സർക്കാറിന്റെ അടിയന്തര ഇടപെടൽ വേണം; പതിനാറാംകണ്ടം ഗവ. ആശുപത്രി ‘അത്യാസന്ന’ നിലയിൽ
text_fieldsപതിനാറാംകണ്ടം ഗവ. ആശുപത്രിയിലെ ഫാർമസി പൂട്ടിയനിലയിൽ
ചെറുതോണി: പതിനാറാംകണ്ടത്ത് പ്രവർത്തിക്കുന്ന ഇടുക്കി ബ്ലോക്കിനു കീഴിലെ വാത്തിക്കുടി പഞ്ചായത്ത് കമ്യൂണിറ്റി ഹെൽത്ത് സെന്റർ അത്യാസന്ന നിലയിൽ. ജീവനക്കാരില്ലാത്തതിനാൽ പ്രതിസന്ധി രൂക്ഷമായതോടെ ലാബ് നിർത്തി. ഫാർമസിയും പൂട്ടി. അഞ്ച് ഡോക്ടർമാർ ആവശ്യമുള്ള ആശുപത്രിയിൽ ഇപ്പോൾ മൂന്നു പേർ മാത്രമാണുള്ളത്. ഇതിൽ ഒരു ഡോക്ടറെ വർക്കിങ് അറേഞ്ച്മെന്റ് എന്ന പേരിൽ സ്ഥലംമാറ്റി. ശേഷിക്കുന്നവർ ഏതാനും മാസമായി അവധിയിലാണ്. വാത്തിക്കുടി പഞ്ചായത്ത് കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഒരു ഡോക്ടറാണ് ഇപ്പോഴുള്ളത്.
ഉച്ചക്കു ശേഷം ഒ.പി പ്രവർത്തിക്കുന്നില്ല. അതിനിടെ ആശുപത്രിയിലെ ലാബിലുണ്ടായ അപകടത്തെത്തുടർന്ന് പരിക്കേറ്റ ടെക്നീഷൻ അവധിയിൽ പോയതോടെ ലാബ് പൂട്ടേണ്ടി വന്നു. ഇവിടെയുണ്ടായിരുന്ന ഫാർമസിസ്റ്റ് അവധിയിൽ പോയതോടെ ഫാർമസിയും പൂട്ടി. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് വർക്കിങ് അറേഞ്ച്മെന്റിൽ പൈനാവിൽനിന്ന് ഒരു ഫാർമസിസ്റ്റ് ആഴ്ചയിൽ ഒരു ദിവസം വീതം എത്തുന്നുണ്ട്. മൂന്ന് പി.എച്ച്.സി നഴ്സുമാരും ഒരു ഹെഡ് നഴ്സും മാത്രമാണ് ആശുപത്രിയിലുള്ളത്. പകർച്ചരോഗങ്ങൾ വർധിച്ചതോടെ ദിനംപ്രതി ശരാശരി ഇരുനൂറിലേറെ രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്.
വാത്തിക്കുടി, കാമാക്ഷി, മരിയാപുരം പഞ്ചായത്തുകളുടെ മധ്യഭാഗത്തായതിനാൽ ഈ പഞ്ചായത്തുകളിൽനിന്നുള്ള രോഗികളുടെ ആശ്രയമാണ് ആശുപത്രി. അടിയന്തരമായി സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വാത്തിക്കുടി പഞ്ചായത്തിലെ ഏക ആതുരാലയം താമസിയാതെ അന്ത്യശ്വാസം വലിക്കും.

