ആലപ്പുഴ-മധുര സംസ്ഥാനപാതയില്‍ കാർ മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്
text_fieldsആലപ്പുഴ-മധുര സംസ്ഥാനപാതയില്‍ നാല്പതേക്കര് ഭാഗത്ത്
മറിഞ്ഞ കാർ
വണ്ണപ്പുറം: ആലപ്പുഴ-മധുര സംസ്ഥാനപാതയില്‍ നാല്പതേക്കര് ഭാഗത്തെ എസ് വളവിൽ കാർ മറിഞ്ഞ് യാത്രക്കാര്‍ക്ക് നിസ്സാര പരിക്ക്. ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് അപകടം. വണ്ണപ്പുറം അമ്പലപ്പടി സ്വദേശികളായ ദമ്പതികൾ പട്ടയക്കുടിയില്പോയി തിരികെവരികയായിരുന്നു.
സ്ഥിരം അപകടമുണ്ടാകുന്ന ഇവിടെ ക്രാഷ്ബാരിയര്‍ സ്ഥാപിച്ചിരുന്നെങ്കിലും അതും തകര്‍ത്ത് കാര്‍ മറിയുകയായിരുന്നു.
കുത്തനെ ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങള്‍ക്ക് വളവില്‍ നിയന്ത്രണം നഷ്ടപ്പെടുക പതിവാണ്. വളവിന് സമീപം താമസിച്ചിരുന്ന കുടുംബം നിരന്തരമായുണ്ടാകുന്ന അപകട ഭീഷിണി ഭയന്ന് വീട് ഉപേക്ഷിച്ച് വാടക വീട്ടിലാണ് കഴിയുന്നത്. ഇവിടെ റോഡരികിൽ റിഫ്ലക്ടർ സ്ഥാപിച്ചും റോഡ് വീതികൂട്ടിയും അപകടരഹിതം ആക്കണമെന്ന ആവശ്യം അധികൃതർ ചെവിക്കൊണ്ടിട്ടില്ല. ഇവിടെ രണ്ടുവര്‍ഷം മുമ്പ് ലോറിമറിഞ്ഞ് രണ്ടുപേര്‍ മരിച്ചിരുന്നു. ഇതിന്പുറമേ ബുധനാഴ്ച വെളുപ്പിന് കള്ളിപ്പാറ കയറ്റത്തില്‍ പിക്അപ് കയറ്റംകയറവെ പിറകോട്ടുരുണ്ടും അപകടമുണ്ടായി. സംസ്ഥാനപാതയുടെ നാല്പതേക്കര് മുതല്‍ വെണ്മണിവരെ ഭാഗങ്ങള്‍ കുത്തനെ കയറ്റവും ഇറക്കവും കൊടുംവളവുകളുമാണ്. പലയിടങ്ങളിലും വീതികുറവുമുണ്ട്. റോഡ് ശാസ്ത്രീയമായി പുനര്‍നിർമിക്കാതെ ഇതുവഴി ഗതാഗതം സുഗമമാകുകയില്ല.

