അങ്ങനെ പവനായി ശവമാകുമോ; പത്തിയൂർ സഖാക്കളുടെ ധർമസങ്കടം
text_fieldsകായംകുളം: അടിയുറച്ച ചുവപ്പുകോട്ടയായ പത്തിയൂർ ദേശം കൈപ്പിടിയിലാക്കാൻ കച്ചമുറുക്കിയവരുടെ ഗതി എന്താകുമോ, എന്തോ?. അമ്പും വില്ലും തുടങ്ങി സർവസജ്ജമായി മുന്നണികൾ കളം നിറഞ്ഞാടുകയാണ്. പവനായിമാരിൽ ആര് ശവമാകുമെന്നത് കണ്ടറിയണമെന്നാണ് നാട്ടുകാർ പറയുന്നത്. ഉമ്മറ കോലായിലിരുന്നുള്ള പഴയ സഖാക്കളുടെ വീരസ്യം പറച്ചിൽ അങ്ങോട്ട് ഏശുന്ന മട്ടില്ല.
ഇടതിനെ മുന്നിലെത്തിക്കാൻ പത്തിയൂർ മാത്രമായി വഹിച്ച പങ്കിനെക്കുറിച്ചാണ് പറച്ചിൽ. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നിലെത്തിയത് മുതലാണ് പറച്ചിലിന്‍റെ ശക്തി കൂടിയത്. രൂപവത്കരണം മുതൽ കൈയിലിരുന്ന പഞ്ചായത്തിന്‍റെ സ്ഥിതി ഇത്തവണ എന്താകുമോയെന്ന ആശങ്കയാണ് കറകളഞ്ഞ സഖാക്കളുടെയുള്ളിൽ. നവമാധ്യമ കാലത്ത് പാർട്ടിക്കുള്ളിലുണ്ടായ അന്തചിദ്രം ഘടനയെ അടിമുടി തകർത്തതാണ് കുഴപ്പങ്ങൾക്ക് കാരണമെന്നാണ് ഇവരുടെ വാദം.
ബി.ജെ.പി കൂടാരത്തിലേക്ക് ചേക്കേറിയ യുവ നേതാവിന്‍റെ സ്വാധീനം ലവലേശം തങ്ങളെ ബാധിച്ചിട്ടില്ലെന്ന് അറിയിക്കാനുള്ള തത്രപ്പാടിലുമാണ്. വ്യതിയാനം സംഭവിച്ച നേതാക്കളെ പാഠം പഠിപ്പിക്കാൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സ്വീകരിച്ച അടവുനയം അമ്പേ പാളിയതിന്‍റെ ജാള്യം അണികളിലുമുണ്ട്. മാറി കുത്തിയ വോട്ടിന്‍റെ കുത്തക പാർട്ടി വിട്ട നേതാവ് അടിച്ചെടുത്തതാണ് കാരണം.
ഇനിയെങ്ങനെ പാർട്ടിയെ തിരുത്തുമെന്ന തലപുകച്ചിലിലാണ് അണികൾ. സ്വന്തം പാർട്ടിക്ക് കുത്തിയാൽ സംഘടനക്ക് കുഴപ്പങ്ങളൊന്നുമില്ലെന്ന് നേതൃത്വം വിലയിരുത്തും. പാർലമെന്‍റിലെ പോലെ ബി.ജെ.പിക്ക് കുത്തിയാൽ നേട്ടം പാർട്ടി വിട്ട നേതാവ് അടിച്ചെടുക്കും. പ്രതിപക്ഷ പാർട്ടിക്ക് കുത്താമെന്ന് വെച്ചാൽ വാങ്ങാനുള്ള ശേഷി അവർ പ്രകടിപ്പിക്കുന്നുമില്ല. നേതാക്കളുടെ നയവ്യതിയാനത്തിനെതിരെ ഒരുസംഘം പത്തിയൂർ സി.പി.ഐ രൂപവത്കരിച്ച് കലാപക്കൊടി ഉയർത്തിയിരുന്നു. ഇപ്പോൾ അവരൊക്കെ സി.പി.ഐ പാർട്ടിയിലെ വലിയ നേതാക്കളായി വിലസുകയാണ്.
ഇതിനിടെ മറുകണ്ടം ചാടിയ നേതാവ് ഒറ്റക്കും തെറ്റക്കുമായി സി.പി.എമ്മിൽനിന്നും ചിലരെ അടർത്തിയെടുത്ത് ശക്തിതെളിയിക്കുന്നതിനെ തടയാൻ കഴിയാത്തതിലെ അസ്വസ്ഥതയും ശക്തമാണ്. പത്തിയൂരിന്‍റെ ഭരണം പിടിച്ച് ബി.ജെ.പിക്ക് മുന്നിൽ തന്‍റെ ശക്തി തെളിയിക്കാനുള്ള പടപ്പുറപ്പാട് വകവെച്ച് കൊടുക്കില്ലെന്നാണ് പറയുന്നത്. പഞ്ചായത്ത് കിട്ടിയാൽ താൻ ദേശീയതയിലേക്ക് ഉയരുമെന്നും കൂടെ നിൽക്കുന്നവർക്ക് അതിന്‍റെ ഗുണം കിട്ടുമെന്നുമാണ് വാഗ്ദാനം. ഇതെല്ലാം പറഞ്ഞിട്ട് അദ്ദേഹം കച്ചവടത്തിനായി മലകയറിയതിൽ ദേശീയതക്കാരിലെ പലർക്കുമത്ര രസിച്ചിട്ടില്ല.
ഇതിനെല്ലാമിടയിലാണ് പാർട്ടിയെ ശുദ്ധീകരിക്കാൻ അടവ് രാഷ്ട്രീയത്തിന് കച്ചകെട്ടിയ സഖാക്കളുടെ ധർമസങ്കടം മുഴങ്ങുന്നത്. ഉരുക്കുകോട്ടയിലെ പാർട്ടിക്ക് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കിട്ടിയ അടി എങ്ങനെ കൊണ്ടതാണെന്ന് നേതാക്കൾക്ക് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലായെന്ന പരിഭവവമുണ്ട്. ചോർച്ച കണ്ടെത്താൻ നിയോഗിച്ച കമീഷൻ വരെ മാറിക്കുത്തിയവരായതിനാൽ പരിഹാരമുണ്ടാകില്ലെന്നാണ് അടക്കംപറച്ചിൽ. എങ്കിലും ഇത്തവണ വർഗീയതയെ ചെറുത്തുതോൽപിക്കാൻ കഴിയുന്ന അടവുനയം സംഭവിക്കുമെന്ന പ്രതീക്ഷ പത്തിയൂർകാർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

