കഞ്ഞിക്കുഴി സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരില്ല; ജനം ദുരിതത്തിൽ
text_fieldsകഞ്ഞിക്കുഴി പ്രാഥമികാരോഗ്യ കേന്ദ്രം
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ ജനങ്ങളുടെ ഏക ആശ്രയമായ കഞ്ഞിക്കുഴി ഗവ. ആസ്പത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരും ജീവനക്കാരുമില്ല. മൂന്ന് സ്ഥിര ഡോക്ടർമാരെങ്കിലും വേണ്ട സ്ഥാനത്ത് ഒരാൾ മാത്രമാണുള്ളത്. വർക്ക് അറേഞ്ച്മെന്റിൽ ഒരു താൽക്കാലിക ഡോക്ടറുണ്ടെങ്കിലും വല്ലപ്പോഴുമാണെത്തുന്നതെന്ന് ജനങ്ങൾ പറയുന്നു.
ഉച്ചകഴിഞ്ഞ് സേവനമില്ലാത്തതിനാൽ കിടത്തിച്ചികിത്സയും പാളി. ഒരു ഡോക്ടർ അവധിയിലായാൽ പകരം ഡോക്ടറില്ലാത്ത അവസ്ഥയാണ്. 20 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ളകെട്ടിടമുണ്ടങ്കിലും ചികിത്സ ലഭിക്കാത്തതിനാൽ കിടപ്പുരോഗികളില്ല.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് ആശുപത്രിയുടെ പ്രവർത്തനമെങ്കിലും അവരും തിരിഞ്ഞു നോക്കാറില്ല .18 വാർഡുള്ള പഞ്ചായത്തിൽ പത്തു വാർഡിലും കൂടുതലും ആദിവാസികളാണ് വസിക്കുന്നത്. ചികിത്സ തേടി കിലോമീറ്ററുകൾ താണ്ടി ഇവിടെയെത്തുമ്പോൾ ഡോക്ടറില്ല എന്ന മറുപടി കേട്ട് മടങ്ങുകയാണ് പതിവ്. ഇവിടെ ചികിത്സ ലഭ്യമായില്ലെങ്കിൽ 30 കിലോമീറ്റർ അകലെ ഇടുക്കി മെഡിക്കൽ കോളജിലെത്തിയാൽ മാത്രമേ ഡോക്ടറെ കാണാൻ സാധിക്കൂ. മെഡിക്കൽ കോളജിലെത്താനുള്ള പണച്ചെലവും ദുരിതവും മൂലം പനി ബാധിതരും മറ്റ് രോഗികളും അങ്ങോട്ട് പോകാറില്ല.
ആശുപത്രിയിൽ ആവശ്യത്തിനു ജീവനക്കാരുമില്ല. ആകെയുള്ളത് രണ്ടോ മൂന്നോ നഴ്സുമാർ മാത്രം. ഇതിൽ ചിലർ അവധിയിലായിരിക്കും. മുമ്പ് കിടപ്പുരോഗികൾക്ക് സന്നദ്ധ സംഘടനകൾ മുഖേന സ്ഥിരമായി ഉച്ചഭക്ഷണം നൽകിയിരുന്നു. ഇതു നിലച്ചിട്ടു വർഷം നാല് കഴിഞ്ഞു. കെടുകാര്യസ്ഥത മൂലം വലഞ്ഞ നാട്ടുകാർ ആശുപത്രി സംരക്ഷണ സമിതി രൂപവത്കരിച്ചു. ആശുപത്രിയുടെ പ്രവർത്തനം നല്ല നിലയിൽ നടക്കാത്ത പക്ഷം സമര പരിപാടികൾ നടത്തുമെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

