കുരുക്കിൽ വലഞ്ഞ് അടിമാലി; നട്ടംതിരിഞ്ഞ് ജനം
text_fieldsഅടിമാലി സെൻട്രൽ ജങ്ഷൻ
അടിമാലി: പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾക്ക് തുടർച്ചയില്ല. ഇതോടെ കാലഹരണപ്പെട്ട നിയമത്തിന്റെ പേരിൽ ക്രൂശിക്കപ്പെടുകയാണ് വാഹന ഉടമകൾ. ദേശീയപാതയിലെ അമ്പലപ്പടി മുതൽ ഗവ. ഹൈസ്കൂൾ ജങ്ഷൻ വരെയും സെൻട്രൽ ജങ്ഷൻ മുതൽ കല്ലാർകുട്ടി പാൽക്കോ പമ്പിന് സമീപം വരെയുമാണ് ഗതാഗതം കുത്തഴിഞ്ഞ് കിടക്കുന്നത്.
ടൗണിൽ ബസുകൾ നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിർത്തി യാത്രക്കാരെ കയറ്റിയിറക്കണമെന്നുമാണ് നിയമം. എന്നാൽ, ഇത് കടലാസിൽ മാത്രമാണ്. ഓടിക്കുന്ന ഡ്രൈവർമാരുടെ ഇഷ്ടമനുസരിച്ചാണ് നിലവിൽ ബസുകൾ നിർത്തുന്നതും ആളെക്കയറ്റുന്നതുമെല്ലാം.
അതുപോലെ ഒരോ ദിവസവും ടാക്സി-ഓട്ടോ സ്റ്റാൻഡുകളുടെ വർധനയാണ് മറ്റൊരു പ്രതിസന്ധി. ഇവരും ടൗണിനെ വീർപ്പുമുട്ടിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരുടെ അലക്ഷ്യമായ പാർക്കിങ് ഉണ്ടാക്കുന്ന പ്രതിസന്ധിയും ചെറുതല്ല. ഇവരുടെ വാഹനങ്ങൾ രാവിലെ തന്നെ ടൗണിൽ നിറയും.
ഇതോടെ അത്യാവശ്യ ആവശ്യങ്ങളുമായി വാഹനങ്ങളിൽ എത്തുന്നവർ വാഹനം പാർക്ക് ചെയ്യാൻ കഴിയാതെ വലയും. ഒടുവിൽ നടപ്പാതകളിലോ ബസ്സ്റ്റാൻഡിലോ എത്തി നിയമവിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യും. ഇതോടെ എല്ലാം സ്തംഭിക്കുമെന്ന അവസ്ഥയിലാണ്.
ഹിൽഫോർട്ട് ജങ്ഷനിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും ഇരുഭാഗത്തേക്കുമുള്ള ബസുകൾ ജങ്ഷന് സമീപം തന്നെ ഏറെ നേരം നിർത്തിയിടുന്നത് കാരണം വാഹനങ്ങളുടെ നീണ്ട നിരകൾ ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ് ട്രാഫിക് പൊലീസ് ബസ്സ്റ്റാൻഡിലെ വൺവേ സമ്പ്രദായം പരിഷ്കരിക്കാൻ ആവശ്യപ്പെടുന്നത്. വി.ടി ജങ്ഷൻ വഴി സർവിസ് ബസുകൾ പുറത്തേക്കു പോയാൽ ഹിൽഫോർട്ട് ജങ്ഷനിലെ കുരുക്ക് അഴിക്കാൻ സാധിക്കും.
ഇവിടെ പൊലീസ് നിരീക്ഷണം ഇല്ലാത്ത സമയത്ത് ബസുകൾ ജങ്ഷന് സമീപം തന്നെ നിർത്തി യാത്രക്കാരെ എടുക്കുന്നതിനാൽ കുരുക്ക് തുടരുന്നു. അനധികൃത പാർക്കിങ് കാരണമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് നോ പാർക്കിങ് ബോർഡ് സ്ഥാപിച്ച സ്ഥലങ്ങളിലും പാർക്കിങ് പതിവ് കാഴ്ചയാണ്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടപ്പാതയിലും കാറുകൾ അടക്കമുള്ള ചെറിയ വാഹനങ്ങൾ നിർത്തിയിടുന്നത് കാൽനടക്കാരെയും വലക്കുന്നുണ്ട്.
നോക്കുകുത്തിയായി ട്രാഫിക് പൊലീസ് സ്റ്റേഷൻ
ഹൈറേഞ്ചിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് അടിമാലി. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തിയാണ് അടിമാലിയിൽ ട്രാഫിക് യൂനിറ്റ് ഉദ്ഘാടനം ചെയ്തത്. എസ്.ഐ അടക്കം 46 പൊലീസുകാരാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ എട്ട് പൊലീസുകാരാണ് ഇവിടെ ഉള്ളത്. ഇതോടെ സെൻട്രൽ ജങ്ഷനിലും ബസ്സ്റ്റാൻഡിലും മാത്രമായി ഇവർക്ക് ഡ്യൂട്ടി. നാലുപേർ ഇത്തരത്തിൽ മാറിയാൽ പിന്നെ ദിവസവും പട്രോളിങ് പ്രതിസന്ധിയിലാകും.
ഇതോടെ ബസ്സ്റ്റാൻഡിൽനിന്ന് ഡ്യൂട്ടിക്കാരനെ പിൻവലിക്കും. പിന്നെ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കെല്ലാം പെറ്റി അടിക്കലായി പട്രോളിങ് സംഘത്തിന്റെ പണി. എന്നാൽ, ഗതാഗതം സുഗമാക്കാനോ ട്രാഫിക് കുറ്റകൃത്യങ്ങൾ പരിഹരിക്കാനോ ഇവർ ഒരുക്കമല്ല. ചിലർ മൊബൈലുമായി ഹെൽമറ്റ് വേട്ടക്കും പുറപ്പെടും. ഇതോടെ പൊലീസിന്റെ പ്രവർത്തനം പിരിവിന് അപ്പുറം ഒന്നുമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

