Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേവികുളം: ഉയരം...

ദേവികുളം: ഉയരം കൂടുന്തോറും പോരാട്ട വീര്യവും കൂടും

text_fields
bookmark_border
ദേവികുളം: ഉയരം കൂടുന്തോറും പോരാട്ട വീര്യവും കൂടും
cancel

അടിമാലി: തോട്ടം-കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെടുന്ന ദേവികുളം നിയമസഭ മണ്ഡലത്തില്‍ ഇരു മുന്നണികളും പ്രതീക്ഷയിലാണ്. കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണ യു.ഡി.എഫും അവസാന നാല് ടേമിൽ എല്‍.ഡി.എഫുമാണ് മണ്ഡലത്തില്‍ വിജയിച്ചത്. സിറ്റിങ് എം.എല്‍.എ എ. രാജതന്നെ ഇടത് മുന്നണി സ്ഥാനാർഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.

മൂന്ന് തവണ സി.പി.എം പ്രതിനിധിയായി നിയമസഭയില്‍ എത്തിയ രാജേന്ദ്രന്‍ ഇപ്പോള്‍ ബി.ജെ.പിയിലാണെന്നതും ഈ തെരഞ്ഞെടുപ്പിലെ കൗതുകക്കാഴ്ച. ബി.ജെ.പി സ്ഥാനാർഥിയായി രാജേന്ദ്രന്‍ വരുമെന്ന് ഊഹാപോഹങ്ങളുണ്ടെങ്കിലും അവസാന ചിത്രം തെളിഞ്ഞിട്ടില്ല.

2006 മുതല്‍ എസ്. രാജേന്ദ്രനാണ് ദേവികുളത്ത് വിജയിക്കുന്നത്. 1991 മുതല്‍ മൂന്ന് തവണ വിജയിച്ച എ.കെ. മണിയില്‍നിന്നാണ് എസ്. രാജേന്ദ്രന്‍ മണ്ഡലം പിടിച്ചെടുത്തത്. മൂന്ന് ടേമിന് ശേഷം കഴിഞ്ഞ തവണ എ. രാജയിലൂടെ മണ്ഡലം എല്‍.ഡി.എഫ് നിലനിര്‍ത്തി.

എതിരാളി ഡി. കുമാറിനെ തോൽപിച്ചാണ് എ. രാജ വിജയിച്ചത്. സാമുദായിക പ്രശ്‌നം ഉയര്‍ത്തി അയോഗ്യത ഉള്‍പ്പെടെ തെരഞ്ഞെടുപ്പിന് ശേഷം സമാനതകളില്ലാത്ത പ്രതിസന്ധി രാജ നേരിട്ടു.

ഒടുവില്‍ സുപ്രീംകോടതി വരെ കേസ് നീളുകയും രാജക്ക് അനുകൂലമായി വിധി വരുകയും ചെയ്തു.

ആറ് തവണ തെരഞ്ഞെടുപ്പിനെ നേരിട്ട എ.കെ. മണിയെ മാറ്റി പുതുമുഖത്തെ രംഗത്തിറക്കാനാണ് യു.ഡി.എഫ് നീക്കമെന്ന് അറിയുന്നു.

തമിഴ് വംശജരും ആദിവാസികളും പിന്നാക്ക വിഭാഗക്കാരും ഗതി നിർണയിക്കും

തമിഴ് വംശജരപ്പോലെതന്നെ ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗക്കാരും കൂടുതലുള്ള മണ്ഡലമാണ് ദേവികുളം. കാര്‍ഷിക മേഖലയിലും നിർണായകമാണ്. ജില്ല രൂപവത്കരിക്കുന്നതിന് മുമ്പ് നിലവില്‍ വന്ന മണ്ഡലമാണ് ദേവികുളം. 1957ലാണ് മണ്ഡലം നിലവില്‍ വന്നത്. സി.പി.ഐയിലെ റോസമ്മ പുന്നൂസാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തെരഞ്ഞെടുപ്പ് ട്രൈബ്യൂണല്‍ റദ്ദാക്കി. അന്ന് ട്രൈബ്യൂണലായിരുന്നു കേസ് പരിഗണിച്ചത്. 1957 നവംബര്‍ 14നായിരുന്നു വിധി. 1958ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ച റോസമ്മ പുന്നൂസ് 1958 ജൂണ്‍ 30ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സി.പി.ഐയില്‍നിന്ന് മണ്ഡലം സി.പി.എം ഏറ്റെടുത്തു. എന്നാല്‍, സുന്ദരന്‍ മുരുകാണ്ഡിയിലൂടെ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തു. അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍. ഗണപതിയിലൂടെ കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ ജി. വരദനിലൂടെ എല്‍.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു.

കിട്ടപ്പ നാരായണ സ്വാമിയിലൂടെ യു.ഡി.എഫ് തിരിച്ചുവന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ജി. വരദനിലൂടെയും പിന്നീട് എസ്. സുന്ദരമാണിക്യത്തിലൂടെ എല്‍.ഡി.എഫ് മണ്ഡലം നിലനിര്‍ത്തി. പിന്നീട് എ.കെ. മണി മൂന്ന് പ്രാവശ്യം വിജയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന എസ്. രാജേന്ദ്രനിലൂടെ എല്‍.ഡി.എഫ് തിരിച്ചെത്തി. പിന്നീട് മൂന്ന് തവണ വിജയിച്ച രാജേന്ദ്രനെ മാറ്റി എ. രാജയിലൂടെ എല്‍.ഡി.എഫ് മണ്ഡലം നിലനിര്‍ത്തി.

ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന അടിമാലി, കാന്തല്ലൂര്‍, മറയൂര്‍, മാങ്കുളം, മൂന്നാര്‍, വട്ടവട, വെള്ളത്തൂവല്‍, ദേവികുളം, പള്ളിവാസല്‍, ഇടമലക്കുടി എന്നീ പഞ്ചായത്തുകളും ഉടുമ്പഞ്ചോല താലൂക്കില്‍ ബൈസണ്‍ വാലി, ചിന്നക്കനാല്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ദേവികുളം നിയമസഭ മണ്ഡലം.

ഭരണ നേട്ടങ്ങൾ

  • മൂന്നാർ സ്പെഷാലിറ്റി ആശുപത്രിക്ക് ഭരണാനുമതി ലഭിച്ച് നിർമാണ ഉദ്ഘാടനം നടത്തി.
  • മച്ചിപ്ലാവ് അമ്മയും കുഞ്ഞും ആശുപത്രി ആരംഭിക്കുന്നതിന്
  • ഇടുക്കി പാക്കേജിൽനിന്ന് 15 കോടി.
  • അടിമാലി താലൂക്ക് ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കാൻ ഇടുക്കി പാക്കേജിൽനിന്ന് 8.94 കോടി.
  • പയസ് നഗർ-കാന്തല്ലൂർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ
  • ഉയർത്തുന്നതിന് 7.80 കോടി.
  • ദേവികുളം മണ്ഡലത്തിലെ അഞ്ച് സ്കൂളുകളുടെ നവീകരണത്തിനായി - 5 കോടി.
  • മൂന്നാറിൽ പഞ്ചായത്തുതല ബസ് സ്റ്റാൻഡ് നിർമ്മാണം
  • - 2 കോടി.
  • ദേവികുളത്ത് സർക്കാർ ജീവനക്കാർക്ക് താമസത്തിനുള്ള
  • ക്വാർട്ടേഴ്സ് -3 കോടി.
  • മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം ദേവികുളം റോഡിൽ പാലം
  • നിർമാണം- 3 കോടി.
  • പട്ടിശേരി ഡാമിന്റെയും കനാൽ സംവിധാനത്തിന്റെയും
  • നിർമ്മാണത്തിനായി - 17 കോടി.
  • വട്ടവട - ടോപ് സ്റ്റേഷൻ - മൂന്നാർ റോഡിന്‍റെ വികസനത്തിനായി
  • തുക അനുവദിച്ചു.
  • ദേവികുളം അഡ്വഞ്ചർ അക്കാദമി കെട്ടിട നിർമ്മാണം- 7 കോടി.
  • മൂന്നാർ മറയൂർ റോഡിൽ കന്നിമല പാലം - 3 കോടി.

കോട്ടങ്ങൾ

  • ദേവികുളത്ത് വികസനങ്ങൾ പലതും പ്രഖ്യാപനങ്ങളിലാണ്.
  • ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമ്മയും കുഞ്ഞും ജില്ല
  • ആശുപത്രി ഇപ്പോഴും കടലാസിൽ മാത്രം.
  • അടിമാലി താലൂക്കാശുപത്രി വികസനം അട്ടിമറിക്കപ്പെട്ടു.
  • കുടിയേറ്റ കർഷകരുടെ പട്ടയ നടപടികൾ അട്ടിമറിക്കപ്പെട്ടു.
  • വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യ വികസനങ്ങളില്ല.
  • തോട്ടം തൊഴിലാളികൾക്ക് ശമ്പള വർധനയോ , സ്വന്തമായി വീടോ ഇല്ല.
  • ഭവന പദ്ധതികൾ കാര്യക്ഷമമല്ല.
  • ജാതി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിൽ സർക്കാർ കാര്യക്ഷമമായി
  • പ്രവർത്തിക്കുന്നില്ല.
  • വാളറ വനമേഖലയിൽ വികസനം പ്രതിസന്ധിയിൽ തുടരുന്നു.

സ്ഥാനാർഥി സാധ്യത; ചർച്ചകൾ

സി.പി.എമ്മിനോട് വിട പറഞ്ഞ മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിൽ ചേർന്നതാണ് മണ്ഡലത്തിലെ ഇത്തവണത്തെ പ്രധാന ചർച്ച. ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി കളത്തിലിറങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാജേന്ദ്രൻ മത്സരരംഗത്ത് ഉണ്ടാകുമോ എന്ന ചോദ്യം തള്ളാതെയാണ് ബി.ജെ.പി നീക്കം. എൽ.ഡി.എഫ് എ. രാജക്ക് രണ്ടാമതും അവസരം നൽകിയിട്ടുണ്ട്. 10 വർഷത്തെ ഭരണനേട്ടം തങ്ങൾക്ക് ജയം ഉറപ്പിക്കുമെന്ന് എൽ.ഡി.എഫ് പറയുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ചിത്രം ഇതുവരെ തെളിഞ്ഞിട്ടില്ല. സംസ്ഥാന നേതൃത്വം എ.കെ. മണിയുടെ പേര് നേരത്തെ ഒഴിവാക്കിയിരുന്നെങ്കിലും സാധ്യത തള്ളിക്കളയുന്നില്ല. എ.കെ. മണിക്കൊപ്പം മുത്തുരാജിന്‍റെ പേരും ഉയരുന്നുണ്ട്. എഫ്. രാജ, ബാല സുബ്രമണ്യൻ, എ.കെ. മണിയുടെ മകൻ മേക്ക് പെരിയ വദനൻ, കെ. കൃഷ്ണ മൂർത്തി എന്നിവരുടെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:devikulamelectionlocalnews
News Summary - Devikulam: The higher the height, the greater the fighting spirit
Next Story