം നാല് വോട്ടിനാണ്. ഇവിടെ എൽ.ഡി.എഫ് 269 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി 265 വോട്ടും നേടി. രാജാക്കാട് പഞ്ചായത്തിലെ അടിവാരം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ജോഷിയുടെ വിജയവും നാല് വോട്ടിനാണ്. ഇദ്ദേഹം 297 വോട്ട് നേടിയപ്പോൾ എതിർസ്ഥാനാർഥി സി.പി.എമ്മിലെ എ.ഡി. സന്തോഷ് 293 വോട്ടും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

