ആലപ്പുഴ എ.ബി.സി സെന്റർ നിർമാണം അവസാനഘട്ടത്തിൽ
text_fieldsആലപ്പുഴ: ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ ആലപ്പുഴ നഗരസഭ സീവ്യൂ വാർഡിൽ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) സെന്റർ നിർമാണം അവസാനഘട്ടത്തിൽ. പ്രധാന കെട്ടിടത്തിന്റെയും നായ്ക്കളുടെ കൂടുകൾ സ്ഥാപിക്കാനുള്ള ഷെഡിന്‍റെയും നിർമാണം ഉൾപ്പെടെ 90 ശതമാനവും പൂർത്തിയായി. കൂടുകൾ സ്ഥാപിക്കാനുള്ള രണ്ടാമത്തെ ഷെഡിന്‍റെ നിർമാണവും അവസാനഘട്ടപണികളും മാത്രമാണ് ബാക്കിയുള്ളത്.
ആലപ്പുഴ നഗരസഭയിലെയും അമ്പലപ്പുഴ, കുട്ടനാട് ബ്ലോക്കുകളിലെയും തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിൽ എ.ബി.സി സെന്‍ററിന്‍റെ പ്രവർത്തനം ആരംഭിക്കാനുള്ള നടപടി ദ്രുതഗതിയിൽ സ്വീകരിക്കുന്നതായി ജില്ല മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെ. സുൽഫിക്കർ പറഞ്ഞു.
ജില്ലയിലെ തെരുവുനായ് ശല്യത്തിന് ശാശ്വതപരിഹാരം കാണാനും തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെ പ്രതിരോധ നടപടികൾക്കുമായി കണിച്ചുകുളങ്ങരയിൽ ആരംഭിച്ച എ.ബി.സി സെന്ററിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നു. ഡിസംബർവരെയുള്ള കണക്കുകൾ പ്രകാരം 853 നായ്ക്കളെ ഇവിടെ വന്ധ്യംകരണം നടത്തി.
കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്ക് പഞ്ചായത്തുകളിലെയും ചേർത്തല നഗരസഭയിലെയും തെരുവ് നായ്ക്കളെയാണ് സെന്ററിൽ വന്ധ്യംകരിക്കുന്നത്.വെറ്ററിനറി സർജൻ ഡോ. പി.എസ്. ശ്രീജയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. തെരുവുനായ്ക്കളെ പിടിക്കുന്നതിനായി ആറുപേർ അടങ്ങിയ നായ് പിടിത്ത സംഘവുമുണ്ട്. പകർച്ചവ്യാധിയുള്ള നായ്ക്കളെ ചികിത്സ നടത്തി മാത്രമേ തിരിച്ചുവിടൂ. ആന്റിബയോട്ടിക് ചികിത്സയും പേവിഷബാധക്ക് എതിരെ കുത്തിവെപ്പും നൽകും. ഇവക്കുളള ഭക്ഷണവും സെന്ററിൽനിന്നാണ് നൽകുക. ശസ്ത്രക്രിയ നടത്തിയ നായ്ക്കളുടെ പരിചരണത്തിന് രാത്രി ഒരു സഹായിയുടെ സേവനവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

