വേണം ജാഗ്രത; ‘വൈറലാണ്’ വൈറൽ പനി
text_fieldsകൊച്ചി: മഴ കനത്തതോടെ പനിക്കിടക്കയിലാണ് നാട്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ജില്ലയിൽ 12291 പേരാണ് പനിബാധിച്ച് ചികിത്സ തേടിയതെന്ന് സർക്കാർ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 335 പേർക്ക് കിടത്തിച്ചികിത്സയും നിർദേശിക്കപ്പെട്ടിട്ടുണ്ട്. വൈറൽപനി ബാധ തടയുന്നതിനായി മുൻകരുതലെടുക്കേണ്ടത് അത്യാവശ്യമാണ്.
ജില്ലയിൽ ഇൻഫ്ലുവൻസ ബാധിതർ വർധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വൈറൽ പനി, ഇൻഫ്ലുവൻസ രോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കുസാറ്റിലെ റെഗുലർ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റേണ്ട സാഹചര്യം സമീപദിവസങ്ങളിലുണ്ടായിരുന്നു. പന്നിപ്പനിയെ തുടർന്ന് ചൂണ്ടിയിലെ ഭാരത മാത കോളജ് അടച്ചതും ഏതാനും ആഴ്ചകൾക്കിടയിലാണ്. ലോ കോളജിലെ ഒരു വിദ്യാർഥിക്കായിരുന്നു പന്നിപ്പനി സ്ഥിരീകരിച്ചത്.
മഞ്ഞപ്പിത്ത ബാധിതരും ഏറെ
ജില്ലയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 11 പേർക്കാണ് ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്തത്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമൊക്കെയാണ് പ്രധാനമായും പകരുന്നത്. ഹെപ്പറ്റൈറ്റിസ് എ വൈറസ് ശരീരത്തെ ബാധിച്ചാൽ 80-95 ശതമാനം കുട്ടികളിലും 10-25 ശതമാനം മുതിർന്നവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല.
രണ്ട് മുതൽ ആറ് ആഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചിൽ, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിൽ ആവുക) എന്നിവയൊക്കെ രോഗ ലക്ഷണങ്ങളാണ്. പൊതുസ്ഥലങ്ങളിലെ മലമൂത്രവിസർജനം, മനുഷ്യ വിസർജ്യത്താൽ മലിനമായ കുടിവെള്ളം എന്നിവ രോഗം നേരിട്ട് പകരുന്നതിന് കാരണമാകുന്നു.
ഡെങ്കിപ്പനി, എലിപ്പനി, മലേറിയ എന്നിവയും ജില്ലയുടെ വിവിധഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച കടയിരുപ്പ്, കലൂർ, കീച്ചേരി, മലയിടംതുരുത്ത്, പിറവം, കളമശ്ശേരി, തൃക്കാക്കര, വെണ്ണല എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി പുതുതായി റിപ്പോർട്ട് ചെയ്തത്. കാക്കനാട്, ചമ്പക്കര, മലയിടംതുരുത്ത് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച എലിപ്പനി റിപ്പോർട്ട് ചെയ്തത്. അയ്യമ്പിള്ളി, വേങ്ങൂർ, കാഞ്ഞൂർ എന്നിവിടങ്ങളിൽ മലേറിയയും റിപ്പോർട്ട് ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

