ജില്ല കോടതിപ്പാലം പൊളിക്കൽ; ട്രയൽറൺ വിജയം നഗരത്തിൽ ഗതാഗത നിയന്ത്രണം
text_fieldsനവീകരണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ല കോടതിപ്പാലത്തിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കാൻ ക്രെയിൻ ഉപയോഗിച്ച് സമീപത്ത് കോൺക്രീറ്റ് ബീമുകൾ സ്ഥാപിച്ചപ്പോൾ
ആലപ്പുഴ: പഴയ ജില്ല കോടതിപ്പാലം പൊളിച്ച് നവീകരിക്കുന്നതിന് മുന്നോടിയായി നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിന്റെ ട്രയൽറൺ വിജയകരം. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് പൊലീസിന്റെ സഹായത്തോടെ ട്രയൽറൺ ആരംഭിച്ചത്. പൊലീസ് ഔട്ട് പോസ്റ്റ് ജങ്ഷൻ, മുല്ലക്കൽ ഭാഗത്തുനിന്ന് ജില്ല കോടതിപ്പാലത്തിലേക്ക് എത്തുന്ന ഭാഗത്തും ബാരിക്കേഡ് ഉപയോഗിച്ച് വഴിയടച്ചാണ് ക്രമീകരണം ഒരുക്കിയത്. ഇതിന് പിന്നാലെ ജില്ല കോടതിപ്പാലത്തിലൂടെ കടന്നുപോകേണ്ട ഇരുചക്രവാഹനങ്ങളുൾപ്പെടെ മുഴുവൻ വാഹനങ്ങളും പുതിയ റൂട്ടിലേക്ക് വഴിതിരിച്ചുവിട്ടു.
ബുധനാഴ്ചയും ഗതാഗതം നിരീക്ഷിച്ചശേഷം കോടതിപ്പാലം നവീകരണം പൂർത്തിയാകുംവരെ ഈ റൂട്ടിലാകും കെ.എസ്.ആർ.ടി.സി ഉൾപ്പെടെ വാഹനങ്ങളുടെ സഞ്ചാരം. തുടക്കത്തിൽ എല്ലായിടത്തും ഗതാഗത നിയന്ത്രണത്തിന് പൊലീസിന്റെ സേവനവുമുണ്ടാകും. പിന്നാലെ ട്രാഫിക് വാർഡൻമാരെ നിയോഗിക്കാനാണ് തീരുമാനം. ആദ്യദിനം വലിയ കുരുക്കില്ലാതെ വാഹനങ്ങൾ കടന്നുപോയയെന്നതും ആശ്വാസമാണ്. ട്രയൽറൺ പൂർത്തിയായാൽ പൈലിങ് ജോലികൾ ആരംഭിക്കും.
പാലം നിർമാണത്തിന്റെ ഭാഗമായി മുല്ലക്കൽ ഭാഗത്തേക്ക് പോകുന്ന വഴിയോരത്തെ സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന കടകളടക്കമുള്ള കെട്ടിടങ്ങൾ അധികം താമസിയാതെ പൊളിക്കും. ഇതുസംബന്ധിച്ച് നോട്ടീസ് നൽകി. ഏഴ് മീറ്റർ വീതിയാണ് സ്ഥലം ഏറ്റെടുക്കുക. 90 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള പാലത്തിന് ആകെ 168 പൈലുകളാണുള്ളത്. ഇതിൽ 57എണ്ണത്തിന്റെ നിർമാണം പൂർത്തിയാക്കി പൈൽ ക്യാപ് പ്രവൃത്തികൾ ആരംഭിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വാടക്കനാലിന് കുറുകെ 120.52 കോടി രൂപ ചെലവിലാണ് പാലത്തിന്റെ പുനർനിർമാണം.
ഇനി യാത്ര ഇങ്ങനെ
ആലപ്പുഴയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചുങ്കം കല്ലുപാലം റോഡിന്റെ വടക്കുവഴി കമേഴ്സ്യൽ കനാൽ നോർത്ത് ബാങ്ക് റോഡിൽക്കൂടി ഇരുമ്പുപാലത്തിൽനിന്ന് വലതുതിരിഞ്ഞ് വൈ.എം.സി.എ ജങ്ഷനിൽനിന്ന് ഇടതുതിരിഞ്ഞു പോകണം. പുന്നമട ഭാഗത്തേക്കു പോകുന്നതും വരുന്നതുമായ വാഹനങ്ങൾ പൊലീസ് ഔട്ട്പോസ്റ്റിന് കിഴക്കുഭാഗത്തുള്ള ഡീവിയേഷൻ റോഡുവഴി പുന്നമട ഭാഗത്തേക്കും പുന്നമടയിൽനിന്ന് തിരിച്ചുവരുന്ന വാഹനങ്ങൾ ഡീവിയേഷൻ റോഡുവഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വഴി ചുങ്കം, കല്ലുപാലം റോഡിന്റെ വടക്കേ അപ്രോച്ച് വഴി കല്ലുപാലം വഴി പോകാം.
ഭാരംകുറഞ്ഞ വാഹനങ്ങൾക്ക് നഗരചത്വരം വഴി മിനി സിവിൽ സ്റ്റേഷൻ ഭാഗത്തേക്കും കോടതിഭാഗത്തേക്കും പോകണം. തണ്ണീർമുക്കം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാൻ കൈചൂണ്ടിമുക്കിൽനിന്ന് വലതുതിരിഞ്ഞ് കൊമ്മാടി പാലത്തിന്റെ കിഴക്കേക്കരയിൽ എ.എസ് കനാൽ ഈസ്റ്റ് ബാങ്ക് റോഡിൽ കൂടി വഴിച്ചേരി പാലം കയറി വഴിച്ചേരി മാർക്കറ്റ് ജങ്ഷനിൽനിന്ന് ഇടത് തിരിഞ്ഞ് പിച്ചുഅയ്യർ-എ.വി.ജെ ജങ്ഷൻ വഴി പഴവങ്ങാടി ജങ്ഷനിലെത്തി പോകാം.
ആലപ്പുഴയിൽനിന്ന് തണ്ണീർമുക്കം ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ചുങ്കം, കല്ലുപാലം റോഡിന്റ വടക്കേ അപ്രോച്ച് വഴി കമേഴ്സ്യൽ കനാൽ നോർത്ത് ബാങ്ക് റോഡിൽ കൂടി ഇരുമ്പുപാലത്തിൽനിന്ന് വലതു തിരിഞ്ഞ് വൈ.എം.സി.എ പാലം വഴി എ.എസ് കനാൽ ഈസ്റ്റ് ബാങ്ക് റോഡ് വഴി കൈചൂണ്ടിമുക്കിലെത്തി ഇടതുതിരിഞ്ഞു പോകണം. തെക്കുനിന്ന് വരുന്ന പ്രൈവറ്റ് ബസുകൾ ഇരുമ്പുപാലം വഴി വൈ.എം.സി.എ വഴി സ്വകാര്യ സ്റ്റാൻഡിലെത്തണം. പുന്നമട ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങൾ പൊലീസ് ഔട്ട്പോസ്റ്റിന് കിഴക്ക് ഭാഗത്തെ ഡീവിയേഷൻ റോഡ് വഴി പുന്നമട ഭാഗത്തേക്കും പുന്നമടയിൽനിന്നും തിരിച്ചു വരുന്ന വാഹനങ്ങൾ ഡീവിയേഷൻ റോഡ് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വഴി ചുങ്കം, കല്ലുപാലം റോഡിന്റെ വടക്കേ അപ്രോച്ച് വഴി കല്ലുപാലം വഴി പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

