Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോറോ ഹെൽത്ത് കമ്പനിയിൽ കൂട്ടപ്പിരിച്ചുവിടൽ; പ്രതിഷേധിച്ച് ജീവനക്കാർ

text_fields
bookmark_border
എച്ച്.ആർ. മാനേജരെ അടക്കമാണ് പിരിച്ചുവിട്ടത്
കോറോ ഹെൽത്ത് കമ്പനിയിൽ കൂട്ടപ്പിരിച്ചുവിടൽ; പ്രതിഷേധിച്ച്  ജീവനക്കാർ
cancel

കൊച്ചി: പാലാരിവട്ടം ബൈപാസിൽ പ്രവർത്തിക്കുന്ന കോറോ ഹെൽത്ത് കമ്പനിയിൽ നൂറുകണക്കിന് ജീവനക്കാരെ അറിയിപ്പില്ലാതെ കൂട്ടത്തോടെ പിരിച്ചുവിട്ടതായി പരാതി. അമേരിക്കൻ കമ്പനികൾക്കായി മെഡിക്കൽ കോഡിങ് സേവനങ്ങൾ നൽകുന്ന സ്ഥാപനത്തിന് കൊച്ചി,കോഴിക്കോട്, ഹൈദരാബാദ്, നോയിഡ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ശാഖകളുണ്ട്.

കൊച്ചിയിലെ 500ലേറെ ജീവനക്കാരോടും കോഴിക്കോട് ഓഫിസിലെ 200ഓളം ജീവനക്കാരോടും വെള്ളിയാഴ്ച ജോലി സ്ഥലത്ത് എത്തിയപ്പോൾ ‘‘നാളെ മുതൽ ജോലിക്ക് വരേണ്ടതില്ല’’ എന്ന് കമ്പനി മാനേജ്മെന്റ് അറിയിക്കുകയായിരുന്നുവെന്ന് ജീവനക്കാർ ആരോപിച്ചു. എച്ച്.ആർ. മാനേജരെ അടക്കമാണ് പിരിച്ചുവിട്ടത്. തുടർന്ന് പ്രതിഷേധവുമായി ജീവനക്കാർ സ്ഥാപനത്തിന് മുന്നിൽ കുത്തിയിരുന്നു.

വിവരമറിഞ്ഞ് സി.ഐ.ടി.യു ജില്ലാ ജോയന്റ് സെക്രട്ടറി അഡ്വ. എ.ജി. ഉദയകുമാറും ചുമട്ടുതൊഴിലാളി യൂണിയൻ ജില്ല സെക്രട്ടറി പി.എസ്. സതീഷും സ്ഥലത്തെത്തി ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് കമ്പനി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ മേൽഅധികാരികളുമായി തുടർചർച്ചകൾ നടത്തുന്നതുവരെ നിലവിലെ സ്ഥിതി തുടരാനും ജീവനക്കാരെ വീണ്ടും ജോലിയിൽ പ്രവേശിപ്പിക്കാനും ധാരണയായതായി സി.ഐ.ടി.യു നേതാക്കൾ അറിയിച്ചു.

സംഭവത്തെ തുടർന്ന് തൃക്കാക്കര എം.എൽ.എ ഉമ തോമസും തൊഴിൽ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിഷയത്തിൽ ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. സ്ഥാപനത്തിൽ കടുത്ത തൊഴിൽ ചൂഷണമാണ് നടക്കുന്നതെന്നും മുൻകൂട്ടി നോട്ടീസ് നൽകാതെയുള്ള കൂട്ടപ്പിരിച്ചുവിടൽ അംഗീകരിക്കാനാവില്ലെന്നും സി.ഐ.ടി.യു ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. വിഷയത്തിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും സംഘടന അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mass layoffs at Coro Health Company; Employees protest
Next Story