ജില്ല ഭരണസാരഥ്യം കർഷകത്തൊഴിലാളി കുടുംബത്തിൽനിന്നുള്ള കരുത്തുറ്റ നേതാവിന്
text_fieldsജില്ല പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.ജി രാധാകൃഷ്ണന് മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റുമാരായ ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ, എൽദോസ് പി. കുന്നപ്പിള്ളി എം.എൽ.എ, ആശ സനിൽ എന്നിവർ ഹസ്തദാനം ചെയ്യുന്നു
കാക്കനാട്: പാമ്പാക്കുട ഡിവിഷനിൽ നിന്നും ജനവിധി തേടി വിജയിച്ച കോൺഗ്രസ് നേതാവായ കെ.ജി. രാധാകൃഷ്ണൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തുമ്പോൾ അത് ജില്ലയിലെ സാധാരണക്കാരായ ജനങ്ങൾക്കുള്ള അംഗീകാരം കൂടിയായി മാറുകയാണ്. കല്ലൂർക്കാട് കോട്ടപ്പുറത്തെ കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ചുവളർന്ന ഈ നാൽപ്പത്തിയേഴുകാരന്‍റെ സ്ഥാനാരോഹണം, ജനാധിപത്യ സംവിധാനത്തിൽ കഠിനാധ്വാനത്തിനുള്ള വലിയൊരു ഉദാഹരണമാണ്.
കെ.കെ. ഗോവിന്ദന്‍റെയും പരേതയായ ലീല ഗോവിന്ദന്‍റെയും മകനായ രാധാകൃഷ്ണൻ, മണ്ണിലും മനുഷ്യനിലും വിശ്വസിച്ച് നടത്തിയ പൊതുപ്രവർത്തനമാണ് അദ്ദേഹത്തെ ജില്ലയുടെ പ്രഥമ പൗരൻ എന്ന പദവിയിലേക്ക് ഉയർത്തിയത്. സസ്യ ശാസ്ത്രത്തിൽ ബിരുദധാരിയായ അദ്ദേഹം തന്റെ അക്കാദമിക് അറിവുകൾക്കൊപ്പം കാർഷിക വൃത്തിയിലെ പ്രായോഗിക അനുഭവങ്ങളും ഭരണതലത്തിൽ സമന്വയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് കെ.ജി. രാധാകൃഷ്ണൻ പൊതുരംഗത്തേക്ക് കടന്നുവരുന്നത്. മൂവാറ്റുപുഴ നിർമ്മല കോളജ്, എറണാകുളം സെന്‍റ് ആൽബർട്ട്സ് എന്നിവിടങ്ങളിലെ പഠനകാലത്ത് കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ്, ബോട്ടണി അസോസിയേഷൻ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ അദ്ദേഹം കഴിവ് തെളിയിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചു.
ഭാരതീയ ദളിത് കോൺഗ്രസിന്റെ ജില്ല പ്രസിഡന്റായും സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം മികച്ചൊരു സംഘാടകൻ കൂടിയാണ്. ഭരണരംഗത്ത് പുതുമുഖമല്ല കെ.ജി. രാധാകൃഷ്ണൻ. വാരപ്പെട്ടി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ അധ്യാപികയായ പ്രിയ നാരായണനാണ് ഭാര്യ. കല്ലൂർക്കാട് സെന്‍റ് അഗസ്റ്റിൻസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനി കെ.ആർ. ദേവനന്ദ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഗൗതം കൃഷ്ണ എന്നിവർ മക്കളാണ്. ഗ്രാമീണ മേഖല വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക് കടക്കുമെന്ന പ്രതീക്ഷയോടെയാണ് പുതിയ ഭരണസമിതിക്ക് ജില്ല സ്വാഗതമോതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

