എം.വി.ഡി ഉദ്യോഗസ്ഥർ യാത്രക്കാരായി; വാതിൽ തുറന്ന് സർവിസ്, എട്ട് ബസുകൾക്ക് പിടിവീണു
text_fieldsവാതിൽ തുറന്ന് സർവിസ് നടത്തിയതിന് ആലപ്പുഴയിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടിയ സ്വകാര്യ ബസ്
ആലപ്പുഴ: നിയമലംഘനം പിടികൂടാൻ എം.വി.ഡി ഉദ്യോഗസ്ഥർ വേഷംമാറി യാത്രക്കാരായി. വാതിൽ തുറന്ന് സർവിസ് നടത്തിയ എട്ട് സ്വകാര്യ ബസുകൾക്ക് പിടിവീണു. കഴിഞ്ഞദിവസം തിരുവമ്പാടിയിലെ സ്റ്റോപ്പിൽ ഇറങ്ങുന്നതിന് മുമ്പ് മുന്നോട്ടെടുത്ത സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് പുന്നപ്ര സഹകരണ എൻജിനീയറിങ് കോളജിലെ വിദ്യാർഥി ദേവീകൃഷ്ണക്ക് (23) പരിക്കേറ്റ സംഭവത്തിന് പിന്നാലെ ‘ഓപറേഷൻ ഗ്രീൻഡോർ’ പേരിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ നിയമലംഘനം നടത്തിയ ആലപ്പുഴ-മണ്ണഞ്ചേരി, ആലപ്പുഴ-ഇരട്ടക്കുളങ്ങര, ആലപ്പുഴ-കഞ്ഞിപ്പാടം തുടങ്ങിയ റൂട്ടുകളിലോടുന്ന പുഞ്ചിരി, റഫ, മെഹ്രാജ്, അബാബീൽ തുടങ്ങിയ ബസുകളാണ് പിടികൂടിയത്. ബസ് ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള തുടർനടപടിയുണ്ടാകും.
ചൊവ്വാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ 30ലധികം ബസുകളിൽ യാത്ര നടത്തിയാണ് നിയമലംഘനം കണ്ടെത്തിയത്. ബസ് ജീവനക്കാർ എം.വി.ഡി ഓഫിസിലെത്തി വിശദീകരണം നൽകി. ഇവ പരിശോധിച്ച് പിന്നീട് നിയമനടപടി സ്വീകരിക്കും. അപകടത്തിന്റെ പശ്ചാത്തലത്തിൽ വരുംദിവസങ്ങളിലും പരിശോധന വ്യാപകമാക്കും. വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ ആലപ്പുഴ-കഞ്ഞിപ്പാടം റൂട്ടിലോടുന്ന അൽഅമീൻ ബസ് ഡ്രൈവർ ജയകുമാർ, കണ്ടക്ടർ സുഭാഷ് എന്നിവരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ അശ്രദ്ധമായി വാഹനമോടിച്ചതിനും അപകടത്തിലായ വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കാതിരുന്ന ബസ് ജീവനക്കാർക്കെതിരെ സൗത്ത് പൊലീസും കേസെടുത്തിരുന്നു.
അപകടകരമായ ഡ്രൈവിങ്, ജീവനും സുരക്ഷക്കും ഭീഷണിയാകുന്ന അശ്രദ്ധമായ പെരുമാറ്റം, അപകടമുണ്ടാക്കി കടന്നുകളയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ക്ലാസ് കഴിഞ്ഞ് കളർകോട് സ്റ്റോപ്പിൽനിന്നാണ് ബസിൽ കയറിയത്. ഇറങ്ങേണ്ട വലിയ ചുടുകാട് സ്റ്റോപ്പിൽ നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല. യാത്രക്കാർ ബഹളംവെച്ചതോടെ അൽപംമാറി ബസ് നിർത്താൻ വേഗംകുറച്ചു. പെൺകുട്ടി ചവിട്ടുപടിയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബസ് അതിവേഗം മുന്നോട്ടെടുക്കുകയും തുറന്നിരുന്ന മുൻ വാതിലിലൂടെ റോഡരികിലേക്ക് വീഴുകയുമായിരുന്നു.
വീഴ്ചയിൽ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ തലയിടിച്ച് ബോധം നഷ്ടമായി. ബസുകാർ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തയാറായില്ല. ഈസമയം പിന്നാലെ കാറിൽ വന്ന യുവാവാണ് റോഡിൽ കിടന്ന വിദ്യാർഥിനിയെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചത്. പരിശോധനക്ക് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ രാംജി കെ. കരൻ, വി. അനിൽകുമാർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബിജോയി, സജിംഷാ, ജോബിൻ എന്നിവർ പങ്കെടുത്തു. വാതിൽ തുറന്ന് യാത്രക്കാരെ കയറ്റി സർവിസ് നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ വിഡിയോ പകർത്തി നൽകണമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഡി. ജയരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

