മഴക്കുറവ്; ആശങ്കയിൽ കാർഷിക മേഖല
text_fieldsതൊടുപുഴ: മഴ കുറയുന്നത് ജില്ലയിലെ കാർഷിക മേഖലയെ ആശങ്കയിലാഴ്ത്തുന്നു. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം മഴ കാര്യമായി ലഭിക്കാത്തത് വിളകൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. മഴ കുറയുന്നത് കർഷകർ വലിയ ആശങ്കയോടെയാണ് കാണുന്നത്. സാധാരണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ കാലവര്‍ഷവും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തുലാവര്‍ഷവുമാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. എന്നാല്‍, ഇത്തവണ പതിവിന് വിരുദ്ധമായി ആഗസ്റ്റ് അവസാനം മുതല്‍ മഴ മാറിനില്‍ക്കുന്ന സാഹചര്യമാണുള്ളത്. ജില്ലയില്‍ പെയ്ത കാലവര്‍ഷത്തിന്റെ കണക്കനുസരിച്ച് നിലവില്‍ 42 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. സാധാരണ കാലവർഷം കനിഞ്ഞില്ലെങ്കിൽ തുലാവർഷം കനിയാറുള്ളതാണ്. ഇതും കൂടി ലഭിക്കാതെ വന്നാൽ കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത് പോലും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
കൃഷികൾ നേരിടുന്നത് വലിയ ഭീഷണി
മഴക്കുറവുമൂലം ഏലംകൃഷി വലിയ ഭീഷണിയാണ് നേരിടുന്നത്. സാധാരണ വേനല്‍ക്കാലയളവില്‍ ഷെയ്ഡ് നല്‍കിയാണ് കൃഷി സംരക്ഷിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് കൊടും വേനലില്‍ ജില്ലയിലെ 60 ശതമാനത്തോളം ഏലം കൃഷി ഉണങ്ങി നശിച്ചിരുന്നു. വീണ്ടും കൃഷിയിറക്കി വിളവെടുത്ത് വരുമ്പോഴാണ് പതിവില്‍നിന്ന് വ്യത്യസ്തമായി സെപ്റ്റംബറില്‍ തന്നെ കടുത്തചൂട് അനുഭവപ്പെട്ടുതുടങ്ങിയത്. കടുത്തചൂട് കുരുമുളക് കൃഷിക്കും തിരിച്ചടിയാണ്. നേരത്തേ കുമിള്‍ രോഗത്തെത്തുടര്‍ന്ന് ജില്ലയില്‍ കുരുമുളക് കൃഷിക്ക് സാരമായ നാശം സംഭവിച്ചിരുന്നു. പിന്നീട് വിലവര്‍ധിച്ചതോടെ കൃഷി വീണ്ടും സജീവമായി.
വിളവ് കുറയുകയും രോഗബാധ കൂടുതലാകുകയും ചെയ്തതോടെ വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ചൂട് നേരത്തേതന്നെ അനുഭവപ്പെട്ട് തുടങ്ങിയത്. ഇതു കുരുമുളക് ചെടികള്‍ കരിയുന്നതിന് കാരണമാകും.
ചൂട് കൂടിയതോടെ റബര്‍ പാല് ഉൽപാദനത്തിലും ഇടിവുണ്ട്. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ രാത്രി അനുഭവപ്പെടുന്ന തണുപ്പ് പാല് ഉത്പാദനം കൂടാന്‍ കാരണമായിരുന്നു.
ഇത്തവണ സെപ്റ്റംബറില്‍തന്നെ ചൂട് കൂടുന്ന സാഹചര്യമാണ്. ഇടവിള കൃഷിയായ കൊക്കോയെയും കടുത്തചൂട് സാരമായി ബാധിക്കുന്നുണ്ട്. കൊക്കോ തൈകള്‍ ഉണങ്ങി കരിയുന്നതിനും വിളവ് കുറയുന്നതിനും ചൂട് കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

