എക്സിമോസ് 2026; മികവിന്‍റെ പ്രദർശനവുമായി ബിഷപ്പ് മൂർ കോളജ്
text_fieldsമാവേലിക്കര: അറിവിന്റെ ആകാശത്ത് ആറു പതിറ്റാണ്ടിന്റെ തിളക്കവുമായി നിറഞ്ഞു നിൽക്കുന്ന മാവേലിക്കര ബിഷപ്പ് മൂർ കോളജ്, വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൻ പ്രദർശന മേളക്ക് ഒരുങ്ങുന്നു. ജനുവരി 15, 16 തീയതികളിൽ കോളജ് കാമ്പസിൽ സംഘടിപ്പിക്കുന്ന 'എക്സിമോസ് -2026ൽ വിജ്ഞാനവും വിനോദവും പകരുന്ന ധാരാളം സ്റ്റാളുകൾ ഉണ്ട്. മാറുന്ന ലോകത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ വരുംതലമുറയെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന രണ്ടു ദിവസത്തെ പരിപാടിയിൽ പൊതു ജനങ്ങൾക്കും സ്കൂൾ-കോളജ് വിദ്യാർഥികൾക്കും പ്രവേശനം ഉണ്ടായിരിക്കും.
ഐ. എസ്. ആർ.ഒ, കെൽട്രോൺ (ഡ്രോൺ, റോബോട്ടിക്സ്) തുടങ്ങി വമ്പൻമാർ ഉൾപ്പെടെയുള്ളവരുടെ മുപ്പതോളം സ്റ്റാളുകൾ പ്രദർശനത്തിൽ അണിനിരക്കും. അമ്പെയ്ത്ത്, കളരിപ്പയറ്റ് ആരോഗ്യ സൗന്ദര്യസംരക്ഷണ ശില്പശാല, തുടങ്ങി വൈവിധ്യമേറെയുള്ള ജനപ്രിയ പരിപാടികളും എക്സിമോസിന്‍റെ ഭാഗമാകും. സ്കൂൾ/കോളജ് വിദ്യാർഥികൾക്കായി മത്സരങ്ങളും ഉണ്ടായിരിക്കും.
രണ്ടു ദിവസവും കലാപ്രതിഭകൾ അണിനിരക്കുന്ന സാംസ്കാരിക സന്ധ്യയിൽ (സോൾ ഓഫ് കേരള) ചലച്ചിത്ര താരം വിനീത് വാസുദേവന്റെ ചാക്യാർ കൂത്ത്, കളരിപ്പയറ്റ്, മ്യൂസിക് ബാൻഡ് എന്നിവ ഉൾപ്പെടെയുള്ള കലാപ്രകടനങ്ങൾ അരങ്ങേറും. ഭക്ഷണ സ്റ്റാളുകളും, പുഷ്പഫല സസ്യങ്ങളുടെ വിപണനവും പ്രദർശനത്തിന്റെ ഭാഗമായി ഉണ്ടാകും. റിസർവ് ബാങ്ക് സ്റ്റാളിൽ പഴയ നോട്ടുകൾ മാറിയെടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
15ന് രാവിലെ 10.00ന് എം.എസ്. അരുൺകുമാർ എം.എൽ.എ. എക്സിമോസ് -2026 ഉദ്ഘാടനം നിർവഹിക്കും. പാർലമെന്ററി അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന 'സ്കിൽ കോൺക്ലേവിൽ' അനു എസ്. നായർ ഐ.എ.എസ്. (ഡെപ്യൂട്ടി സെക്രട്ടറി, റവന്യൂ വകുപ്പ് ) പ്രൊഫ. ഗബ്രിയേൽ സൈമൺ തട്ടിൽ ( മുൻ ഐ.ക്യു.എ.സി. കോർഡിനേറ്റർ, കേരള സർവകലാശാല) ടോം തോമസ് ( ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, കേരള സ്റ്റാർട്ടപ്പ് മിഷൻ) അഭിജിത്ത് ബി.നായർ (ഇൻഫ്ലുവൻസര്‍, സംരംഭകൻ) അനുരൂപ് സണ്ണി (ഡയറക്ടർ, ലീഡ്സ് ഐ. എ.എസ്.അക്കാദമി) എന്നിവർ പങ്കെടുക്കും.
പതിനൊന്നു മണിക്ക് ആരോഗ്യ സൗന്ദര്യ സംരക്ഷണം സംബന്ധിച്ച് ചലച്ചിത്ര മേക്കപ്പ് ആർട്ടിസ്റ്റ് ടിന്റു ഭദ്രൻ നയിക്കുന്ന ശില്പശാലയും ഉണ്ടായിരിക്കും. 12.30 മുതൽ നടക്കുന്ന പ്രദർശനത്തിൽ. റിസർവ് ബാങ്ക്, പോസ്റ്റ് ഓഫിസ്, കേരള പൊലീസ്, കയർഫെഡ്, ബിലീവേഴ്സ് മെഡിക്കൽ കോളജ്, അമ്പെയ്ത്ത്, ഗെയിം സോൺ, ഇന്റോ ടിബറ്റൻ ബോർഡർ പൊലീസ്, ഹോർട്ടി കോർപ്, ഫുഡ് കോർട്ടുകൾ, വനംവകുപ്പ്, മലബാർ ബോട്ടാണിക്കൽ ഗാർഡൻ, തഴക്കര കൃഷിഭവൻ, കുടുംബശ്രീ, മാവേലിക്കര ഫൈൻ ആർട്സ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മുപ്പതോളം സ്റ്റാളുകൾ ഉണ്ടായിരിക്കും.
15ന് നാലുമണിക്ക് സാഹിത്യ സംവാദത്തിൽ (ലിറ്റേറിയ) ബാബു രാമചന്ദ്രൻ (മാധ്യമപ്രവർത്തകൻ), ശ്രീപാർവതി, ബിനീഷ് പുതുപ്പണം (നോവലിസ്റ്റുകൾ) കെ. രേഖ, ഡോ.സജി കരിങ്ങോല (അധ്യാപകർ, എഴുത്തുകാർ) എന്നിവർ പങ്കെടുക്കും. ആറുമണിക്ക് മധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ, നൈപുണ്യവികസന കേന്ദ്രത്തിന്റെയും കലാസന്ധ്യയുടെയും ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിക്കും.
രണ്ടാം ദിവസം രാവിലെ പത്തിന് ഇന്റർ കൊളജീയറ്റ് നൃത്ത മൽസരം നടത്തും. മുപ്പതിനായിരം രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികളെ കാത്തിരിക്കുന്നത്. സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്കു 15000 രൂപയുടെ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. മൂന്നു മണിക്ക് പ്രമുഖ കവികൾ പങ്കെടുക്കുന്ന കവിയരങ്ങ് - 'പോയട്രീ കഫേ' കവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

