സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലേക്ക്...
text_fieldsകൊച്ചി: തിങ്കളാഴ്ച മുതൽ മൂന്നുദിവസത്തേക്ക് തദ്ദേശസ്ഥാപനങ്ങളിൽ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം. കമ്മിറ്റികൾക്ക് രൂപംനൽകിയശേഷം വൈകാതെ തന്നെ കമ്മിറ്റി അധ്യക്ഷരെ തെരഞ്ഞെടുക്കുകയും വേണം. അതാത് വരണാധികാരികളുടെ കീഴിലായിരിക്കും അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.
കോർപറേഷനിൽ എട്ട്, നഗരസഭയിൽ ആറ്
കൊച്ചി കോർപറേഷനിൽ എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളാണുള്ളത്. ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ്യാഭ്യാസ-കായിക കാര്യം എന്നിവയാണിവ. നഗരാസൂത്രണവും നികുതി അപ്പീൽകാര്യവും നഗരസഭകളിലുണ്ടാവില്ല.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യ-വിദ്യാഭ്യാസ കാര്യം എന്നിങ്ങനെ നാല് സ്റ്റാൻഡിങ് കമ്മിറ്റികളുണ്ട്. ജില്ല പഞ്ചായത്തിൽ ധനകാര്യം, വികസനം, പൊതുമരാമത്ത്, ആരോഗ്യവിദ്യാഭ്യാസം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് കമ്മിറ്റികളാണുള്ളത്.
ആദ്യം വനിത സംവരണം
എല്ലാ സ്റ്റാൻഡിങ് കമ്മിറ്റികളിലും ഒരുസ്ഥാനം വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്നതും വനിത സംവരണ സ്ഥാനത്തേക്കായിരിക്കും.
സംവരണസ്ഥാനങ്ങൾ നികത്തിയ ശേഷമേ മറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുകയുള്ളൂ. അധ്യക്ഷ പദവിയിലേക്കും വനിത സംവരണമുണ്ട്.
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് സ്വയം നാമനിർദേശം സമർപ്പിക്കാം. മറ്റു തെരഞ്ഞെടുപ്പിലെ പോലെ മറ്റൊരാൾ നിർദേശിക്കുകയോ പിന്താങ്ങുകയോ ചെയ്യേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

