പൈപ്പ് പൊട്ടി നടുറോഡിൽ കുഴി അപകടത്തിനിടയാക്കുന്നു
text_fieldsപട്ടിമറ്റം ഡബിൾപാലത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി രൂപംകൊണ്ട കുഴി
പട്ടിമറ്റം: ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി നടുറോഡിൽ രൂപപ്പെട്ട കുഴി അപകടക്കെണിയായി മാറുന്നു. പട്ടിമറ്റം-പെരുമ്പാവൂർ റോഡിൽ പട്ടിമറ്റം ഡബിൾപാലത്തിന് സമീപമാണ് കുഴി രൂപപ്പെട്ടത്.
ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് തള്ളിയ ഭാഗത്താണ് വൻകുഴി രൂപപ്പെട്ടത്. മഴക്കാലമായതോടെ കുഴി അറിയാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വീണ് അപകടം പതിവാണ്. റോഡ് പുതുതായി ടാർ ചെയ്തതിനാൽ വാഹനങ്ങൾ അമിതവേഗത്തിലാണ് വരുന്നത്. അടുത്തെത്തിയാൽ മാത്രമാണ് കുഴി ശ്രദ്ധയിൽപെടുക.
വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതിനാൽ പിറകിൽവരുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നു. നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടസാധ്യത നിലനിൽക്കുന്നതായും എത്രയുംവേഗം കുഴി അടക്കുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

