ഗര്‍ത്തങ്ങൾ നിറഞ്ഞ് റോഡുകള്‍; ദുരിത യാത്രയില്‍ ജനം
text_fieldsഅടിമാലി: ഗര്‍ത്തങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയുളള യാത്ര ദുരിതമാകുന്നു. ദേശീയ-സംസ്ഥാന പാതകളും ഗ്രാമീണ റോഡുകളും അടക്കം അടിമാലി മേഖലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും റോഡുകള്‍ തകര്‍ന്ന് ഗതാഗതം താറുമാറായി. കനത്ത മഴ റോഡുകളില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് മാങ്കുളം പഞ്ചായത്തിലാണ്. പഞ്ചായത്ത് ആസ്ഥാനമായ മാങ്കുളത്തേക്ക് 12 വാര്‍ഡുകളില്‍ നിന്നുളള പ്രധാന റോഡുകളെല്ലാം തകര്‍ന്നു. പഞ്ചായത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കല്ലാര്‍ മാങ്കുളം റോഡ്, ആനകുളം - ആറാംമൈല്‍ റോഡ്, ആനകുളം -മാങ്കുളം റോഡ്, പെരുമ്പന്‍കുത്ത്-ആറാംമൈല്‍ റോഡ് , വേലിയാംപാറ-താളുംകണ്ടം തുടങ്ങി പ്രധാന റോഡുകളെല്ലാം കുണ്ടും കുഴിയുമായി. പീച്ചാട് മുതല്‍ കുരിശുപാറ വരെ റോഡിലൂടെ സാഹസിക യാത്രവേണം. കുഴിയില്‍ നിന്ന് കുഴിലേക്ക് ചാടിയാണ് ഇതുവഴി യാത്ര. നിര്‍മാണം പുരോഗമിക്കുന്ന ഈ ഭാഗത്ത് അപകടാവസ്ഥയിലുളള പഴയ കലുങ്കുകള്‍ പുനര്‍ നിര്‍മിക്കാതെ വീതി കൂട്ടുന്നതില്‍ വലിയ അഴിമതി നടക്കുന്നതായ ആരോപണവുമുണ്ട്.
2018 ലെ പ്രളയത്തില്‍ പെരുമ്പന്‍കുത്ത് ആറാംമൈല്‍ റോഡ് തകര്‍ന്നിരുന്നു. ഈ റോഡിനായി നിരവധി സമരങ്ങള്‍ ജനം ചെയ്തെങ്കിലും അധികൃതര്‍ കണ്ണ് തുറന്നിട്ടില്ല. അടിമാലി പഞ്ചായത്തിലെ കുറത്തികുടി-പഴംബ്ലിച്ചാല്‍ റോഡ് 30 ലക്ഷം രൂപ മുടക്കി വനംവകുപ്പ് നവീകരിച്ചെങ്കിലും ഇതുവഴി ഇപ്പോള്‍ വാഹനങ്ങള്‍ ഓടില്ല.
മച്ചിപ്ലാവ്-പ്ലാമല റോഡിന്റെ അവസ്ഥയും സമാനമാണ്. അടിമാലി- തലമാലി റോഡില്‍ അടിമാലി തോടിന് കുറുകെയുളള പാലവും ഇതിനോടനുബന്ധിച്ച റോഡും അപകടാവസ്ഥയിലാണ്. വെളളത്തൂവല്‍ പഞ്ചായത്തിലെ കൂമ്പന്‍പാറ- മാങ്കടവ് റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. പ്രളയത്തില്‍ തകര്‍ന്ന നായ്കുന്ന് റോഡും സഞ്ചാരയോഗ്യമല്ല.
15 കോടിയിലേറെ ചെലവില്‍ അഞ്ചിലേറെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രണ്ടാംമൈല്‍- ഉടുമ്പന്‍ചോല സംസ്ഥാന പാതയുടെ നിര്‍മാണവും തടസപ്പെട്ട് കിടക്കുന്നു. നിര്‍മാണ ചുമതല കിഫ്ബിയില്‍ നിന്ന് മാറ്റിയതാണ് കാരണം. മൂന്ന് പാലങ്ങളും പൊളിച്ചിട്ടിരിക്കുകയാണ്. റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി നടത്തിയ എര്‍ത്ത് വര്‍ക്കുകളും മറ്റും പൂര്‍ത്തിയാകാതെ കിടക്കുന്നു.
കുടിയേറ്റ പ്രദേശമായ കൊന്നത്തടിയാണ് റോഡ് തകര്‍ച്ചയില്‍ മുന്നിട്ട് നില്ക്കുന്ന മറ്റൊരു പഞ്ചായത്ത്. കനത്ത മഴ വെള്ളക്കെട്ട് സൃഷ്ടിച്ചതോടെ റോഡുകളില്‍ ഗട്ടറുകള്‍ നിറഞ്ഞ് ഗതാഗതം ദുരിതമായി മാറി. ഒളിമ്പ്യന്‍ കെ.എം.ബീനാമോളുടെ പേരിലുളള പണിക്കന്‍കുടി-കൊമ്പോടിഞ്ഞാല്‍, മരക്കാനം-പൊന്മുടി റോഡ് തകര്‍ന്ന് യാത്ര തടസപ്പെട്ട് കിടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

