തൊഴിലുറപ്പ് പദ്ധതി; പേരുമാറി, അഴിമതിയുടെ വാതിലുകൾ തുറന്നുതന്നെ
text_fieldsകോഴിക്കോട്: പേരുമാറ്റിയെങ്കിലും തൊഴിലുറപ്പ് പദ്ധതിയായ വി.ബി.ജി.റാം ജിയിലും അഴിമതിക്കുള്ള അവസരങ്ങൾ തുടരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവസാനിപ്പിച്ച് കേന്ദ്രസർക്കാർ പുതിയ വികസിത് ഭാരത് ഗ്യാരന്‍റി ഫോർ റോസ് ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമിൺ രണ്ടുദിവസം മുമ്പ് ആരംഭിച്ചെങ്കിലും പ്രശ്നങ്ങൾ ഏറെ. പദ്ധതിയുടെ രൂപത്തിലും ഭാവത്തിലും നിർവഹണ രീതികളിലും കാതലായ മാറ്റങ്ങൾ വരുമെങ്കിലും നിയമവിധേയമായും സത്യസന്ധമായും നിർവഹിക്കേണ്ട ഉദ്യോഗസ്ഥ സംവിധാനത്തിൽ ഒരു മാറ്റവുമില്ലാത്തതാണ് ആശങ്കക്കിടയാക്കുന്നത്. ഉദ്ദേശിച്ച രീതിയിൽ ലക്ഷ്യം കാണാനാവാതെ തൊഴിലുറപ്പ് പദ്ധതിക്ക് തിരിച്ചടിയായത് പരാതിപരിഹാര സംവിധാനമായിരുന്നു. പുതിയ പദ്ധതിയിലും ഇത് തുടരാനുള്ള ഉദ്യോഗസ്ഥ ചരടുവലികൾ നടക്കുന്നതായി പരാതി ഉയരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ ഉദ്യോഗസ്ഥ അഴിമതി പരാതികളിന്മേൽ ജില്ല ഓംബുഡ്സ്മാന്മാർ അന്വേഷണവും ഹിയറിങ്ങും നടത്തി അഴിമതിക്കാരെന്ന് കണ്ടെത്തി വൻതുകകൾ തൊഴിലുറപ്പ് ഫണ്ടിലേക്ക് തിരിച്ചടച്ച് കരാർജീവനക്കാരെ വീണ്ടും തുടരാൻ അനുവദിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുടനീളം. പണി ചെയ്യാതെ പണം തട്ടിയ സംഭവങ്ങളിൽ നിരവധി തവണ പലിശയടക്കം തിരിച്ചടപ്പിച്ചവരുടെ കരാർ പുതുക്കി തുടരുന്ന സാഹചര്യത്തിൽ വി.ബി.ജി.റാം ജി പദ്ധതിയും അഴിമതിക്ക് കളമൊരുക്കുമെന്നാണ് സൂചന.
തൊഴിലുറപ്പ് പദ്ധതിയുടെയും വി.ബി.ജി.റാം ജിയുടെയും ജില്ലതല നിർവഹണ ഉദ്യോഗസ്ഥനാണ് ജില്ല കലക്ടർ. ഇക്കാര്യങ്ങളിൽ ജില്ല കലക്ടറെ സഹായിക്കുന്നതിനായി കേന്ദ്ര നിയമത്തിൽ ആരെയും അനുവദിച്ചിട്ടില്ലെങ്കിലും സംസ്ഥാന സർക്കാർ ജോ. പ്രോഗ്രാം കോഓഡിനേറ്റർ എന്ന പേരിൽ ഒരു ജില്ല ഉദ്യോഗസ്ഥനേയും അയാളുടെ കീഴിൽ ഏതാനും കരാർ ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. ഇവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഓരോ വിഷയം വരുമ്പോഴും നിയമപ്രകാരമുള്ള നടപടികൾ ജില്ല കലക്ടറെ ഉപദേശിക്കാൻ ബാധ്യതപ്പെട്ട ഇവർ തെറ്റായ ഉപദേശങ്ങൾ നൽകുന്നതിനാലാണ് ഇത്തരം ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടാകുന്നത്. എങ്ങനെയെങ്കിലും തുക ചെലവഴിക്കാൻ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മേൽ സമ്മർദം ചെലുത്തി അഴിമതിക്ക് കളമൊരുക്കുന്നത് ജെ.പി.സി ഓഫിസുകളാണ്. എന്നാൽ ജെ.പി.സി തസ്തികയും ഓഫിസും ഒഴിവാക്കിയശേഷം രണ്ടോ മൂന്നോ വകുപ്പ് ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി ജില്ല കലക്ടറുടെയോ ജില്ല വികസന കമീഷണറുയോ ചുമതലയിൽ ജില്ല വി.ബി.ജി.റാം ജി മോണിറ്ററിങ് സെൽ ഉണ്ടാക്കണമെന്ന നിരന്തരമായ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. പദ്ധതി നിർവഹണം നടത്തുന്ന വകുപ്പിലെ ഉദ്യോഗസ്ഥരായി പെൻഷൻ പറ്റുന്ന ആളുകളെ പെൻഷൻ പറ്റി നാലു വർഷമെങ്കിലും കഴിയാതെ അതേ പദ്ധതിയുടെ ജില്ല ഓംബുഡ്സ്മാനായി നിയമിക്കുകയും അതേ ജില്ലയിൽ തന്നെ നിയമനം നൽകുകയും ചെയ്യുന്ന രീതി തൊഴിലുറപ്പ് പദ്ധതിയിൽ വ്യാപകമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

