വരയാടുകൾക്ക് പ്രജനനകാലം, ഇരവികുളം ദേശീയോദ്യാനം അടക്കുന്നു
text_fieldsഇരവികുളം ദേശീയോദ്യാനത്തിൽ പിറന്ന വരയാടിൻകുട്ടി
മൂന്നാർ: വരയാടുകളുടെ സംരക്ഷണകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം അടക്കുന്നു. വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് ഫെബ്രുവരി ഒന്നുമുതൽ ഏപ്രിൽ 30 വരെയാണ് അടച്ചിടുന്നത്. രാജമല എന്നറിയപ്പെടുന്ന വരയാടുകളുടെ സംരക്ഷണ കേന്ദ്രത്തിൽ 900 നടുത്ത് വരയാടുകളാണുള്ളത്. ജനുവരി ആദ്യവാരം മുതൽ പ്രദേശത്ത് വരയാടിൻകുഞ്ഞുങ്ങളെ കണ്ടുതുടങ്ങിയിരുന്നു.
ഇപ്പോൾ രാജമല, മേസ്തിരികെട്ട്, കുമരിക്കല്ല്, വരയാട്മൊട്ട തുടങ്ങിയ ഭാഗങ്ങളിൽ നിരവധി കുഞ്ഞുങ്ങൾ പിറന്നിട്ടുണ്ട്. ഇവക്ക് ശല്യമുണ്ടാകാതിരിക്കാനാണ് ഉദ്യാനം അടക്കുന്നത്. വരയാടുകളുടെയും നീലക്കുറിഞ്ഞിയുടെയും മറ്റ് അപൂർവജീവി വർഗങ്ങളുടെയും സംരക്ഷണ കേന്ദ്രമാണ് ഇരവികുളം. ബ്രിട്ടീഷ് ഭരണകാലത്ത് ഹാമിൽട്ടൻ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന പ്രദേശം നേരത്തേ കണ്ണൻദേവൻ കമ്പനിയുടെ കൈവശമായിരുന്നു.
1895ൽ മേഖലയെ സംരക്ഷിത പ്രദേശമാക്കി പ്രഖ്യാപിച്ചു. 1971ൽ കേരള സർക്കാർ ഈ പ്രദേശം ഏറ്റെടുത്തു. ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് 1975 ലാണ്. 97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണം. ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമായി കഴിഞ്ഞ വർഷം ഇരവികുളം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

