ജ്വല്ലറിയിൽ മോഷണം: യുവതി പിടിയിൽ
text_fieldsചേർത്തല: ജ്വല്ലറിയിൽ മോഷണം നടത്തിയ യുവതിയെ പൊലീസ് പിടികൂടി. എറണാകുളം പച്ചാളം പീപ്പിൾസ് റോഡ് ഗോപികയെയാണ് (21) ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ദേവീക്ഷേത്രത്തിന് പടിഞ്ഞാറ് വശം പടയണി പാലത്തിന് സമീപമുള്ള വി ജോൺ സ്വർണ വ്യാപാരശാലയിൽനിന്നാണ് കഴിഞ്ഞ 15ന് യുവതി മോതിരം മോഷ്ടിച്ചത്. ഒറ്റക്കെത്തിയ ഗോപിക മൂന്ന് ഗ്രാം തൂക്കമുള്ള മോതിരവുമായി കടന്നുകളയുകയായിരുന്നു.
കടയിലുണ്ടായിരുന്ന ഉടമ ജിതേജ് ഫോൺ വിളിക്കുന്നതിനിടെ ഗോപിക സ്വർണ മോതിരം വിരലിലിടുകയും മറ്റൊരു വിരലിൽ കിടന്ന ഡ്യൂപ്ലിക്കേറ്റ് മോതിരം പകരം വെക്കുകയുമായിരുന്നു. പിറ്റേദിവസമാണ് കബളിപ്പിക്കപ്പെട്ടു എന്ന് ഉടമ കണ്ടെത്തിയത്. തുടർന്ന് കടക്കുള്ളിലെ സി.സി.ടി.വി തെളിവുകളോടെ ചേർത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടിയത്.

