രാജനഗരിയിൽ ആര് വാഴും?
text_fieldsകെ.എൻ. ഉണ്ണികൃഷ്ണൻ, ദീപക് ജോയ്, അഞ്ജലി നായർ എന്നിവർ പ്രചരണത്തിൽ
തൃപ്പൂണിത്തുറ: യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യ പ്രാധാന്യമുള്ള മണ്ഡലമായ തൃപ്പൂണിത്തുറയിൽ ഇത്തവണ ത്രികോണ മത്സരമാകുമെന്നാണ് വിലയിരുത്തൽ. നിസ്സാര വോട്ടുകൾക്ക് ജയപരാജയങ്ങൾ മാറിമറിയുന്ന മണ്ഡലം കൂടിയാണിത്. തൃപ്പൂണിത്തുറയിൽ ജയിക്കുക എളുപ്പമല്ലെന്നു ചരിത്രം പറയും. 1965 മുതൽ 2021 വരെ നടന്ന 14 തെരഞ്ഞെടുപ്പുകളിൽ എട്ട് തവണ യു.ഡി.എഫിനെയും ആറ് തവണ എൽ.ഡി.എഫിനെയും മണ്ഡലം തുണച്ചു.
ഒരു കാലത്ത് സി.പി.എമ്മിന്റെ ചുവപ്പുകോട്ടയായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. മണ്ഡലം രൂപവത്കരിച്ച 1965 ലും 1967ലും എൽ.ഡി.എഫിന്റെ ടി.കെ. രാമകൃഷ്ണൻ തൃപ്പൂണിത്തുറയെ ചുവപ്പിച്ചു. മണ്ഡലത്തിൽ കോൺഗ്രസിനു വേരോട്ടമുണ്ടാക്കിയത് പോൾ പി. മാണിയുടെ നിശ്ചയദാർഢ്യമാണ്. വിട്ടുകൊടുക്കാതെ പൊരുതിയ പോൾ പി. മാണി 1970 ൽ വെറും 360 വോട്ടിന് ടി.കെയെ വീഴ്ത്തി. 1975ൽ ലീഗ് സ്ഥാനാർഥി കെ.എ. ഹംസക്കുഞ്ഞിനെ തോൽപിച്ച് ടി.കെ. മണ്ഡലം തിരിച്ചുപിടിച്ചു. 1980ലും ടി.കെ. വിജയിച്ചു. യു.ഡി.എഫ് ഘടകകക്ഷിയായ എൻ.ഡി.പിയുടെ എം.എൻ. വേലായുധൻ നായരെയാണ് തോൽപിച്ചത്. ടി.കെ. ആഭ്യന്തര മന്ത്രിയായി.
1982ൽ ടി.കെ. എന്ന വൻ മരത്തെ വീഴ്ത്തിയത് എൻ.സി.പിയുടെ കെ.ജി.ആർ. കർത്ത. ആഭ്യന്തര മന്ത്രിയായിരുന്ന ടി.കെ തോറ്റത് 761 വോട്ടിന്. 1987ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ വി. വിശ്വനാഥ മേനോൻ തൃപ്പൂണിത്തുറയെ വീണ്ടും ചുവപ്പിച്ചു. 1991ലാണ് കോൺഗ്രസ് തൃപ്പൂണിത്തുറയിൽ ഉറച്ച കോട്ട പണിത് തുടങ്ങിയത്. അങ്കമാലിയിൽ നിന്നെത്തിയ കെ. ബാബുവെന്ന യുവാവിലൂടെ എൽ.ഡി.എഫിന്റെ എം.എം. ലോറൻസിനെ വീഴ്ത്തിയായിരുന്നു തുടക്കം. 1996ൽ സി.പി.എമ്മിലെ ഗോപി കോട്ടമുറിക്കൽ, 2001ൽ കെ. ചന്ദ്രൻപിള്ള, 2006ൽ കെ.എൻ. രവീന്ദ്രനാഥ്, 2011ൽ സി.എം. ദിനേശ് മണി എന്നിവരെയാണ് തോൽപ്പിച്ചത്. 2016ൽ എം. സ്വരാജിലൂടെ എൽ.ഡി.എഫ് ബാബുവിന്റെ കോട്ട പൊളിച്ചു.
എന്നാൽ, 2021ൽ സ്വരാജിനെ തന്നെ വീഴ്ത്തി ബാബു മണ്ഡലം തിരിച്ചുപിടിച്ചു. 992 വോട്ട് മാത്രമായിരുന്നു ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് കോടതി കയറുകയും ചെയ്തു. ഇക്കുറി മത്സരിക്കാനില്ലെന്ന് ബാബു പ്രഖ്യാപിച്ചതോടെ പുതിയൊരു ജനപ്രതിനിധിയെ തേടുകയാണ് തൃപ്പൂണിത്തുറ. വൈപ്പിനിലെ സിറ്റിങ് എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കൊച്ചി ഡെപ്യൂട്ടി മേയർ ദീപക് ജോയി ആണ് യു.ഡി.എഫ് സ്ഥാനാർഥി. എൻ.ഡി.എക്ക് വേണ്ടി നടി അഞ്ജലി നായർ ട്വന്റി 20 ടിക്കറ്റിൽ മത്സരിക്കുന്നു.
പുതുമുഖങ്ങളെ രംഗത്തിറക്കി അട്ടിമറി വിജയം നേടിയ ചരിത്രത്തിനെറ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. തൃപ്പൂണിത്തുറ, മരട് നഗരസഭകളും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളും കൊച്ചി നഗരസഭയുടെ 11 മുതൽ 18 വരെ വാർഡുകളും അടങ്ങുന്നതാണ് തൃപ്പൂണിത്തുറ മണ്ഡലം. ലോകസഭ, നിയമസഭ തെരെഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനാണ് മുൻതൂക്കം. അതേസമയം ജില്ലയിൽ ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലം കൂടിയാണ് തൃപ്പൂണിത്തുറ. മരട് നഗരസഭയും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളും യു.ഡി.എഫ് ആണ് ഭരിക്കുന്നതെങ്കിലും തൃപ്പൂണിത്തുറ നഗരസഭ ഭരിക്കുന്നത് ബി.ജെ.പിയാണ്. തൃപ്പൂണിത്തുറ നഗരസഭയും കുമ്പളം, ഉദയം പേരൂർ പഞ്ചായത്തുകളും കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നഷ്ടമായി.
കെ.എൻ. ഉണ്ണികൃഷ്ണൻ (എൽ.ഡി.എഫ്)
കടവന്ത്ര കെഴുപ്പിള്ളിൽ അപ്പു നാരായണന്റെയും മാധവിയുടെയും മകനായി 1961 ജനുവരി 19 ന് ജനനം. 2021 ൽ കന്നിയങ്കത്തിൽ വൈപ്പിൻ മണ്ഡലത്തിൽ നിന്ന് 8201 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. മികച്ച നവാഗത നിയമസഭാംഗത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ ബ്ലോക്ക്, ജില്ലാ ഭാരവാഹി. സി.പി.എം സൗത് ലോക്കൽ സെക്രട്ടറി, എറണാകുളം ഏരിയ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ ജില്ലാ സെക്രട്ടേറിയറ്റംഗം. കൊച്ചി കോർപറേഷൻ കൗൺസിലർ, കൊച്ചി ദേവസ്വം ബോർഡ് അംഗം, ഇ.എം.എസ് സാംസ്കാരിക കേന്ദ്രം ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: അംബിക. മക്കൾ: രമ്യ, രേഷ്മ.
ദീപക് ജോയ് (യു.ഡി.എഫ്)
കൊച്ചി നഗരസഭാ ഡെപ്യുട്ടി മേയർ. വിദ്യാർഥി സംഘടനയിലൂടെയാണ് പൊതുരംഗത്തെത്തിയത്. എറണാകുളം അയ്യപ്പൻകാവിൽ പൊരുവേലിൽ പി.എൻ. ജോയിയുടെയും വി.ആർ. സുധയുടെയും മകനാണ്. 2015ൽ അയ്യപ്പൻകാവ് ഡിവിഷനിൽനിന്ന് കൊച്ചി നഗരസഭാംഗമായി.കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ദേശീയ കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2021ൽ വൈപ്പിനിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ഭാര്യ: ആരതി ബിനോദ്. മകൾ: ആത്മിക.
അഞ്ജലി നായർ (എൻ.ഡി.എ)
ചലച്ചിത്ര നടിയും മോഡലും ആണ് അഞ്ജലി നായർ. ഗിരിധരൻ നായർ-ഉഷ ദമ്പതികളുടെ മകളായി1988 ൽ തൃപ്പൂണിത്തുറയിൽ ജനനം. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. ‘മാനത്തെ വെള്ളിത്തേര്’ സിനിമയിൽ ബാലതാരമായാണ് തുടക്കം. നിരവധി സംഗീത ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: അജിത്ത് രാജു. മക്കൾ: ആവണി, അനീഷ്.
മുൻ വിജയികൾ
1965, ’67, ’77, ’80 ടി.കെ. രാമകൃഷ്ണൻ
-സി.പി.എം
1970 പോൾ പി. മാണി-കോൺഗ്രസ്
1982 കെ.ജി.ആർ. കർത്ത-എൻ.ഡി.പി
1987 വിശ്വനാഥ മേനോൻ-സി.പി.എം
1991, ’96, 2001, 2006, 2011,
2021 കെ. ബാബു-കോൺഗ്രസ്
2016 എം. സ്വരാജ്-സി.പി.എം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

