ജ്വല്ലറിയിൽ മോഷണം; ഏഴുകിലോ വെള്ളി ആഭരണങ്ങൾ കവർന്നു
text_fieldsമുല്ലക്കൽ ജ്വല്ലറിയിൽ മോഷ്ടാവ് കയറുന്നതിനായി പൊളിച്ച സീലിങ്
ആലപ്പുഴ: നഗരമധ്യത്ത് മുല്ലക്കൽ തെരുവിൽ സ്ഥിതിചെയ്യുന്ന ജ്വല്ലറിയിൽ മോഷണം. ഏഴ് കിലോ വെള്ളി ആഭരണങ്ങളും, ഗോൾഡ് മിൽറ്റ് ചെയ്ത ആറുലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കവർന്നു.
എം.പി. ഗുരു ദയാലിന്റെ ഉമസ്ഥതയിലുള്ള ഗുരുജുവലറിയിലാണ് മോഷണം. ആകെ 13 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓട് മേഞ്ഞ കടയുടെ പുറകിലെ മതിൽ രാത്രി ചാടിക്കടന്ന തസ്കരർ സീലിങ്ങ് പൊളിച്ചാണ് അകത്തു കടന്നത്. മുഖമാസ്ക്, കൈയുറ എന്നിവ ധരിച്ചതിനാൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല.
കടയിലെയും, മറ്റ് സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് നോർത്ത് എസ്.എച്ച്.ഒ സജീവ് കുമാർ പറഞ്ഞു. രാവിലെ കട തുറക്കാൻ ജീവനക്കാരെത്തിയപ്പോൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു.
സി.ഐ സജീവ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കിയട്ടുണ്ട്. സംഭവസ്ഥലത്ത് ഡി.വൈ.എസ്.പി മധുബാബു, സി.ഐ സജീവ് കുമാർ, പ്രിൻസിപ്പൽ എസ്.ഐ അനീഷ് കെ. ദാസ്, എസ്.ഐ അബ്ദുൽ ഖാദർ എന്നിവരെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ജുവലറിയിൽ ഡിസ്പ്ലേ ചെയ്തിരുന്നത് സ്വർണം പൂശിയ ആഭരണങ്ങളായിരുന്നു. അവയെല്ലാം മോഷ്ടാക്കൾ കൊണ്ടുപോയി. ഇതിന് ആറ് ലക്ഷം രൂപ വിലവരും.
എന്നാൽ ഇത് വിൽക്കാൻ ചെന്നാൽ വില ലഭിക്കില്ല. അതിനാൽ മറുനാട്ടുകാരായ ടീമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ജിപ്സം ഉപയോഗിച്ചാണ് കടയുടെ സീലിങ് ചെയ്തിരുന്നത്. ഓടിളക്കിയ മോഷ്ടാക്കൾ സീലിങ്ങിൽ ദ്വാരമുണ്ടാക്കി അതിലൂടെയാണ് കടക്കുള്ളിൽ കടന്നത്. ഒരാൾ മാത്രമാണ് കടക്കുള്ളിൽ കടന്നത്. മോഷ്ടിച്ച ആഭരണങ്ങൾ സീലിങ്ങിലെ ദ്വാരത്തിലൂടെ തന്നെ പുറത്ത് നിന്നവർക്ക് കൈമാറിയ ശേഷം അതേ ദ്വാരത്തിലൂടെ തന്നെ പുറത്ത് കടന്നതായാണ് സി.സി.ടി.വി ദൃശ്യത്തിൽ വ്യക്തമാവുന്നത്. മെലിഞ്ഞ ആളാണ് കടക്കുള്ളിൽ കയറിയത്.
പാദസരം, മോതിരം, മാല, വള എന്നിങ്ങനെ വെള്ളിയിൽ തീർത്ത ആഭരണങ്ങളാണ് മോഷണം പോയത്. വെള്ളി ആഭരണങ്ങൾക്ക് ഇപ്പോൾ ഡിമാൻഡ് കുറഞ്ഞതിനാൽ മിക്ക ജ്വല്ലറികളിലും അവ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്.
വ്യാപാരികൾ സ്ഥാപിച്ച കാമറകൾ പൊലീസ് മാറ്റിയത് മോഷ്ടാക്കൾക്ക് സഹായകമായി
മുല്ലക്കൽ തെരുവിൽ 10 ലക്ഷത്തോളം രൂപ മുടക്കി വ്യാപാരികൾ സ്ഥാപിച്ചിരുന്ന 30 കാമറകൾ പൊലീസ് ഇളക്കി മാറ്റിയിരുന്നു. അത് ഗുരു ജൂവലറിയിൽ മോഷണം നടത്തിയവർക്ക് അനുഗ്രഹമായി. മുല്ലയ്ക്കൽ അമ്മൻ കോവിൽ സ്ട്രീറ്റീൽ സ്ഥിതി ചെയ്യുന്ന സംഗീതജുവലറിയിൽ നിന്ന് ഒരു കിലോ സ്വർണം മോഷണം പോയതിനെ തുടർന്ന് അന്നത്തെ ജില്ല പൊലീസ് ചീഫ് കെ. സുരേന്ദ്രന്റെ നിർദേശ പ്രകാരം സീറോ ജങ്ഷൻ മുതൽ ജെട്ടി കൺട്രോൾ റൂം വരെയുള്ള ഭാഗങ്ങളിൽ ഗോൾഡ് മർച്ചന്റ്സ് അസോസിയേഷന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തിലാണ് കാമറകൾ സ്ഥാപിച്ചത്. മുല്ലക്കൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് പൊലീസ് അവ എടുത്ത് മാറ്റിയത്. പിന്നീട് പുനഃസ്ഥാപിച്ചില്ല. അന്ന് മോഷണം നടന്ന് മൂന്നു ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്ത് തൊണ്ടി മുതൽ കണ്ടെത്തിയിരുന്നു.
മുല്ലക്കൽ തെരുവിൽ പൊലീസ് പട്രോളിങ് ശക്തമാക്കണം -വ്യാപാരികൾ
ആലപ്പുഴ: ജില്ലയിലെ ഗോൾഡൻ സ്ട്രീറ്റായ മുല്ലക്കലിൽ പൊലീസ് പട്രോളിങ്ങ് ശക്തമാക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംഗീത ജുവലറി മോഷണവുമായി ബന്ധപ്പെട്ട് സംഘടന സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പൊലീസ് ചിലവിൽ പുനഃസ്ഥാപിക്കക്കമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. അന്നത്തെ പൊലീസ് ചീഫ് മുല്ലക്കലുള്ള വ്യാപാരികളുടെ സ്വത്തിനും, മുതലിനും സംരക്ഷണം നൽകാമെന്ന ഉറപ്പിന്മേൽ സ്ഥാപിച്ച കാമറകൾ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത് മാറ്റുകയായിരുന്നു. ഗുരു ജുവലറി മോഷണത്തോടെ വ്യാപാരികൾ ആശങ്കയിലാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആലപ്പുഴ ടൗൺ പ്രസിഡന്റും മുല്ലക്കൽ ഗുരുജുവലറി ഉടമയുമായ എം.പി. ഗുരു ദയാലിന്റെ കടയിൽ നടന്ന മോഷണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് നസീർ പുന്നക്കൽ, സംസ്ഥാന വർക്കിങ് പ്രസിഡന്റ് റോയി പാലത്ര, ജില്ല സെക്രട്ടറിമാരായ എ.ബി. തോമസ്, കെ. നാസർ, വിഷ്ണു സാഗർ, ബ്രദേഴ്സ് റഷീദ്, മുരുക ഷാജി, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സബിൽ രാജ്, വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി എ.ബി. അഫ്സൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

