Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമന്ത്രിമണ്ഡലത്തിൽ...

മന്ത്രിമണ്ഡലത്തിൽ പോരാട്ടം പൊടിപാറും

text_fields
bookmark_border
മന്ത്രിമണ്ഡലത്തിൽ പോരാട്ടം പൊടിപാറും
cancel

ചെറുതോണി: കർഷകരും കുടിയേറ്റക്കാരും വിധിനിർണയിക്കുന്ന ഇടുക്കി നിയമസഭ മണ്ഡലത്തിന് ഇക്കുറി മന്ത്രിമണ്ഡലം എന്ന ഗ്ലാമർ പരിവേഷംകൂടിയുണ്ട്. മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എ റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് (എം) പ്രതിനിധിയായി പിണറായി മന്ത്രിസഭയിൽ ഇടംപിടിച്ചതോടെയാണിത്. എന്നാൽ, മണ്ണിനെ പൊന്നാക്കുന്ന, കർഷകന്റെ വിയർപ്പുവീണു കുതിർന്ന ഇടുക്കിയിലെ മണ്ണിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോൾ ഇത്തവണ ആര് മിടുക്ക് തെളിയിക്കുമെന്നത് പ്രവചനാതീതമാണ്.

നിയമസഭ മണ്ഡലം രൂപംകൊണ്ട കാലം മുതൽ യു.ഡി.എഫിന് മുൻതൂക്കമുള്ള മണ്ഡലമാണിത്. മാറിമറിഞ്ഞ രാഷ്ട്രീയ സമവാക്യത്തിൽ രണ്ടുതവണ മാത്രമാണ് ഇടത്തോട്ടു ചരിഞ്ഞത്. നാലുതവണ യു.ഡി.എഫിൽനിന്നും ഒരു തവണ എൽ.ഡി.എഫിൽനിന്നും തുടർച്ചയായി ജയിച്ച നിലവിലെ മന്ത്രികൂടിയായ റോഷി ആഗസ്റ്റിൻ ആറാം അങ്കത്തിനായി കച്ചമുറുക്കുകയാണ്.

മണ്ഡല രൂപവത്കരണത്തിന് ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ വി.ടി. സെബാസ്റ്റ്യനായിരുന്നു വിജയം. തുടർന്ന് 1980ൽ കോൺഗ്രസിലെ ജോസ് കുറ്റിയാനി സിറ്റിങ് എം.എൽ.എയായിരുന്ന വി.ടി. സെബാസ്റ്റ്യനെ 4529 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 1982ലും കുറ്റിയാനി വിജയം ആവർത്തിച്ചു.

കോൺഗ്രസ് (എസ്)ലെ പി.പി. സുലൈമാൻ റാവുത്തറെ 4368 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 1987ൽ തെരഞ്ഞെടുപ്പു നടക്കുമ്പോൾ തങ്കമണി സംഭവത്തെ തുടർന്ന് കെ. കരുണാകരൻ മന്ത്രിസഭക്കെതിരെ പ്രക്ഷോഭം ആളിക്കത്തുകയായിരുന്നു. തങ്കമണി ഉൾപ്പെടുന്ന മണ്ഡലത്തിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് രാഷ്ടീയ നിരീക്ഷകർ വരെ വിധിയെഴുതി. എന്നാൽ, 1570 വോട്ടുകൾക്ക് കോൺഗ്രസിലെ റോസമ്മ ചാക്കോ വിജയിച്ചു. മുന്നണി സീറ്റു നൽകാത്തതിനാൽ സ്വതന്ത്രനായി മത്സരിച്ച സുലൈമാൻ റാവുത്തർ രണ്ടാം സ്ഥാനത്തെത്തി. എൽ.ഡി.എഫ് സ്ഥാനാർഥി മേരിസിറിയക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1991ൽ കേരള കോൺഗ്രസ് (എം)ലെ മാത്യു സ്റ്റീഫൻ വിജയിയാ‍യി. 1996ലെ തെരഞ്ഞെടുപ്പിൽ ജനതാദൾ സ്ഥാനാർഥിയായി ഇടത് ബാനറിൽ മത്സരിച്ച സുലൈമാൻ റാവുത്തർ മണ്ഡലം സ്വന്തമാക്കി. കേരള കോൺഗ്രസ് (എം)ലെ ജോയി വെട്ടിക്കുഴിയെ 6413 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

2001 മുതൽ റോഷി അഗസ്റ്റിന്റെ കാലം ആരംഭിച്ചു. തുടർന്ന് 2006, 2011, 2016ലെ തെരഞ്ഞെടുപ്പുകളിലും റോഷി വിജയം ആവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 5573 വോട്ടുകൾക്കാണ് എതിർസ്ഥാനാർഥിയായിരുന്ന കേരള കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പിലെ ഫ്രാൻസിസ് ജോർജിനെ റോഷി പരാജയപ്പെടുത്തിയത്. പാർട്ടി ലീഡറായ ജോസ് കെ. മാണി പാലായിൽ പരാജയപ്പെട്ടതോടെ പാർട്ടി പ്രതിനിധിയായി റോഷി പിണറായി മന്ത്രിസഭയിലിടം പിടിക്കുകയും ചെയ്തു.

നേട്ടങ്ങൾ

ജൽ ജീവൻ പദ്ധതി- 111.85 കോടി

മുരിക്കാശേരി കീരിത്തോട് റോഡ്- 3 കോടി

വാത്തിക്കുടി വില്ലേജ് ഓഫിസ് സ്മാർട്ടാക്കി

മുരിക്കാശേരിയിൽ നഴ്സിങ് കോളജ്

മുരിക്കാശേരി ബൈപാസ് റോഡ്- ഒരു കോടി

മുരിക്കാശേരി ബഥേൽ മേലെ ചിന്നാർ റോഡ്- 3.40 കോടി

പതിനാറാംകണ്ടം പ്രകാശ് റോഡ്

ഗ്രാമീണ റോഡുകൾക്കായി 4.41 കോടി

ഇറിഗേഷൻ പ്രവൃത്തികൾക്കായി 2.13 കോടി

പതിനാറാംകണ്ടം സ്കൂൾ കെട്ടിട നിർമാണം- 2 കോടി

ചെക്ഡാം മേലെ ചിന്നാർ- 4.88 കോടി

കോട്ടങ്ങൾ

ഉദ്ഘാടന മാമാങ്കങ്ങളല്ലാതെ കാര്യമായ വികസന നേട്ടങ്ങൾ മണ്ഡലത്തിലില്ലെന്നാണ് യു.ഡി.എഫ് വാദം.

ജില്ലയിലെയും മണ്ഡലത്തിലേയും പ്രശ്നങ്ങൾ സങ്കീർണമാക്കി.

പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല.

വന്യമൃഗശല്യം തുടർക്കഥയായി.

നിർമാണ നിരോധനം തുടരുന്നു.

മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യമായില്ല. ഇവിടുത്തെ കെട്ടിടം പണികൾ ഇഴയുന്നു.

10 ചെയിൻകാരുടെ പട്ടയം തീരുമാനമായില്ല.

പണിപൂർത്തിയായി ഉദ്ഘാടനം നടത്തിയിട്ടും ചെറുതോണിയിലെ കംഫർട്ട് സ്‌റ്റേഷനും വെയിറ്റിങ് ഷെഡും തുറന്നില്ല.

പെരിഞ്ചാംകുട്ടിയിൽനിന്നും കുടിയിറക്കിയ ആദിവാസികൾക്ക് ഇനിയും സ്ഥലവും വീടും നൽകിയിട്ടില്ല.

സീറ്റ് കോൺഗ്രസിനോ കേരള കോൺഗ്രസിനോ; ആശയക്കുഴപ്പം

മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയായി കേരള കോൺഗ്രസ് (എം)ലെ മന്ത്രി റോഷി അഗസ്റ്റിൻ സ്ഥാനാർഥിത്വം ഉറപ്പിച്ച് പ്രചാരണ പരിപാടികൾ ആരംഭിച്ച് കഴിഞ്ഞു. എന്നാൽ, യു.ഡി.എഫിലാകട്ടെ ആര് മത്സരിക്കുമെന്നതിൽ അനിശ്ചിതത്വം മാറിയിട്ടില്ല. യു.ഡി.എഫിൽ കേരള കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണയും സീറ്റ് തങ്ങൾക്ക് തന്നെയാണെന്നാണ് അവരുടെ അവകാശവാദം. എന്നാൽ, മന്ത്രി റോഷിക്കെതിരെ കൂടുതൽ ശക്തനായ സ്ഥാനാർഥി വേണമെന്ന വാദമുയർത്തി സീറ്റ് ഏറ്റെടുക്കണമെന്ന നിലപാടിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം. ഇക്കാര്യം അവർ സംസ്ഥാന നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പൊതുവേയും ഇടുക്കി മണ്ഡലത്തിൽ പ്രത്യേകിച്ചും യു.ഡി.എഫ് മുന്നേറ്റമായിരുന്നു. കോൺഗ്രസ് സീറ്റ് ഏറ്റെടുത്താൽ ഈ വിജ‍യം ആവർത്തിക്കാൻ കഴിയുമെന്നാണ് നേതാക്കൾ പറയുന്നത്. യു.ഡി.എഫിൽ സീറ്റ് ജോസഫ് ഗ്രൂപ്പിനാണെങ്കിൽ പ്രഫ. എം.ജെ. ജേക്കബോ, നോബിൾ ജോസഫോ ആയിരിക്കും സ്ഥാനാർഥികളെന്നാണ് വിവരം. കോൺഗ്രസിനാണെങ്കിൽ ജോയി വെട്ടിക്കുഴിയുടെ പേരിനാണ് മുൻതൂക്കം. ഇതോടൊപ്പം കാര്യമായ പ്രതീക്ഷകളില്ലെങ്കിലും എൻ.ഡി.എ സ്ഥാനാർഥിയും മണ്ഡലത്തിലുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki newselectionlocalnews
News Summary - The fight will rage in the cabinet
Next Story