ക്ഷേത്രത്തിലെ കാണിക്ക തട്ടാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ
text_fieldsരാകേഷ്
കൃഷ്ണൻ
ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാണിക്കയെണ്ണുന്നതിനിടെ പണം തട്ടാൻ ശ്രമിച്ച കേസിൽ ഒളിവിലിരുന്ന ദേവസ്വം ജീവനക്കാരനെ പൊലീസ് പിടികൂടി. ദേവസ്വം വാച്ചർ കുമാരപുരം പൊത്തപ്പള്ളി തെക്ക് വൈഷ്ണവത്തിൽ രാകേഷ് കൃഷ്ണനെയാണ് (40) കാർത്തികപ്പള്ളി പുതുകുണ്ടത്തുള്ള ബന്ധുവീട്ടിൽനിന്ന് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കോൺഗ്രസ് അനുകൂല സംഘടനയായ എംപ്ലോയീസ് ഫ്രണ്ടിന്റെ ഹരിപ്പാട് ഗ്രൂപ് പ്രസിഡന്റാണ് ഇയാൾ. ആനക്കൊട്ടിലിൽ കാണിക്കയെണ്ണുന്നതിനിടെ കഴിഞ്ഞ 20ന് ആയിരുന്നു മോഷണശ്രമം നടന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി. കമീഷണർ ജയലക്ഷ്മിയുടെ നേതൃത്വത്തിൽ ജീവനക്കാർ കാണിക്കത്തുക എണ്ണി തരംതിരിച്ച് കെട്ടുകളാക്കി പെട്ടികളിൽ സൂക്ഷിച്ചിരുന്നു.
പണം കൊണ്ടുപോകാനായി ധനലക്ഷ്മി ബാങ്ക് ജീവനക്കാരെത്തിയപ്പോൾ നോട്ടുകെട്ടുകൾ മേശപ്പുറത്ത് നിരത്തി. തുടർന്ന് നാണയങ്ങൾ എണ്ണുന്നതിനിടെ, കാലിയായ പെട്ടികൾ മാറ്റിവെച്ചിടത്ത് രാകേഷ് കൃഷ്ണൻ സംശയാസ്പദമായ രീതിയിൽ ചുറ്റിത്തിരിയുന്നത് അസി. കമീഷണറുടെ ശ്രദ്ധയിൽപ്പെട്ടു.
അവിടെയുണ്ടായിരുന്ന പെട്ടികൾ ഇയാൾ മാറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെ അസി. കമീഷണർ തടയുകയും അതിൽനിന്ന് 32,000 രൂപ പിടി കൂടുകയും ആയിരുന്നു.
തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു. കുമാരപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽനിന്ന് 2021 ൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ഇയാൾ കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

