അപകടം പതിവ്: യാത്രക്കാർക്ക് ഭീഷണിയായി ദേശീയപാതയിലെ അനധികൃത പാർക്കിങ്
text_fieldsദേശീയപാതയിൽ അനധികൃതമായി പാർക്ക് ചെയ്ത ലോറി
ആലുവ: യാത്രക്കാർക്ക് ഭീഷണിയായി ദേശീയപാതയിലെ അനധികൃത ലോറി പാർക്കിങ്. പാർക്കിങ് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുമ്പോഴും ഇതിനെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ചൂർണിക്കര പഞ്ചായത്ത് പരിധിയിലാണ് അനധികൃത പാർക്കിങ് കൂടുതൽ. ആലുവ അതിർത്തിയായ പുളിഞ്ചോട് കവല മുതൽ കളമശ്ശേരി അതിർത്തിയായ മുട്ടംവരെ പല ഭാഗത്തും ലോറികൾ പാർക്ക് ചെയ്യുന്നു. വലിയ ലോറികൾവരെ ഇത്തരത്തിൽ റോഡിലേക്ക് കയറ്റിയിടുന്നത് പതിവാണ്. ഇതിനെതിരെ ചൂർണിക്കര പഞ്ചായത്ത് അധികൃതരടക്കം പലതവണ പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു നടപടിയുമുണ്ടായില്ല.
തായിക്കാട്ടുകര ഗാരേജിനടുത്ത് ഐശ്വര്യ നഗറിന് മുന്നിലാണ് വലിയ ലോറികളടക്കം പാർക്ക് ചെയ്യുന്നത്. ഒന്നിലധികം നിരകളായി റോഡിലേക്ക് കയറ്റി ലോറികൾ നിർത്തിയിടുന്നുണ്ട്. സമീപത്തെ റെസിഡന്റ്സ് അസോസിയേഷനും ഇതിനെതിരെ പലതവണ പരാതിപ്പെട്ടിരുന്നു. ഐശ്വര്യ നഗറിലെ താമസക്കാർക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ്. അനധികൃത പാർക്കിങ്ങിനെതിരെ ഐശ്വര്യ നഗറിലെ താമസക്കാരുടെ പരാതിയിൽ ഹൈകോടതി ഉത്തരവുണ്ടായിട്ടും നടപ്പാക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കണ്ടെയ്നർ ടെർമിനലിലും മറ്റും എത്തുന്ന ചരക്ക് ലോറിക്കാർക്ക് റിട്ടേൺ ട്രിപ്പിന് ലോഡ് ഒപ്പിച്ചുകൊടുക്കുന്ന ലോറി ബുക്കിങ് ഏജൻസികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
ഇവരെ ആശ്രയിക്കുന്ന ലോറികളാണ് ദേശീയപാതയോരങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്നത്. ഇത്തരം ഏജൻസികളാണ് അധികൃതരെ സ്വാധീനിച്ച് ലോറി പാർക്കിങ്ങിന് സൗകര്യമൊരുക്കുന്നത്. റിട്ടേൺ ലോഡ് ശരിയാകാൻ ദിവസങ്ങളോളം കാത്തുകിടക്കുന്ന ലോറികളുണ്ട്. ഇത്തരം ലോറികളിലെ ജീവനക്കാർ റോഡരികിൽ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

